ഹോട്ട് ബ്യൂട്ടി ദീപിക സീക്രട്ട്സ്

ദീപികാ പദുക്കോണിനോട് ആരാധന തോന്നാത്തവർ ചുരുക്കം. അവരുടെ സ്റ്റൈൽ, ഫാഷൻ സെൻസ്, ബോഡിഷേപ്പ് , ചർമം, മുടി എല്ലാം ഒന്നിനൊന്നു പെർഫെക്ട്. ദീപികയുടെ ഫിറ്റ്നസ്, ബ്യൂട്ടി, ഡയറ്റ്, മേക്കപ്പ് സീക്രട്ട്സ് അറിയാം.

ബ്യൂട്ടി സീക്രട്ട്സ് തിളക്കമുള്ള ചർമമാണു ദീപികയുടെ പ്ലസ് പോയിന്റ്. ദിവസവും ധാരാളം വെള്ളം കുടിക്കും. അടിസ്ഥാന സൗന്ദര്യ പാഠങ്ങളായ ക്ലെൻസിങ്, ടോണിങ്, മോയിച്യുറൈസിങ് എന്നിവ ദിവസവും രണ്ടു പ്രാവശ്യം മുടങ്ങാതെ ചെയ്യും. എസ്പിഎഫ് അടങ്ങിയ മോയിച്യുറൈസർ മാത്രമേ ഉപയോഗിക്കൂ. സ്ഥിരമായി ഫേഷ്യലുകൾ ചെയ്യാറില്ലെങ്കിലും മാസത്തിലൊന്ന് ക്ലീൻഅപ് നിർബന്ധമാണ്. സ്ഥിരമായി ഹെയർസ്പായും ബോഡി മസാജും ചെയ്യും. വെളിച്ചെണ്ണയാണു ദീപികയുടെ മുടിയുടെ രഹസ്യം. സ്ഥിരമായി സൗന്ദര്യ സംരക്ഷണം ചെയ്യുന്നവർക്കു മേക്കപ്പിന്റെ ആവശ്യം പോലുമില്ലെന്നാണു ദീപിക പറയുന്നത്.

ഫിറ്റ്നസ് സീക്രട്ട്സ് ദീപികയുടെ അവർ ഗ്ലാസ് ഫിഗറിനോടു യോജിക്കാത്ത ഏതെങ്കിലും വസ്ത്രമുണ്ടോ? വെസ്റ്റേൺ വെയറും ട്രഡീഷനൽ വെയറും ഒരുപോലെ ഇത്രയേറെ യോജിക്കുന്ന നടിമാർ ബോളിവുഡിൽ തന്നെ ചുരുക്കം. ബാഡ്മിന്റൻ പ്ലെയറായിരുന്നതിനാൽ ചെറുപ്പം മുതൽ ഫിറ്റ്നസിന്റെ കാര്യത്തിൽ കൃത്യമായ ചിട്ടകളുണ്ട് ദീപികയ്ക്ക്. അതിരാവിലെ ഷൂട്ട് ഉണ്ടെങ്കിലും എങ്ങനെയെങ്കിലും സമയം കണ്ടെത്തി വർക്ക്ഔട്ട് ചെയ്തിരിക്കും. അമിതമായി വർക്ക്ഔട്ട് ചെയ്യരുത്. റെസ്റ്റ് എടുക്കണം. ശരീരത്തിനു നഷ്ടപ്പെടുന്ന ഊർജം തിരിച്ചുകിട്ടാൻ ഇതു സഹായിക്കും.– ദീപിക പറയുന്നു. യോഗയാണു ദീപികയുടെ ഫേവറിറ്റ്. വിവിധ ആസനങ്ങൾ ചെയ്താൽ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും കിട്ടുമെന്ന് അനുഭവം. ദിവസേന അര മണിക്കൂർ നടക്കാറുമുണ്ട്.

ഡയറ്റ് സീക്രട്ട്സ് ആരോഗ്യകരമായ ഭക്ഷണം– അതാണു ദീപികയുടെ ഡയറ്റ് സീക്രട്ട്. ശരീരം മെലിയാനായി ഭക്ഷണം ഉപേക്ഷിക്കാറില്ല. രണ്ടു മണിക്കൂർ ഇടവിട്ട് ചെറിയ അളവിൽ ഭക്ഷണം കഴിക്കും. കാർബോഹൈഡ്രേറ്റും പ്രോട്ടിനുമടങ്ങിയ ഭക്ഷണത്തിനാണു പ്രാധാന്യം. ഒരു ബൗൾ ഫ്രൂട്ട്സിലാണു ദിവസം തുടങ്ങുന്നത്. കാപ്പി ഒഴിവാക്കും. ബ്രേക്ക്ഫാസ്റ്റായി ദോശയാണെങ്കിൽ ഉരുളക്കിഴങ്ങ് ഫില്ലിങ് ഒഴിവാക്കും. ഇഡ്ഢലിയാണെങ്കിൽ തേങ്ങാച്ചമ്മന്തിക്കു പകരം പുതിനയില ചമ്മന്തിയായിരിക്കും കഴിക്കുക. ലഞ്ചിന് ഒരു ബൗൾ തൈര്, പച്ചക്കറി, ഒരു ചപ്പാത്തി, ചിക്കൻ അല്ലെങ്കിൽ മീൻ. ഡിന്നറിന് ചപ്പാത്തിയും സാലഡും.

മേക്കപ്പ് സീക്രട്ട്സ് സുന്ദരിയാകാൻ ടൺ കണക്കിന് മേക്കപ്പ് വാരിത്തേക്കേണ്ട എന്നാണു ദീപികയുടെ ഉപദേശം. പ്രകൃതിദത്തമായ സൗന്ദര്യം കുറച്ചുകൂടി മെച്ചപ്പെടുത്താൻ മാത്രമേ മേക്കപ്പ് ഉപയോഗിക്കാവൂ. മേക്കപ്പ് ഉപയോഗിച്ചു നിങ്ങളെ പൂർണമായും മാറ്റിക്കളയാം എന്നു വിചാരിക്കരുത്. കൃത്യമായ ഷേഡിലുള്ള ഫൗണ്ടേഷൻ തിരിഞ്ഞെടുക്കുക എന്നതു വളരെ പ്രധാനമാണ്. നല്ല ചർമമുള്ളവർ ഫൗണ്ടേഷൻ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല– ദീപിക പറയുന്നു. മസ്കാരയും റെഡ് ലിപ്സ്റ്റിക്കുമാണ് ദീപികയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഷൂട്ടിങ് ഇല്ലെങ്കിൽ മേക്കപ്പ് പാടെ ഉപേക്ഷിക്കും– മോയിച്യുറൈസറും ലിപ് ബാമും ന്യൂട്രൽ ഫൗണ്ടേഷനും മാത്രം. പുരികങ്ങളുടെ വീതിയും ആകൃതിയും മുഖത്തിന്റെ ആകൃതി തന്നെ മാറ്റുമെന്നും ദീപിക പറയുന്നു.