ഐശ്വര്യ വോഗ് മാഗസിൻ കവർഗേൾ

ഐശ്വര്യ റായ് ബച്ചൻ

ഞാൻ ഇതാ ഇവിടെത്തന്നെയുണ്ട് എന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചുകൊണ്ടിരിക്കും ഐശ്വര്യ റായ് ബച്ചൻ. അല്ലെങ്കിൽ സെലിബ്രിറ്റികൾ കൂടുന്ന ഇടത്തിൽ നാം ഐശ്വര്യയെ തിരഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ടല്ലേ സിനിമയിൽനിന്ന് മാറി നിന്ന് അഞ്ചു വർഷങ്ങളായിട്ടും നമ്മളൊക്കെ ഐശ്വര്യയെ ഓർമിച്ചുകൊണ്ടിരിക്കുന്നത്. 41-ാംവയസിൽ, മറ്റേതു സെലിബ്രിറ്റിയുംതടിച്ചുരുണ്ട്വീടിനുള്ളിൽ ഒതുങ്ങുമ്പോഴാണ് കൗമാരക്കാരിയുടെ ഗ്ലാമറിൽ ഐശ്വര്യ ഫാഷൻ ലോകത്തു നിറയുന്നത്.

വോഗ് ഇന്ത്യ മാഗസിന്റെ മാർച്ച് ലക്കം കവർ പേജിലെ ഐശ്വര്യയാണിപ്പോൾസംസാരവിഷയം. എന്തൊരു സെക്സി, എത്ര ഫാഷനബിൾ, എന്തൊരു ഗ്രെയ്സ് എന്നൊക്കെ പതിവുപോലെ ആരാധകർ പറഞ്ഞുകൊണ്ടിരിക്കുന്നു. എഴുപതുകളിലെനെറ്റിയിലേക്കു വെട്ടിയിറക്കി കിടക്കുന്ന സ്റ്റൈലിലുള്ള ഹെയർ സ്റ്റൈൽ, ടോമി ഹിൽഫിഗർ ഫർ ജാക്കറ്റ്, ബ്ലാക്ക് സെയ്ന്റ് ലോറന്റ് ബ്ലൗസ് ഇതൊക്കെയാണു ഐശ്വര്യയെ സെക്സിയും സുന്ദരിയുമാക്കിയത്. വോഗ് ഇന്ത്യ ഫാഷൻ ഡയറക്ടർ അനൈറ്റ ഷ്റോഫ് അഡ്ജാനിയ ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ. മാർക്ക് ഹോമിന്റെ ക്യാമറ കൂടി ചേർന്നതോടെ ഐശ്വര്യ ദേവതയായി.

ഏതൊരു ഉദ്യോഗസ്ഥയെയും പോലെ ഞാനും മറ്റേണിറ്റി ലീവിലാണ്. അതേ സമയം തന്നെ മറ്റേണിറ്റി ലീവിന്റെ ആറാം മാസം മുതൽ ജോലി ചെയ്യുന്നുമുണ്ട്. സിനിമ ഒഴികെ പരസ്യങ്ങളിലും കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള രാജ്യാന്തര ചടങ്ങുകളിലും സ്ഥിരം സാന്നിധ്യമായ ഐശ്വര്യ പറയുന്നു. വോഗ് മാഗസിന്റെ കവർ പേജിലെ സാന്നിധ്യം സിനിമയിലേക്കുള്ള വരവിന്റെ തുടക്കമാണെന്നൊന്നും ഐശ്വര്യ സമ്മതിക്കുന്നില്ല. നിഷേധിക്കുന്നുമില്ല.

സുന്ദരമായ മുഖ്യസാന്നിധ്യമായി മാത്രം ഒതുങ്ങിക്കൂടാൻ എനിക്കാവില്ല. അതിനും മേൽ എന്തെങ്കിലുമൊക്കെ ചെയ്യണം. 12 വർഷങ്ങൾക്കു ശേഷം വോഗ് മാഗസിന്റെ കവർ ഗേളായി എത്തുമ്പോൾ ഇത് മികച്ച സമയം തന്നെയെന്നു തോന്നിപ്പോകുന്നു. ഐശ്വര്യ സന്തോഷം മറച്ചു വയ്ക്കുന്നില്ല. മകൾ ആരാധ്യയുടെ ജനനത്തോടെ 2011ലാണ് ഐശ്വര്യ സിനിമയിൽനിന്നു താൽക്കാലിക ലീവ് എടുത്തത്.