Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വിനി നാച്ചപ്പയല്ല, അശ്വിനി ശ്യാം ഗോപൻ

Aswini അശ്വിനി ശ്യാം ഗോപന്‍

ഇന്ത്യൻ കായികരംഗത്തെ ഗ്ലാമർ താരം അശ്വിനി നാച്ചപ്പയെ ആരാധിച്ചിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ. പേര് ശ്യാമള അശ്വിനിയെപ്പോലെ ശ്യാമളയും കായികരംഗത്തെ മിന്നും താരമായിരുന്നു. മാത്തൺ ഉൾപ്പെടെ ദീർഘദൂര ഇനങ്ങളിൽ ദേശീയതലത്തിൽ വിജയതില കമണിഞ്ഞ പെൺകുട്ടി. കാലം പിന്നിടവേ ശ്യാമള വിവാഹിതയായി. ഫോറസ്റ്റ് ഗാർ‍ഡ് ഗോപകുമാർ ജീവിതപങ്കാളിയായി. അപ്പോഴും അശ്വിനി നാച്ചപ്പ എന്ന കൂർഗ് സുന്ദരിയുടെ ചിത്രം ശ്യാമളയുടെ മനസ്സിൽ നിന്നു മാഞ്ഞിരുന്നില്ല.

അശ്വിനി നാച്ചപ്പ കായികരംഗത്തുനിന്ന് അഭിനയരംഗത്തേത്തു ട്രാക്ക് മാറി. എന്നിട്ടും നാച്ചപ്പയ്ക്കു മനസ്സിൽ നന്മകൾ നേർന്നു കൊണ്ടേയിരുന്നു ശ്യാമള. ട്രാക്കിൽ അദ്ഭുതം വിരിയിച്ച ഈ കന്നഡ താരം അത്രയ്ക്കും ശ്യാമളയുടെ മനസ്സിനെ സ്വാധീനിച്ചിരുന്നു. അതായിരിക്കണമല്ലോ, തന്റെ ആദ്യത്തെ കൺമണിക്ക് അശ്വിനി എന്നു പേരിടാൻ ശ്യാമളയെ പ്രേരിപ്പിച്ചത്.

അശ്വിനി നാച്ചപ്പയെപ്പോലെ മകളും ഒരു കായികതാരമാവണമെന്ന് ഈ അമ്മ ആഗ്രഹിച്ചിരുന്നു. ഏതായാലും ശ്യാമളയുടെ സ്വപ്നങ്ങൾ ഒരായിരം വർണങ്ങളോടെ പൂത്തുവിടരുന്നതാണു പിന്നീട് കണ്ടത്. അശ്വിനി നാച്ചപ്പയെപ്പോലെ അശ്വിനി ശ്യാം ഗോപനും കായികരംഗത്തു താരമായി. ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെ കൊല്ലം സ്പോർട്സ് കൗൺസിലിൽ പഠിച്ച അശ്വിനി ദേശീയ കായിക മൽസരങ്ങളിൽ മെഡലുകൾ കൊയ്തു. ഷോട്പുട്ടിലും ബോക്സിങ്ങിലും വിജയകുതിപ്പുകൾ നടത്തി. ഇപ്പോഴിതാ അശ്വിനി നാച്ചപ്പയെപ്പോലെ അശ്വിനി ശ്യാം ഗോപനും അഭിനയരംഗത്തേക്കു ട്രാക്ക് മാറിയിരിക്കുന്നു. നാച്ചപ്പ തെലുങ്കിലാണു തുടക്കം കുറിച്ചതെങ്കിൽ അശ്വിനി ശ്യാം ഗോപൻ തമിഴ് സീരിയലായ ‘ശക്തി’യിലൂടെ അഭിനയരംഗത്തേക്കു ചുവടുകൾ വച്ചു. എല്ലാം യാദൃശ്ചികം തന്നെ. പക്ഷേ, ഏറ്റവും അദ്ഭുതകരമായ ഒരു കാര്യം - അശ്വിനി നാച്ചപ്പയ്ക്കും അശ്വിനി ശ്യാം ഗോപനും ഏതാണ്ട് ഒരേ മുഖഛായ !

