ലോകസുന്ദരി കിരീടം ചൂടാൻ ഇതാ ഇന്ത്യയുടെ അനുക്രീതി!

ചിത്രം കടപ്പാട്: അനുക്രീതി വാസ് ഫെയ്സ്ബുക്ക്

എനിക്ക് രണ്ടാമതൊരു കിരീടംകൂടി വേണം–മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടശേഷം അനുക്രീതി വാസ് പറഞ്ഞ വാക്കുകൾ സഫലമാകുമോ എന്ന കാത്തിരിപ്പിലാണ് രാജ്യം. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ചൈനയിലെ മിസ് വേൾഡ് വേദിയിൽ മാനുഷി ഛില്ലർ എന്ന ഹരിയാനക്കാരി ഇന്ത്യയുടെ അഭിമാനതാരമായി ഉദിച്ചത്. ഇത്തവണ നിയോഗം തമിഴ്നാട്ടുകാരി അനുക്രീതിക്ക്.

മിസ് വേൾഡ് 2018 മത്സരത്തിലെ അവസാന 30 പേരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതോടെ മാനുഷിയുടെ കൈകളിൽനിന്ന് കിരീടം ഏറ്റുവാങ്ങുന്നത് താനായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മിസ് ഇന്ത്യ അനുക്രീതി വാസ്. 

പെർഫക്‌ട് മേക്ക്‌ഓവർ

തുടർച്ചയായ അഞ്ചാം വർഷവും ഡിസൈനർ റോക്കി സ്‌റ്റാർ ആണ് മിസ് ഇന്ത്യയുടെ സ്‌റ്റൈലിസ്‌റ്റ്. മേക്കപ്, വസ്‌ത്രധാരണം, ഹെയർസ്‌റ്റൈൽ തുടങ്ങിയവയിലെല്ലാം അനുക്രീതി മികച്ച തയാറെടുപ്പാണ് നടത്തിയിരിക്കുന്നതെന്ന് റോക്കി പറയുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൂമിങ് എക്‌സ്‌പേർട്ടുകളും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർമാരുമാരും നൽകിയ പരിശീലനത്തിലൂടെ മികച്ച മേക്ക്‌ഓവറിലാണ് അനുക്രീതി ചൈനയിലേക്കു വിമാനം കയറിയത്. എങ്ങനെ ചിരിക്കണം എന്നുതുടങ്ങി ക്യാമറയ്‌ക്ക് മുന്നിൽ ഏത് ആംഗിളിൽ പോസ് ചെയ്യണമെന്നുവരെയുള്ള പരിശീലനമാണ് മിസ് ഇന്ത്യക്കു നൽകിയത്. 

ചിത്രം കടപ്പാട്: അനുക്രീതി വാസ് ഫെയ്സ്ബുക്ക്

ബോളിവുഡ് താരം ദീപിക പദുക്കോണിന്റേതു പോലെ ഡസ്‌കി സ്‌കിൻ ടോണാണ് അനുക്രീതിയുടെ അനുഗ്രഹം. ഏതു നിറത്തിലുള്ള വസ്‌ത്രവും ഈ സ്‌കിൻ ടോണുകാർക്ക് യോജിക്കുമെന്നതിനാൽ ഡിസൈൻമാർക്ക് ധൈര്യമായി പരീക്ഷണം നടത്താം. സിംപിൾ മേക്കപ് ആണെങ്കിലും സ്‌കിൻടോണിന്റെ പ്രത്യേകതകൊണ്ട് മുഖം ഹൈലൈറ്റ് ചെയ്യപ്പെടുമെന്നതിനാൽ മേക്കപ്പിന്റെ കാര്യത്തിലും ആശങ്ക വേണ്ട. അനുക്രീതിയുടെ പുഞ്ചിരിയാണ് മറ്റൊരു ഹൈലൈറ്റ്. മിസ് ഇന്ത്യ മത്സരത്തിൽ മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ പട്ടവും അനുക്രീതി നേടിയിരുന്നു.

മിസ് വേൾഡ് വാഡ്രോബ്

തരുൺ തഹിലിയാനി, അഭിഷേക് ഷർമ, മോനിഷ ജെയ്‌സിങ്, നീത ലുല്ല, അബു ജാനി ആൻഡ് സന്ദീപ് ഖോസ്‌ല, ഗൗരവ് ഗുപ്‌ത, ഫൽഗുനി ആൻഡ് ഷെയ്‌ൻ പീക്കോക്ക് തുടങ്ങി ഇന്ത്യൻ ഫാഷൻ രംഗത്തെ ഒന്നാംനിരക്കാരാണ് മിസ് വേൾഡ് വാർഡ്‌റോബ് ഒരുക്കുന്നത്. കന്റംപ്രറി ഫാഷൻ രംഗത്ത് ഏറെ ശ്രദ്ധേയനായ ഗൗരവ് ഗുപ്‌തയുടെ ചുവപ്പ് നിറത്തിലുള്ള ഔട്ട്‌ഫിറ്റാണ് ടോപ് മോഡൽ റൗണ്ടിൽ അനുക്രീതി ധരിക്കുക.

ചിത്രം കടപ്പാട്: അനുക്രീതി വാസ് ഫെയ്സ്ബുക്ക്

ഫിനാലെ ഗൗൺ ഡിസൈൻ ചെയ്‌തിരിക്കുന്നത് ഫൽഗുനി ആൻഡ് ഷെയ്‌ൻ. കഴിഞ്ഞ വർഷം മാനുഷി ഛില്ലറിനായി 5 ലക്ഷം രൂപയുടെ മിലേനിയം പിങ്ക് ഫിനാലെ ഗൗൺ തയാറാക്കിയതും ഫൽഗുനി തന്നെ. ഇത് ഏറെ പ്രശംസ നേടിയിരുന്നു. ഇക്കുറി മിസ് വേൾഡ് കീരിടവഴിയിൽ അനുക്രീതിക്ക് ഇവരുടെ ഡിസൈനർ മികവ് അലങ്കാരമാകും.