സെൽഫിയെയും ഫാഷൻ ഷോയിലെടുത്തു!!

സാധാരണയായി ഫൊട്ടോഗ്രാഫർമാർക്ക് വിരുന്നാണ് ഓരോ ഫാഷൻ ഷോയും. കണ്ണ‍ഞ്ചിപ്പിക്കുന്ന സൗന്ദര്യക്കാഴ്ചകളായിരിക്കും കണ്മുന്നിൽ നിറയെ. തങ്ങളുടെ ഏറ്റവും കിടിലൻ ചിത്രങ്ങൾ ലഭിക്കാനായി മോഡലുകളും റാംപിൽ തകർപ്പൻ പ്രകടനമായിരിക്കും. പക്ഷേ ഇറ്റലിയിൽ നടന്ന മിലാൻ ഫാഷൻ വീക്കിൽ ഇത്തവണ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. അവിടെ ഡോൽഷെ ആൻഡ് ഗബാന ഫാഷൻ ഹൗസിന്റെ സ്പ്രിങ്/സമ്മർ 2016 കലക്‌ഷൻസ് അവതരിപ്പിച്ചപ്പോൾ മോഡലുകളൊന്നും ഫൊട്ടോഗ്രാഫർമാരുടെ േനരെപ്പോലും നോക്കിയില്ല. പകരം റാംപിലൂടെ നടന്നു നീങ്ങുന്നതിനിടെ സ്വന്തം മൊബൈൽ ഫോണിൽ സെൽഫിയെടുക്കലായിരുന്നു പലരുടെയും ജോലി.

ചിലർ നടക്കുന്നതിനിടെ സെൽഫിയെടുത്തപ്പോൾ മറ്റു ചിലർ നടത്തം നിർത്തി അടിപൊളി പോസൊക്കെയിട്ട് സെൽഫി പിടിത്തമായി. മറ്റുചിലർക്കാകട്ടെ ഗ്രൂപ്പ് സെൽഫിയോടായിരുന്നു പ്രിയം. ഇങ്ങനെ റാംപിലാകെ സെൽഫി മയം. മാത്രവുമല്ല ഷോ കാണാനെത്തിയവരോടും അവരുടെ സെൽഫികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തൊക്കെയാണെങ്കിലും സെൽഫി ഷോ ഫാഷൻലോകത്തെ സംസാരവിഷയമായി. ചന്തയുടെയും കാടിന്റെയും കടൽത്തീരത്തിന്റെയും എന്തിന് വേസ്റ്റ് ഡംപിങ് യാർഡ് വരെ തീം ആക്കി ഫാഷൻ ഷോ സംഘടിപ്പിക്കാറുണ്ട്. പക്ഷേ സെൽഫി തീം ആയി ഇത്തരത്തിലൊന്ന് ഇതാദ്യാ...എന്നാണിപ്പോള്‍ ഫാഷൻ ലോകത്തെ സംസാരം തന്നെ.

1950കളിലെ ഒരു ഇറ്റാലിയൻ ഫാഷൻ സ്ട്രീറ്റിന്റെ മാതൃകയിലായിരുന്നു ഷോയുടെ സെറ്റ് ഒരുക്കിയത്. വിദേശികൾക്കു മുന്നിൽ ഇറ്റലി എങ്ങനെയായിരിക്കും എന്നതാണ് ഡോൽഷെ ആൻഡ് ഗബാന ടീം 90 ഫാഷൻ വിഭവങ്ങളിലൂടെ ലോകത്തിനു മുന്നിലെത്തിച്ചത്. ഇറ്റാലിയ ഈസ് ലവ് എന്നു പേരിട്ട ഷോയ്ക്ക് പ്രചോദനമായതും 1950ലെ ഇറ്റാലിയൻ ഫാഷനായിരുന്നു. വസ്ത്രങ്ങളിലും ബാഗുകളിലും ചെരിപ്പുകളും ശിരോഅലങ്കാരത്തിലുമെല്ലാം ഇറ്റലിയുടെ സാംസ്കാരികത്തനിമ നിറഞ്ഞു. യുദ്ധകാലമായിരുന്നതിനാൽ പണ്ടുള്ളവർ തങ്ങൾക്ക് ലഭിക്കുന്നതെന്തായാലും അതുപയോഗിച്ചായിരുന്നു വസ്ത്രങ്ങളും ബാഗുകളുമെല്ലാം നിർമിച്ചിരുന്നത്. അതിനെ ഓർമിപ്പിക്കും വിധം ചെറുനാരങ്ങയുടെ ആകൃതിയിലുള്ള പ്ലാസ്റ്റിക് കമ്മൽ വരെയുണ്ടായിരുന്നു സെൽഫിയെടുക്കാനുള്ള മൊബൈലിനുമുണ്ടായിരുന്നു കിടിലൻ ഡിസൈനർ കവറുകൾ.

വസ്ത്രങ്ങളിലാകട്ടെ ഇറ്റലിയിലെ ടൂറിസ്റ്റ് സ്പോട്ടുകളുടെ ചിത്രങ്ങളും. പിസായിലെ ചെരിഞ്ഞ ഗോപുരവും റോമിലെ കൊളോസിയവുമൊക്കെ ഡിസൈനുകളായി തിളങ്ങി. ഇങ്ങനെ വിദേശികൾ ഇറ്റലിയിൽ കാണുന്നതെന്ത് എന്ന മട്ടിലാണ് ഡോൽഷെ ആൻഡ് ഗബാന ഫാഷൻ കാഴ്ചകളൊരുക്കിയത്. അതോടൊപ്പം തന്നെ ഓരോ മോഡലിനും തങ്ങളുടെ വേഷത്തിൽ എത്രമാത്രം സുന്ദരിയാണെന്ന് വേദിയിൽ വച്ചുതന്നെ അഭിമാനം കൊള്ളാൻ സെൽഫി പദ്ധതി കൂടി അവതരിപ്പിച്ചതോടെ സംഗതി ഡബിൾ ഹിറ്റ്.