മലയാളം സീരിയൽ പ്രേക്ഷകർക്ക് അശ്വിനി ഒരു പുതുമുഖമല്ല. അവതിരിപ്പിച്ച എല്ലാ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കി ചരിത്രം സൃഷ്ടിച്ച കലാകാരിയാണ് അശ്വിനി. മഴവിൽ മനോരമയിലെ ‘എന്റെ പെണ്ണിലെ’ സീതയും ‘അമ്മ’ യിലെ എസിപി ലേഖ ഐപിഎസും ഇന്നും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ പ്രോജ്വലമായി നിലനിൽക്കുന്നു. സ്വന്തം കുടുംബത്തിന്റെ അസ്തിവാരമിളക്കിയ ശത്രുനിരയെ തകർത്തെറിയുന്ന ലേഖ ഐപിഎസ്. ശരിക്കും കസറിയെന്നു കുടുംബ പ്രേക്ഷകർ വിധിയെഴുതി. ഇതിലെ ക്ലൈമാക്സാകട്ടെ, സൂപ്പർ!

സ്നേഹിക്കാൻ മാത്രമറിയാവുന്ന ‘എന്റെ പെണ്ണി’ലെ സീതയും അശ്വിനി എന്ന നടിയുടെ അഭിനയമികവ് പ്രകടമാക്കുന്ന കഥാപാത്രമാണ്. അമ്മയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാൻ പാടുപെടുന്ന സീത ധാരാളം പുരുഷ പ്രേക്ഷകരുടെ ആരാധനാപാത്രമായി.

ദൂരദർശനിലെ ‘അവൾ അറിയാതെ’യാണ് അശ്വിനി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയൽ. ഇതിലെ പാർവതി തമ്പുരാട്ടി അസാമാന്യമായ നടനവഴക്കത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു. കൈവിട്ടുപോയ കൊട്ടാരം തിരിച്ചു പിടിക്കാൻ അമേരിക്കയിൽ നിന്നു വരുന്ന ഈ ഡോക്ടർ കഥാപാത്രം തമ്പുരാട്ടിയാണെങ്കിലും ബോൾഡാണ്. തമ്പുരാട്ടിയെ ഇത്രയ്ക്കും മിഴിവുറ്റതാക്കിയതിന്റെ ക്രെഡിറ്റ് അശ്വിനി സംവിധായകൻ റിജി നായർക്കു നൽകുന്നു.

Aswini അശ്വിനി ശ്യാം ഗോപന്‍ കുടുംബത്തിനൊപ്പം

‘എന്റെ പെണ്ണ്’ പ്രെമോ കണ്ടാണ് അശ്വിനിയെ തമിഴ് സീരിയലിലേക്കു വിളിക്കുന്നത്. ‘ശക്തി’ സീരിയലിൽ. അനു എന്ന സബ് ഇൻസ്പെക്ടറുടെ വേഷമായിരുന്നു അശ്വിനിക്ക് സ്റ്റണ്ടു സീനുകളുളള ‘ശക്തി’യിലെ അനു തമിഴകമാകെ ശ്രദ്ധിക്കപ്പെട്ടു. കരാട്ടെയിൽ ബ്രൗൺ ബെൽറ്റുളള അശ്വിനി സ്റ്റണ്ട് സീനുകളെല്ലാം തകർത്തു വാരി. അശ്വിനി നാച്ചപ്പയും ധാരാളം സ്റ്റണ്ട് സീനുകളിൽ അഭനിയിച്ചിട്ടുണ്ട്.

