സ്ത്രീകളെ ഇങ്ങനെ അപമാനിക്കണോ? രണ്‍വീറിനെതിരെ പൊട്ടിത്തെറിച്ച് സിദ്ധാര്‍ത്ഥ്

ജാക്ക് ആന്‍ഡ് ജോണ്‍സ് എന്ന പ്രമുഖ ക്ലോത്തിങ് ബ്രാന്‍ഡിനുവേണ്ടി പ്രത്യക്ഷപ്പെട്ട പുതിയ ബില്‍ബോര്‍ഡ് പരസ്യം എട്ടിന്റെ പണിയാണ് രൺവീറിന് നല്‍കിയിരിക്കുന്നത്. 

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പുതിയ പരസ്യത്തിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. കാര്യം നിസാരമെന്നു തോന്നുമെങ്കിലും അതീവ ഗൗരവമര്‍ഹിക്കുന്നു സിദ്ധാര്‍ത്ഥിന്റെ നിലപാടും അതിനോട് സെലിബ്രിറ്റി സമൂഹം പ്രതികരിച്ച രീതിയും. സ്ത്രീ സെക്‌സിനുവേണ്ടിയുള്ള ഉപകരണം മാത്രമാണെന്ന തോന്നലുളവാക്കുന്ന തരത്തിലുള്ള ബില്‍ബോര്‍ഡ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട രണ്‍വീര്‍ സിംഗിനെതിരെ ആദ്യമായി പരസ്യ പ്രതികരണം നടത്തിയത് സിദ്ധാര്‍ത്ഥ് ആയിരുന്നു. 

വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും സമത്വ സമൂഹത്തിനുവേണ്ടിയുമെല്ലാം വാദിക്കുന്ന സിനിമാക്കാരുടെയും കലാകാരന്‍മാരുടെയും പരസ്യക്കാരുടെയുമെല്ലാം കാപട്യം തുറന്നുകാട്ടുന്നതായി സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. സ്ത്രീകളുടെ ഉടല്‍ ഉപയോഗപ്പെടുത്തി ഉല്‍പ്പന്നത്തിന് മാര്‍ക്കറ്റ് കണ്ടെത്തുന്ന വിലകുറഞ്ഞ ബിസിനസ് സംസ്‌കാരത്തിന് കുഴലൂതുന്ന തരത്തിലുള്ള നടന്‍മാരുടെ ചെയ്തിയെയാണ് സിദ്ധാര്‍ത്ഥിനുള്ളിലെ മനുഷ്യന്‍ ചോദ്യം ചെയ്തത്. 

സംഭവത്തിലേക്ക് വരാം. ജാക്ക് ആന്‍ഡ് ജോണ്‍സ് എന്ന പ്രമുഖ ക്ലോത്തിങ് ബ്രാന്‍ഡിന്റെ അംബാസഡറാണ് രണ്‍വീര്‍. അവര്‍ക്ക് വേണ്ടി പ്രത്യക്ഷപ്പെട്ട പുതിയ ബില്‍ബോര്‍ഡ് പരസ്യം എട്ടിന്റെ പണിയാണ് താരത്തിന് നല്‍കിയിരിക്കുന്നത്. 

ഇങ്ങനെയൊരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടും മുമ്പ് താരത്തിന് ഒന്ന് സ്വയം ചിന്തിക്കുകയും ചെയ്യാമായിരുന്നു എന്നാണ് ബോളിവുഡിലെ തന്നെ അടക്കം പറച്ചില്‍. പരസ്യം ഇങ്ങനെയാണ്. ഫോര്‍മല്‍ ഡ്രസില്‍ നില്‍ക്കുന്നു രണ്‍വീര്‍. ഷോള്‍ഡറില്‍ ഒരു സ്ത്രീയെ കയറ്റിയിട്ടുണ്ട്. പിന്നെ ഒരു ടാഗ് ലൈനും. ഡോണ്‍ട് ഹോള്‍ഡ് ബാക്, ടേക് യുവര്‍ വര്‍ക്ക് ഹോം (Don't hold back, Take your work home).

ഈ വാക്കുകള്‍ക്ക് അര്‍ത്ഥം കല്‍പ്പിച്ചുകൊടുത്താല്‍ അത്രയും സ്ത്രീ വിരുദ്ധത വേറെയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്ത്രീകളെ കേവലം ലൈംഗിക വസ്തുവായി മാത്രം കാണുന്ന തരത്തിലുള്ള ഇത്തരമൊരു പരസ്യത്തില്‍ രണ്‍വീര്‍ അഭിനയിച്ചത് തീര്‍ത്തും മോശമായി എന്നാണ് പൊതുവെയുള്ള സംസാരം. 

ഈ പരസ്യത്തിന്റെ ആശയം ജാക്ക് ആന്‍ഡ് ജോണ്‍സ്, അവര്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്ന ഏജന്‍സി, രണ്‍വീര്‍ സിംഗിന്റെ ബ്രാന്‍ഡ് മാനേജേഴ്‌സ്....ഇവര്‍ കാണാതെ അംഗീകരിക്കപ്പെടില്ലെന്നത് ഉറപ്പ്. അപ്പോള്‍ ഇത്രയും സ്ത്രീ വിരുദ്ധ കാഴ്ച്ചപ്പാടുകളാണോ ഈ മൂന്ന് കൂട്ടരും വെച്ചുപുലര്‍ത്തുന്നത്. 

നടന്‍ സിദ്ധാര്‍ത്ഥ് ആണ് പരസ്യത്തിനെതിരെ ആദ്യമായി ട്വീറ്റ് ചെയ്തത്. വനിതകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ പുതിയ താഴ്ച്ച എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.  ജാക്ക് ആന്‍ഡ് ജോണ്‍സ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിന് മറുപടി നല്‍കിയിട്ടുണ്ട്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പരസ്യമല്ലെന്നും ഉടന്‍ പിന്‍വലിക്കുമെന്നുമാണ് കമ്പനി പറഞ്ഞിട്ടുള്ളത്. 

എന്നാല്‍ ഇത്തരമൊരു പരസ്യത്തില്‍ വേഷമിട്ടതിന് രണ്‍വീര്‍ സിംഗ് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല എന്നതാണ് ഖേദകരം. ജാക്ക് ആന്‍ഡ് ജോണ്‍സിന്റെ പ്രതികരണം തന്നെ തരംതാഴ്ന്നതായി എന്നും വിമര്‍ശനമുണ്ട്.