ദീപികേ... ഓവറാക്കി കുളമാക്കിയല്ലോ!!!

നെതർലൻഡിൽ നടന്ന എംടിവി യൂറോപ് മ്യൂസിക് അവാർഡിൽ ഇന്ത്യൻ ഡിസൈനർ മോനിഷ ജയ്സിങ് ഡിസൈൻ ചെയ്ത ഗൗൺ ധരിച്ചാണു ദീപിക റെഡ്കാർപറ്റിൽ ചുവടു വച്ചത്.

എംടിവി മ്യൂസിക് അവാര്‍ഡ് നൈറ്റില്‍ ദീപിക പദുക്കോണിന്റെ സ്റ്റൈൽ കണ്ടവർ മനസിൽ പറഞ്ഞു, അയ്യേ കൂതറ. ഈ വേഷം കണ്ട ബ്രിട്ടിഷ് മാഗസിൻ അവരുടെ ഏറ്റവും മോശമായി വസ്ത്രം ധരിക്കുന്ന സെലിബ്രിറ്റികളെക്കുറിച്ചുള്ള കോളത്തിൽ ഇങ്ങനെ എഴുതി: ബോളിവുഡ് ബ്ലണ്ടർ.

ദീപികയുടെ ഹോളിവുഡ് ചിത്രം xXx: Return of Xander Cage പൂർത്തിയാകുന്നതിനിടെയുണ്ടായ ഫാഷൻ വിമർശനത്തിൽ നടിക്കേറ്റ പരുക്ക് ചില്ലറയല്ല. നെതർലൻഡിൽ നടന്ന എംടിവി യൂറോപ് മ്യൂസിക് അവാർഡിൽ ഇന്ത്യൻ ഡിസൈനർ മോനിഷ ജയ്സിങ് ഡിസൈൻ ചെയ്ത ഗൗൺ ധരിച്ചാണു ദീപിക റെഡ്കാർപറ്റിൽ ചുവടു വച്ചത്. ദീപികയുടെ സ്ഥിരം ഗ്രെയ്സും എലഗന്റ് ലുക്കുമൊക്കെ തകർക്കുന്നതായിരുന്നു പുതിയ വേഷം.

മിലിട്ടറി ഗ്രീനും ഒലിവു ഗ്രീനും ചേർന്ന ഗ്രീൻ കളർ സ്കർട്ടിൽ കാലുകൾ മുഴുവൻ കാണുന്ന തരത്തിൽ ഹൈ സ്‌ലിറ്റ്. ബ്ലാക്ക് ഓഫ് ഷോൾഡർ ബോംബർ ജാക്കറ്റ്. വീതിയേറിയ ബെൽറ്റ്, തോളിൽ തൊടുന്ന പച്ച കമ്മൽ, ഹൈഹീൽ ചെരുപ്പ് എന്നിവയൊക്കെ ചേർന്നതായിരുന്നു വേഷം. കണ്ണിൽ കുത്തുന്ന, മിലിട്ടറി ഒലിവ് ഗ്രീൻ കളർ തന്നെ ഫ്ലോപ് എന്നായിരുന്നു ആദ്യ വിമർശനം. ഗൗൺ കണ്ടാൽ മുണ്ടു ചുറ്റിയതു പോലെ. അതിലെ സ്‌ലിറ്റ് മാത്രമുണ്ട് സ്റ്റൈൽ. ജാക്കറ്റ് ആകട്ടെ തീർത്തും അനാകർഷകം. ദീപികയുടെ ഭംഗിയുള്ള തോളിനും കൈകൾക്കുമൊന്നും ചേരാത്ത തരത്തിൽ വേറിട്ടു നിൽക്കുന്നു ഈ വാരിയർ ജാക്കറ്റ്. നീളൻ കമ്മലും വീതിയേറിയ ബെൽറ്റുമൊക്കെയായി ഓവറാക്കി കുളമാക്കി... ഇങ്ങനെ പോകുന്നു വിമർശനങ്ങൾ.

ടെന്നിസ് താരം നൊവാക് ദ്യോക്കോവിച്ചിന്റെ കാമുകിയെന്ന് ദീപികയെക്കുറിച്ചു കഥയെഴുതിയ ബ്രിട്ടീഷ് മാഗസിന്റെ വിമർശനം ഇങ്ങനെ നീണ്ടപ്പോൾ ദീപികയ്ക്കു പൂർണ പിന്തുണയുമായെത്തിയിരിക്കുകയാണ് ഇന്ത്യൻ ഡിസൈനർമാർ. ചാക്കുടുത്താലും ദീപിക സുന്ദരി എന്നാണ് രാംലീലയിലും ബാജിറാവു മസ്താനിയിലും ദീപികയെ അണിയിച്ചൊരുക്കിയ അഞ്ജു മോദി പ്രതികരിച്ചത്. രാജ്യാന്തര പരിപാടിയിൽ ഇന്ത്യൻ ഡിസൈനറുടെ വേഷം ധരിച്ചു എന്നതുതന്നെ ദീപികയുടെ യശസ് ഉയർത്തുന്നുവെന്ന് ഡിസൈനർമാരായ റിതു ബേരിയും റിന ധാക്കയും പറഞ്ഞു.

ജെയ്സിങിന്റെ ഡിസൈനും വാരിയർ സ്റ്റൈലുമൊക്കെ കൊള്ളാം. പക്ഷേ ഓവറാക്കി കുളമാക്കി എന്ന ഒറ്റ കുഴപ്പമേയുള്ളു എന്നാണു ചില ഡിസൈനർമാരുടെ അഭിപ്രായം. വുമൺ വാരിയർ എന്ന തീമിനു ഏറ്റവും യോജിച്ച തരത്തിലാണു ദീപികയുടെ ഡ്രസ് ഡിസൈൻ ചെയ്തത് എന്നാണ് ഡിസൈനറായ ജയ്സിങ് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്.