കാനിലെ 13 ഐശ്വര്യവർഷങ്ങൾ

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇത്തവണ ഐശ്വര്യയുടെ പതിനാലാം വരവാണ്. 2002 മുതൽ 2014 വരെ 13 വർഷങ്ങളാണ് ഐശ്വര്യ റായ് ബച്ചൻ റെഡ് കാർപറ്റിൽ ചുവടു വച്ചത്. ഒന്നും അറിയാത്തൊരു കുട്ടിയിൽനിന്ന് കംപ്ലീറ്റ് മോഡലിലേക്കുള്ള പരിണാമം കാണാം ഈ വർഷങ്ങളിൽ.

∙2002∙ റെഡ് കാർപറ്റിലെത്തിയ ആഷിനെ ദേവ്ദാസ് സിനിമയിലെ നായികയെപ്പോലെ തോന്നിച്ചു. അല്ലെങ്കിൽ ഒരു വെഡിങ് ഫങ്ഷനിൽ പങ്കെടുക്കും പോലെ. മഞ്ഞ സാരി, സ്ലീവ് തീരെക്കുറഞ്ഞ ബ്ലൗസും. ഇന്ത്യൻ സ്റ്റൈലിൽ കഴുത്തിലും കാതിലുമൊക്കെ നിറയെ സ്വർണാഭരണങ്ങളും. ഇന്ത്യൻ സിനിമയിൽ് അതൊക്കെയാവാം. പക്ഷേ റെഡ് കാർപറ്റിൽ ഇങ്ങനെയാണോ വരേണ്ടത്. കൈ കൂപ്പി നമസ്തെ പറയുന്ന ആഷ് ദേവതയെപ്പോലെ സുന്ദരിയായിരുന്നെങ്കിലും അത്ര കയ്യടിയൊന്നും കിട്ടിയില്ല.

∙2003∙ അണിഞ്ഞ എല്ലാ വേഷവും കുളമാക്കിയ വർഷമായിരുന്നു ഐശ്വര്യയ്ക്ക് 2003. ജൂറി അംഗമായെത്തിയ ഐശ്വര്യ പാദം വരെ നീളുന്ന കറുത്ത ഗൗണാണു ധരിച്ചത്. മുടി സ്ട്രെയ്റ്റെൻ ചെയ്തിരുന്നു. ആളുകൾക്ക് ആ ലുക്ക് ഇഷ്ടപ്പെട്ടില്ല. ഇതെന്ത് ഐശ്വര്യ എന്നാണ് കണ്ടവർ പറഞ്ഞത്. അടുത്ത ദിവസം എത്തിയത് മഞ്ഞ ഗൗണിൽ. സ്ട്രാപ് ഇല്ലാത്തഗൗൺ തന്നെ. കാതിൽ തൂങ്ങിക്കിടക്കുന്ന ജിമിക്കി, കഴുത്തിൽ വിലപിടിപ്പുള്ള സ്വർണാഭരണം എന്നിവ അണിഞ്ഞ് ഐശ്വര്യ കുളമാക്കി. ഓഫ് ഷോൾഡർ ലുക്കിനെ നശിപ്പിക്കാൻ കഴുത്തിലെ സ്വർണാഭരണത്തിനു കഴിയുമെന്നത് ഐശ്വര്യ കണക്കാക്കിയതേയില്ല. മുടിയാണെങ്കിൽ പരത്തി കെട്ടി ഒട്ടിച്ചു വച്ചതുപോലെ. ഐശ്വര്യച്ചന്തമില്ലാത്ത ഒരു വരവായിരുന്നു അത്. 2003ൽ തന്നെ ഐശ്വര്യ കാനിൽ പാരറ്റ് ഗ്രീൻ സാരി ധരിച്ച് എത്തിയപ്പോഴാണ് ഏറ്റവും മോശമായതെന്നു പറയുന്നവരുണ്ട്. ആഷിന്റെ ഹെയർസ്റ്റൈൽ ചെയ്തയാളെ തല്ലണമെന്നുവരെ ആവശ്യമുയർന്നു. മുനിമാരെപ്പോലെ മുടി ചുരുട്ടി മുകളിൽ കെട്ടിവച്ചാണ് ആഷ് അന്നു വന്നത്. മറ്റൊരു ദിവസം ഐശ്വര്യ വന്നത് കർട്ടൻ വെട്ടിത്തയ്ച്ച പാവാട പോലുള്ള വേഷമിട്ടാണ്. നാടകസ്റ്റേജിനെ ഓർമിപ്പിച്ചു ആ വരവ്.

