വിഷാദ രോഗത്തെ തുരത്താൻ ദീപികയുടെ ലിവ് ലവ് ലാഫ്

വിഷാദരോഗത്തിനടമപ്പെട്ട നാളുകൾ തന്നെയാണ് ബോളിവുഡ് ബ്യൂട്ടി ദീപിക പദുക്കോണിനെ ലിവ് ലവ് ലാഫ് എന്ന സംരംഭത്തിലേക്കു നയിച്ചത്. ഇന്ത്യയിൽ വിഷാദരോഗം അനുഭവിക്കുന്നവർക്ക് പിന്തുണയും ആശ്വാസവും നൽകുകയാണ് ലിവ് ലവ് ലാഫ് എന്ന സംഘടനയുടെ ലക്ഷ്യമെന്ന് ദീപിക പറഞ്ഞു. തന്റെ ട്വിറ്റർ പേജിലൂടെയാണ് പുതിയ സംരംഭത്തിന്റെ ലോഗോ ദീപിക പുറത്തുവിട്ടത്. പ്രതീക്ഷ, സ്വാതന്ത്രം എന്നീ ആശയത്തെ ആധാരമാക്കിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ലോഗോ പ്രകാശനം സംരംഭത്തിന്റെ ആദ്യപടിയാണെന്നും ലിവ് ലവ് ലാഫിനു വേണ്ടി താനും ടീമും കഠിനമായി പ്രവർത്തിക്കുമെന്നും ദീപിക പറഞ്ഞു.

വിഷാദരോഗത്തിനു അടിമപ്പെട്ട കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വാർത്തകളിൽ ഇടംനേടിയ താരമായിരുന്നു ദീപിക. രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വിഷാദരോഗമെന്നും രോഗത്തോടു മല്ലിട്ട നാളുകൾ ഇന്നും തന്റെ മനസിലുണ്ടെന്നും ദീപിക പറഞ്ഞു. രോഗം ഉണ്ടെന്നു തിരിച്ചറിയലും തുടർന്ന് ശരിയായ പ്രൊഫഷണൽ സഹായം ലഭിക്കുകയെന്നതുമാണ് വിഷാദരോഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരമൊരു സഹായം ലഭ്യമാക്കലാകും ലിവ് ലവ് ലാഫിന്റെ ലക്ഷ്യവും.