എന്തുകൊണ്ട് ദീപികയും രണ്‍വീറും വേര്‍പിരിയുന്നു?

രൺവീറും ദീപികയും

ബോളിവുഡിലെ പവര്‍ കപ്പിള്‍ എന്നറിയപ്പെട്ടിരുന്ന ദീപികാ പദുക്കോണും രണ്‍വീര്‍ സിംഗും വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ ചൂടുപിടിക്കുകയാണ്. ഔദ്യോഗികമായി ഇരുവരും കല്ല്യാണം കഴിച്ചിട്ടില്ലെങ്കിലും ബോളിവുഡിന് ഏറ്റവും ഇഷ്ടമുള്ള ദമ്പതികളായാണ് അവർ അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോൾ ഇവർ തമ്മിലുള്ള ബന്ധത്തില്‍ കാര്യങ്ങള്‍ അത്ര ശരിയല്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ മുതലേ ഇരുവരും ബ്രേക് അപ്പ് ആയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും സ്‌പെയിനിലെ ഐഐഎഫ്എ ഉള്‍പ്പെടെ ചില പൊതുവേദികളില്‍ ഒന്നിച്ചെത്തിയതോടെ ആ വാര്‍ത്തകള്‍ക്കു ഫുള്‍സ്റ്റോപ് വന്നു. എന്നാല്‍ വീണ്ടും ഇവർക്കിടയിൽ അസ്വാരസ്യങ്ങള്‍ ഉടലെടുത്തെന്നും ബ്രേക് അപ്പ് ആയെന്നുമാണ് പുതിയ വാര്‍ത്തകള്‍.

രണ്‍വീറിന്റെ പ്രൊഫഷണല്‍ നേട്ടങ്ങളെ ദീപിക അഭിനന്ദിക്കാറില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റമുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ക്ക് അഭിനന്ദനവര്‍ഷവുമായി രണ്‍വീര്‍ എത്താറുണ്ടായിരുന്നു. തനിക്ക് ഇത്തരം പ്രോത്സാഹനങ്ങള്‍ തിരിച്ചു നല്‍കാത്തതില്‍ അതീവ ദുഖിതനാണ് താരമെന്നും വാര്‍ത്തയുണ്ട്.

ഏഷ്യയില്‍ തന്നെ ഏറ്റവുമധികം ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള സ്ത്രീകളില്‍ മുന്‍നിരയിലാണ് ദീപിക. അതുകൊണ്ടുതന്നെ രണ്‍വീറിനെ പ്രൊമോട്ട് ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ദീപിക ഷെയര്‍ ചെയ്യാത്തതില്‍ രണ്‍വീര്‍ അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. 

കല്ല്യാണത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ രണ്‍വീര്‍ അടുത്തിടെ പങ്കുവെച്ചെങ്കിലും ദീപിക ഒരു അഭിമുഖത്തില്‍ പറഞ്ഞത് തനിക്ക് അടുത്തിടെയൊന്നും വിവാഹം കഴിക്കാനുള്ള പദ്ധതിയേ ഇല്ലെന്നാണ്. ഞാന്‍ ഗര്‍ഭിണിയല്ല, എന്‍ഗേജ്ഡ് അല്ല, കല്ല്യാണം കഴിഞ്ഞിട്ടുമില്ല, അടുത്തൊന്നും കല്ല്യാണം കഴിക്കാനുള്ള പദ്ധതിയുമില്ല എന്നാണ് അന്നു ദീപിക പറഞ്ഞിരുന്നത്.