∙2004∙ നീത ലുല്ല ഡിസൈൻ ചെയ്ത കട്ട് ഔട്ട് ഗൗൺ അണിഞ്ഞാണ് ആഷ് എത്തിയത്. ഒന്നാന്തരം വെസ്റ്റേൺ ഫാഷൻ. മാറിടവും പുറവും വയറുമെല്ലാം നന്നായി ഏടുത്തു കാണിക്കും. വേഷം കൊള്ളാം. പക്ഷേ ഇന്ത്യൻ ലുക്ക് തീരെ കുറഞ്ഞു പോയോ. ആ ഗൗൺ നന്നായോ മോശമായോ എന്ന വിമർശനം ഇന്നും തുടരുന്നു. എന്നാലും ഐശ്വര്യ വേറിട്ടു നിന്നു. മാലാഖയെപ്പോലെ.

∙ 2005∙ സ്റ്റൈലൻ ബ്ലാക്ക് ഗൗൺ അണിഞ്ഞാണെത്തിയത്. സ്റ്റേറ്റ്മെന്റ് ആഭരണമായി കമ്മൽ മാത്രം. ഫാബുലസ് എന്നാണു കണ്ടവർ പറഞ്ഞത്. 2005ൽ തന്നെ ഐശ്വര്യ അണിഞ്ഞ ഫ്ലോറൽ ഗൗൺ കാൻ മേളയിലെ താരമായി. സ്ഥിരം ബ്ലാക്ക്, വൈറ്റ്, ആഷ് നിറങ്ങൾ മാത്രം കണ്ടു ശീലിച്ച കാൻ മേളയെ റിഫ്രഷ് ചെയ്യുന്നതായി ഫ്ലോറൽ ഗൗൺ.

∙ 2006∙ നേവി ബ്ലൂ ഗൗൺ അണിഞ്ഞാണ് ഐശ്വര്യ വന്നത്. അതും സ്ട്രാപ്ലെസ് ഗൗൺ ആയിരുന്നു. അതിനു മുൻപത്തെ വർഷങ്ങളിലെ മോശം വരവിനെ മറക്കാൻ ഇടവരുത്തുന്ന വരവായിരുന്നു അത്. തലയുടെ ഇരുവശത്തേക്കും ചീകിയ കോലൻ മുടി പാറിപ്പറന്ന് സൗന്ദര്യത്തിനു മാറ്റുകൂട്ടി. നെക്ലേസ് പാമ്പിനെപ്പോലെ ചുറ്റിക്കിടന്നു . മെലിഞ്ഞ ഐശ്വര്യയെ കാണികൾ അപ്പോഴേ കണ്ണിലെടുത്തു. അടുത്ത ദിവസം അണിഞ്ഞ മുൻപി്ൽ ഞൊറികളുള്ള ബ്ലാക്ക് ഗൗണിൽ ഐശ്വര്യ മൽസ്യ കന്യകയെപ്പോലെ തോന്നിച്ചു.

∙ 2007∙ അഭിഷേക് ബച്ചനൊപ്പമാണ് ആഷ് റെഡ് കാർപ്പറ്റിലെത്തിയത്. വൈറ്റ് ഗൗണിനു മാറ്റു കൂട്ടാൻ ഡയമണ്ട് നെക്ക്ലേസ്. എന്തൊരു ഗ്രെയ്സ് എന്ന് ആളുകൾ പറഞ്ഞു.

∙2008∙ അഭിഷേക് ബച്ചന്റെ കൈ പിടിച്ചെത്തിയ ഐശ്വര്യ ഗോൾഡൻ നിറത്തിലുള്ള ഗൗൺ ആണു ധരിച്ചത്. അടുത്ത ദിവസം ബ്ലാക്ക് ഗൗണിൽ സെക്സിയായി ചുവടുവച്ചു. മൂന്നാം ദിനം ധരിച്ച മജന്ത ഗൗണും വാനോളം സ്തുതി കേട്ടു.

∙ 2009∙ നിലത്തുകിടന്നിഴയുന്ന ഗൗണായിരുന്നു ഒരറ്റത്ത്. മറ്റേയറ്റത്ത് ലോകത്തെ സ്വപ്നാടനത്തിലാഴ്ത്തിക്കുന്ന മുഖവും. സൗന്ദര്യത്തിന്റെ അഴകളവുകൾ പറഞ്ഞുതന്ന ഗൗൺ റോബർട്ടോ കാവല്ലി ഡിസൈൻ ചെയ്ത സ്ട്രാപ്ലെസ് ഗൗൺ ആയിരുന്നു. നടുവിൽ നിന്ന് ഇരുവശത്തേക്കും ചീകിയൊതുക്കിയ ചുരുണ്ട മുടി. രണ്ടാം ദിനം അണിഞ്ഞത് എല്ലി സാബ് ഡിസൈൻ ചെയ്ത വൺ ഷോൾഡർ ഗ്രേ ഗൗൺ. രണ്ടു വേഷത്തിലും ഐശ്വര്യ തകർത്തു.

