പെൺകണ്ണുകൾ അസൂയയോടെ നോക്കും ഇനി ദീപികയെ

പെൺകുട്ട്യോളുടെ കണ്ണെല്ലാം ഇപ്പോൾ മസ്താനിയിലാണ്. ചരിത്ര നായകൻ ബാജി റാവുവിന്റെ പ്രണയിനി മസ്താനിയായി ദീപിക പദുക്കോണെത്തുമ്പോൾ എങ്ങനെ കണ്ണ് വയ്ക്കാതിരിക്കും. നിലം മുട്ടുന്ന അനാർ‌ക്കലി അംഗ്രകയും ഫർഷി പൈജാമയ്ക്കൊപ്പമണിഞ്ഞ ലുക്കിലാണു ദീപികയെ ആദ്യം കണ്ടത്. പോൾകി ഡയമണ്ട്സ് കൊണ്ടു തീർത്ത ട്രഡീഷനൽ ആഭരണങ്ങളും മസ്താനിയെ സുന്ദരിയാക്കുന്നു.

ചരിത്ര സിനിമയായ ബാജിറാവു മസ്താനിയിലെ പരമ്പരാഗത സൗന്ദര്യമുളള വസ്ത്രങ്ങൾക്കു പിന്നിൽ അഞ്ജു മോഡി എന്ന ഡിസൈനറാണ്. ഒന്നര വർഷം ഗവേഷണം നടത്തിയ ശേഷമാണ് അഞ്ജു വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തുടങ്ങിയത്. മഹാരാഷ്ട്രയിലെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിൽ നിന്നാണ് ബാജിറാവുവിന്റെയും മസ്താനിയുടെയും കാലത്തെ വസ്ത്രങ്ങൾ കണ്ടെത്തിയത്. ബാജിറാവുവിന്റെ ഭാര്യയായി അഭിനയിക്കുന്ന പ്രിയങ്കയ്ക്കു വേണ്ടി കൂടുതൽ നീളമുളള സാരിയാണ് നെയ്തെടുക്കേണ്ടിയിരുന്നത്. കട്ടിയുളള തുണിയിൽ അത്തരം സാരി തയാറാക്കിയാൽ പ്രിയങ്കയ്ക്കു വല്ലാതെ വലുപ്പം തോന്നും. അതുകൊണ്ടു കനം കുറഞ്ഞ തുണിത്തരങ്ങളിലാണു സാരി നെയ്തെടുത്തത്. ലൈറ്റ് ചന്ദേരി, മഹേശ്വരി, മൽമൽ തുടങ്ങിയ തുണിത്തരങ്ങളിലാണു വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.

300 ഓളം വസ്ത്രങ്ങളാണു ചിത്രത്തിനുവേണ്ടി അഞ്ജു തയാറാക്കിയത്. ചിത്രത്തിനുവേണ്ടി പരമ്പരാഗത രീതിയിലുളള മറാത്തി ആഭരണങ്ങളാണ് ഒരുക്കിയത്. പഴമയെ ട്രെൻഡാക്കുന്ന ഫാഷൻ ലോകം മസ്താനി ലുക് അനുകരിക്കാനൊരുങ്ങുകയാണ്.