ആഞ്ജല, ആൺശരീരത്തിലെ പെൺ വിജയം

ആഞ്ജല പോൺസ്

തെക്കൻ സ്പെയിനിലെ ദിസ് എന്ന തുറമുഖനഗരത്തിൽ നിന്നാണ് ആഞ്ജല പോൺസ് എന്ന പെൺകുട്ടി ഇത്തവണത്തെ മിസ് വേൾഡ് സ്പെയിൻ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. മിസ് വേൾഡ് മത്സരത്തിലേക്ക് സ്പെയിനിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഈ മത്സരത്തിൽ പക്ഷേ അവസാന റൗണ്ടിലേക്ക് കടക്കാൻ ആഞ്ജലയ്ക്കായില്ല. സ്പെയിനിലെ ഒരു ‘കൊച്ചുസെലിബ്രിറ്റി’യായിട്ടായിരുന്നു ഈ ഇരുപത്തിമൂന്നുകാരി മത്സരിക്കാനെത്തിയതു തന്നെ. പലരും കിരീടപ്പട്ടം ആഞ്ജലയ്ക്ക് തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തതാണ്. പക്ഷേ ടോപ് 10ൽ എത്തിയില്ലെങ്കിലും മത്സരത്തിലേക്ക് തിരഞ്ഞെടുത്തപ്പോൾത്തന്നെ താൻ ലോകത്തിന്റെ നെറുകയിൽ എത്തിയ അവസ്ഥയിലായിരുന്നുവെന്നു പറയുന്നു ആഞ്ജല. ‘ഇത്തരമൊരു മത്സരത്തിലേക്ക് തന്നെ പരിഗണിച്ചല്ലോ. മാത്രവുമല്ല മിസ് ദിസ് കിരീടം ചൂടിയാണ് ഫൈനൽ മത്സരത്തിലേക്ക് എത്തിയതും. അതു തന്നെ വൻവിജയമാണ്...’ ആഞ്ജല പറയുന്നു.

ആഞ്ജല പോൺസ് മറ്റൊരു മത്സരാർഥിക്കൊപ്പം

ഒരു മത്സരത്തെക്കുറിച്ച് ഇത്രമാത്രം വികാരനിർഭരമായി ഈ പെൺകുട്ടി സംസാരിക്കുന്നതെന്തിനാണെന്ന് പലർക്കും സംശയം തോന്നിയേക്കാം. കാരണമുണ്ട്. മിസ് വേൾഡ് സ്പെയിൻ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭിന്നലിംഗ (ട്രാൻസ്ജെൻഡർ) പ്രതിനിധിയാണ് ആഞ്ജല. വർഷങ്ങളെടുത്ത് ഹോർമോൺ തെറാപ്പി നടത്തിയാണ് ആഞ്ജല പെണ്ണായി മാറിയത്. ഇതുമായി ബന്ധപ്പെട്ട അവസാനത്തെ ട്രാൻസിഷൻ ശസ്ത്രക്രിയ കഴിഞ്ഞ വർഷം പൂർത്തിയായതോടെ ആഞ്ജലയ്ക്ക് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനുള്ള സാധ്യത തെളിയുകയായിരുന്നു. പതിനൊന്നാം വയസിലാണ് ആദ്യമായി തനിക്കുള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ നടക്കുന്നതായി ആഞ്ജലയ്ക്ക് തോന്നിത്തുടങ്ങിയത്. കളിപ്പാട്ടങ്ങളേതു വേണമെന്ന് മാതാപിതാക്കൾ ചോദിക്കുമ്പോഴെല്ലാം കാറും തോക്കുമെല്ലാം മാറ്റി ബാർബിപ്പാവയെയായിരുന്നു ആഞ്ജല തിരഞ്ഞെടുത്തത്. പെണ്ണായി മാറണമെന്ന തോന്നൽ ശക്തമായപ്പോൾ അതിനെപ്പറ്റി ആദ്യം സംസാരിച്ചതും മാതാപിതാക്കളോടായിരുന്നു. അവർ അതിന് പൂർണപിന്തുണയും നൽകി. ഇതുസംബന്ധിച്ച് സ്കൂളിലെ സഹപാഠികളിൽ നിന്നു പോലും കളിയാക്കലുണ്ടായിരുന്നില്ലെന്നും ആഞ്ജല ഓർക്കുന്നു.

മിസ് വേൾഡ് സ്പെയിന്‍ മത്സരാർഥികള്‍

ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന സ്പെയിനിലെ ഡാനിയേല ഫൗണ്ടേഷന്റെയും സജീവപ്രവർത്തകയാണ് ആഞ്ജല. പലർക്കും ഭിന്നലിംഗ വ്യക്തിത്വത്തെപ്പറ്റി തെറ്റിദ്ധാരണയുണ്ട്. പെണ്ണുങ്ങളെപ്പോലെ വേഷംകെട്ടി നടക്കുന്ന ആണുങ്ങളാണ് ഇവരെന്നാണ് ഭൂരിപക്ഷവും കരുതുന്നത്. ഇക്കാര്യത്തിൽ ബോധവൽകരണം നടത്താനും ആഞ്ജല മുൻപന്തിയിലുണ്ട്. ‘ഭിന്നലിംഗക്കാർക്കു വേണ്ടിയുള്ള പോരാട്ടത്തിനിടെ ഒരു വൻ നാഴികക്കല്ലാണ് ഞാനിപ്പോൾ താണ്ടിയിരിക്കുന്നത്. ആ പോരാട്ടം തുടരുക തന്നെ ചെയ്യും...’ ആഞ്ജലയുടെ വാക്കുകളിൽ അഭിമാനത്തിന്റെ തിളക്കം.

മത്സരത്തിനായി തയ്യാറെടുക്കുന്ന ആഞ്ജല പോൺസ്