∙2010∙ എല്ലി സാബ് ഐശ്വര്യയുടെ ഇഷ്ട ഡിസൈനർ ആയതുപോലെ തോന്നിച്ചു ആ വയലറ്റ് ഗൗൺ കണ്ടപ്പോൾ. *പിന്നിലേക്കു നീളുന്ന ട്രെയ്നും ഷോൾഡറും ഹെയർ സ്റ്റൈലും ചേർന്നപ്പോൾ ഐശ്വര്യ ഒരു ഗ്രീക്ക് ദേവതയെപ്പോലെ തോന്നിച്ചു. അടുത്ത രണ്ടു ദിവസങ്ങളിൽ ബ്ലാക്ക് ഗൗണിലാണ് ആഷ് മിന്നിയത്. പിന്നെ ഗോൾഡൻ ഡിസൈനർ സാരിയിലും ഐശ്വര്യ തിളങ്ങി.

∙2011∙ എല്ലി സാബ് ഒരുക്കിയ വൺ ഷോൾഡർ ഡ്രസിൽ ഐശ്വര്യ കാനി്ന്റെ മനം കവർന്നു. പിന്നീട് വൈറ്റ് നേവി ബ്ലൂ കോംബിനേഷനിലുള്ള ജിയോമെട്രിക് അർമാനി പ്രൈവ് വേഷത്തിലെത്തി. ഐശ്വര്യ ഗർഭിണിയാണെന്ന വാർത്ത അധികം വൈകാതെയെത്തി.

∙2012∙ പ്രസവശേഷമുള്ള കാൻ അപ്പിയറൻസിൽ തടിച്ച ശരീരവുമായാണ് ആഷ് എത്തിയത്. എല്ലി സാബ് ഡിസൈൻ ചെയ്ത ഗ്രേ ഗൗണിൽ ആഷ് കൂടുതൽ തടിച്ചിരുന്നു. വൈറ്റ് സ്കർട്ടും എംബ്രോയ്ഡറിയുള്ള ജാക്കറ്റും തീരെ ശ്രദ്ധിക്കപ്പെട്ടില്ല. ആഷിന്റെ കാലം കഴിഞ്ഞെന്നു വരെ വിമർശകർ വിധിയെഴുതി.

∙2013 ∙ സൗന്ദര്യ ദേവതയുടെ തിരിച്ചു വരവാണ് 2013 കണ്ടത്. എല്ലി സാബ് ഡിസൈൻ ചെയ്ത ഇലക്ട്രിക് ബ്ലൂ ഗുച്ചി പ്രീമിയർ ഗൗൺ, ബ്ലാക്ക് ആൻഡ് ഗ്രേ ഗൗൺ, ഫ്ലോർ ലെങ്ത് നീളുന്ന ഹെവി എംബ്രോയ്ഡറി വർക്ക് ചെയ്ത വൈറ്റ് അനാർക്കലി. കണ്ണെടുക്കാനാവാതെ ജനം തരിച്ചുനിന്നു. എന്നാൽ രാത്രി പാർട്ടിയിൽ അണിഞ്ഞ ബ്ലാക്ക്, ഗോൾഡൻ സബ്യസാചി ലംഹംഗ സാരികൾ ഏറെ പഴി കേട്ടു.

∙2014 ∙ പ്രസവാനന്തരമുള്ള മടങ്ങിവരവിന്റെ പൂർണതയായിരുന്നു 2014. റോബർട്ടോ കാവല്ലി ഡിസൈൻ ചെയ്ത ഓഫ് ഷോൾഡർ ഗോൾഡൻ ഗൗൺ, വൈറ്റ് സ്ലീവ്ലെസ് ഗൗൺ രണ്ടും ഒന്നാന്തരമായി. ഗോൾഡൻ നിറമുള്ള ഗൗൺ ഓൺലൈൻ വോട്ടിങ്ങിൽ കാനിലെ ഏറ്റവും സുന്ദര വേഷമായി തിരഞ്ഞെടുക്കപ്പെട്ടു.