സിനിമയിൽ ബ്രേക്കായത് മീശമാധവൻ, പ്രേക്ഷകരുടെ പ്രിയപ്പെട്ട 'ടീച്ചറമ്മ'

2017ന്റെ പടിവാതിൽക്കൽ നിന്നുകൊണ്ട് പ്രശസ്ത നടി അംബികാ മോഹൻ പറഞ്ഞു: ‘‘ഞാൻ ഭാഗ്യവതിയാണ്. 250 ലധികം സിനിമകളും 50 സീരിയലുകളും ചെയ്തു. സൂപ്പർസ്‌റ്റാറുകളടക്കം ഒട്ടുമിക്ക നായക നടന്മാരുടെ അമ്മയായി അഭിനയിച്ചു. ഏറ്റവും വലിയ ഭാഗ്യം, ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലാതെ എല്ലാവരും അകമഴിഞ്ഞ് എന്നെ സ്നേഹിച്ചതാണ്. വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആരിൽനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.’’

‘ചിങ്ങപ്പെണ്ണിനു കണ്ണെഴുതാൻ’ എന്ന ആൽബത്തിൽ സുരേഷ് ഗോപിയുടെ അമ്മയായി അഭിനയിച്ചുകൊണ്ടാണു അംബികാ മോഹൻ ഈ രംഗത്തേക്കു കടന്നുവന്നത്. രണ്ടു പെൺമക്കളുടെ അമ്മയായി, അവരെ വിവാഹം ചെയ്തയച്ച് സ്വസ്ഥമായി കഴിയുന്ന കാലത്തായിരുന്നു ഇത്.  അതിനുശേഷം അവസരങ്ങൾ ഒന്നൊന്നായി അംബികയെ തേടിയെത്തി. എല്ലാം അമ്മവേഷങ്ങൾ. പൊന്നമ്മച്ചേച്ചിയെയും സുകുമാരിയമ്മയെയും ഹൃദയത്തോടു ചേർത്തവർ അംബികാ മോഹനെയും നിറഞ്ഞ മനസ്സോടെയാണു സ്വീകരിച്ചത്. 

‘‘ആരംഭകാലത്ത് ഭരത് ഗോപി സാർ നൽകിയ പ്രോൽസാഹനം ഒരിക്കലുമെനിക്കു മറക്കാനാവില്ല. ഗോപി സാർ സംവിധാനം ചെയ്ത ‘എന്റെ ഹൃദയത്തിന്റെ ഉടമ’ എന്ന സിനിമയാണ് അതിനുള്ള അവസരമൊരുക്കിയത്. അഭിനയം എന്താണെന്ന് അദേഹമെനിക്ക് പറഞ്ഞു തന്നു. ഈ രംഗത്ത് തിളങ്ങി നിൽക്കാനാകുമെന്ന് ൈധര്യം പകർന്നത് ഗോപി സാറായിരുന്നു. അദേഹമെനിക്ക് ഗുരുവാണ്. കമൽ സാറിന്റെ മേഘമൽഹാറാണ് എന്റെ ആദ്യസിനിമ. ലാൽജോസ് സാറിന്റെ മീശമാധവനാണ് സിനിമയിൽ എനിക്ക് ബ്രേക്കായത്.’’ സിനിമാഭിനയത്തിനിടയിൽ സീരിയൽ കഥാപാത്രങ്ങളും അംബികയെ തേടിയെത്തി. അമ്മ വേഷങ്ങളായിരുന്നു അവിടെയും കാത്തിരുന്നത്. 

‘സാഗര’ത്തിലെ ടീച്ചറമ്മ കുടുംബപ്രേക്ഷകരെ ആകർഷിച്ച കഥാപാത്രമായിരുന്നു. മക്കൾക്കുവേണ്ടി ജീവിക്കുന്ന ടീച്ചറമ്മ, അംബികാ മോഹന്റെ അഭിനയ മികവിൽ പത്തരമാറ്റോടെ തിളങ്ങി.  അംബികാ മോഹൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സീരിയൽ ‘ചിന്താവിഷ്ടയായ സീത’യാണ്. സീതയുടെ അമ്മയായിട്ടാണ് അഭി നയിക്കുന്നത്. 

കെഎസ്ഇബി എൻജിനീയറായി റിട്ടയർ ചെയ്ത ചന്ദ്രമോഹനാണു അംബികയുടെ ഭർത്താവ്. രണ്ടു പെൺമക്കൾ. ദിവ്യയും റോമിയും. രണ്ടുപേരും ടീച്ചർമാരാണ്. ഇത്തവണയും പുതുവൽസരനാളിൽ വിദേശയാത്രയ്ക്കൊരുങ്ങുകയാണ് അംബികാ മോഹൻ. സിനിമാ സീരിയൽ താരങ്ങളോടൊപ്പം യുകെയിലേക്കാണു യാത്ര. ‘ഹാസ്യ സന്ധ്യ 2017’ എന്ന പരിപാടി അവിടെ അവതരിപ്പിക്കും. കഴിഞ്ഞ വർഷം പുതുവൽസരത്തിൽ അമേരിക്കയിലായിരുന്നു പ്രോഗ്രാം.