ഞാനുണ്ട് കൂടെ ; കർഷകർക്ക് ധനസഹായവുമായി അക്ഷയ്കുമാർ

അക്ഷയ് കുമാർ

സമ്പന്നതയുടെയും സൗഭാഗ്യത്തിന്റെയും ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴും സഹജീവികളോ‌ട് ദയയും അനുകമ്പയും കാണിക്കാനുള്ള മനസു തന്നെയാണ് ഏറ്റവും മഹത്തരം. സിനിമാ പ്രവർത്തകരിലേറെയും സഹായ ഹസ്തം നീട്ടാൻ സന്നദ്ധത കാണിക്കുന്നവരാണ്. ആക്ഷൻ സ്റ്റാർ അക്ഷയ് കുമാർ പണ്ടേ പാവങ്ങള്‍ക്കു വേണ്ടി സഹായിക്കാൻ യാതൊരു മടിയുമില്ലാത്തയാളാണ്. മഹാരാഷ്ട്രയിൽ വരൾച്ച മൂലം ദുരിതം അനുഭവിക്കുന്നവർക്കായി 50 ലക്ഷം രൂപയാണ് താരം ഇപ്പോള്‍ നൽകിയിരിക്കുന്നത്. നേരത്തെ 90 ലക്ഷം നൽകിയതിനു പുറമെയാണിത്.

മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ജൽയുക്ത് ശിവർ അഭിയാൻ എന്ന ജലസംഭരണ പദ്ധതിയ്ക്കു വേണ്ടിയാണ് അക്ഷയ് പണം കൈമാറിയത്. അക്ഷയ് കുമാറിന്റെ പിന്തുണയ്ക്കും സ്നേഹത്തിനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നന്ദി പറയുകയും ചെയ്തു. നേരത്തെ ആത്മഹത്യ ചെയ്ത 18ഓളം കർഷകരുടെ കുടുംബങ്ങള്‍ക്ക് 90 ലക്ഷം രൂപ ധനസഹായമായി അക്ഷയ് കുമാർ കൈമാറിയിരുന്നു. അക്ഷയ്ക്കു പുറമെ ബോളിവുഡില്‍ നിന്നും നാനാ പടേക്കറും ആമിർ ഖാനുമെല്ലാം കർഷകർക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

ആമിർ മഹാരാഷ്ട്രയിലെ രണ്ടു ഗ്രാമങ്ങള്‍ ദത്തെടുക്കുകയും ചെയ്തിരുന്നു. ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ഭീകരമായ വരൾച്ചയാണ് സംസ്ഥാനം ഇപ്പോൾ േനരിട്ടുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ 43000 ഗ്രാമങ്ങളിൽ 27723 ഗ്രാമങ്ങളും വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചിരിക്കുകയാണ്.