അൽപം ഡാൻസ് അറിയാമെന്നതൊഴിച്ചാൽ അശ്വിനിക്ക് അഭിനയരംഗത്തു മുൻപരിചയമൊന്നുമില്ല. എന്നിട്ടും ‘എന്റെ പെണ്ണി’ലെ ആദ്യ ടേക്ക് ഓക്കെയായി. സംവിധായകൻ ശ്രീജിത് പലേരി ഉൾപ്പെടെയുളളവരുടെ പ്രോൽസാഹനമാണ് ഇതിനു കാരണമെന്ന് അശ്വിനി പറയുന്നു. ആദ്യ ടേക്കിലെ ഡയലോഗ് ഇന്നും അശ്വിനി മറന്നിട്ടില്ല. കാമുകനോടു പറയുന്ന ആ ഡയ ലോഗ് ഇതാ: ‘ഒരിക്കലും അച്ചായന്റെ കുടുംബം നശിച്ചുകാണണമെന്ന് എനിക്ക് ആഗ്രഹമില്ല. എനിക്കിതുവരെയും സ്നേഹം കിട്ടിയിട്ടില്ല. കണ്ണീരു മാത്രമായിട്ടാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്.’

കോട്ടയം പാറമ്പുഴയിൽ വനംവകുപ്പിന്റെ ക്വാർട്ടേഴ്സിലാണ് അച്ഛൻ പി.കെ. ഗോപകുമാർ, അമ്മ ശ്യാമള, അനുജൻ അർജുൻ എന്നിവരോടൊപ്പം അശ്വിനി താമസിക്കുന്നത്. കോട്ടയം ഗിരിദീപത്തിൽ ബിഎ ഒന്നാം വർഷവിദ്യാർത്ഥിയാണ് അർജുൻ. പാലാ അൽഫോൻസ കോളജിലാണ് അശ്വിനി ഡിഗ്രിവരെ പഠിച്ചത്.

യാത്രകൾ ഇഷ്ടപ്പെടുന്ന അശ്വിനിക്കു വായനയാണു പ്രധാന ഹോബി. കമല സുരയ്യയുടെയും അരുന്ധതി റോയിയുടെയും പുസ്തകങ്ങളാണു കൂടുതൽ ഇഷ്ടം.

ഇനിയൊരു സന്തോഷവാർത്ത- കായികരംഗത്തും അഭിനയരംഗ ത്തും അറിയപ്പെടുന്ന പ്രിയതാരം വിവാഹിതയാകാൻ പോകുന്നു വരൻ പുതുപ്പളളിക്കാരൻ രാജീവ് രവീന്ദ്രൻ. ബിസിനസ്സുകാരനാണു രാജീവ്. നമ്പർ വൺ ബോഡി ബിൽഡർ കൂടിയാണ്. നിശ്ചയം കഴിഞ്ഞു. ഡിസംബർ 20 നു മാംഗല്യം !

അമൃത ടിവിയിലെ ഒരു പരിപാടിയിൽ വച്ച് മണിയൻപിളള രാജു പറഞ്ഞു, അശ്വിനിയെപ്പോലെ ഓപ്പൺ മൈൻഡുളള പെൺകുട്ടികളെ ഇപ്പോൾ കാണാറില്ലെന്ന്. അശ്വിനി ആ കമന്റ് ശരിവയ്ക്കുന്നു.

‘അതേ, ഞാൻ അങ്ങനെയാണ്. എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരിയാണ്. എല്ലാവരുമായി പെട്ടെന്നു ചങ്ങാത്തമാകും. ഫ്രണ്ട്സ് എന്റെ വീക്കനെസ്സാണ്. രാജീവും എന്നെപ്പോലെ തന്നെ.’

വിവാഹം കഴിഞ്ഞതോടെ അഭിനയരംഗത്തുനിന്ന് മാറിനി‌ൽക്കു കയാണ് അശ്വിനി നാച്ചപ്പ. പക്ഷേ, താൻ അങ്ങനെയാവില്ലെന്ന് അശ്വിനി ശ്യാം ഗോപന്റെ ഉറച്ച വാക്ക്- നല്ല കഥാപാത്രങ്ങളെ കണ്ടെത്തി സീരിയലിലും സിനിമയിലും തുടർന്നു അഭിനയിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.