രാജകുമാരിയുടെ വിവാഹ വസ്ത്രം കോപ്പിയടിച്ചത്?

വില്യം രാജകുമാരനും കേറ്റ് മിഡിൽടണും വിവാഹദിനത്തിൽ

വിവാഹ വസ്ത്ര സങ്കൽപങ്ങളിൽ ചരിത്രം കുറിക്കുന്ന ഡിസൈനുമായാണ് ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ പത്നി കേറ്റ് മിഡിൽടണിന്റെ വിവാഹവസ്ത്രത്തെ ഏവരും കണ്ടത്. ലേസ് മുതൽ സ്ലീവു വരെ വ്യത്യസ്തത പുലർത്തിയ വസ്ത്രമായിരുന്നു കേറ്റിന്റേത്. പ്രമുഖ വസ്ത്ര സംരംഭമായ അലക്സാണ്ടർ മക്വീനിലെ ക്രിയേറ്റീവ് ഡയറക്ടര്‍ സാറാ ബർട്ടൻ ആയിരുന്നു രാജകുമാരിയെ സുന്ദരിയാക്കിയ വിവാഹ വസ്ത്രത്തിന്റെ ഡിസൈനർ. വിവാഹം കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞപ്പോഴിതാ കേറ്റിന്റെ വിവാഹ വസ്ത്രം വിവാദത്തിൽ പെട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല രാജകുമാരി അണിഞ്ഞ വിവാഹവസ്ത്രത്തിന്റെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് അവകാശപ്പെ‌ട്ട് മറ്റൊരു ഡിസൈനർ രംഗത്തെത്തിയിരിക്കുകയാണ്.

കേറ്റ് മിഡിൽടൺ വിവാഹദിനത്തിൽ

സതേൺ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ ക്രിസ്റ്റിൻ കെൻഡൽ ആണ് പരാതിയ്ക്കു പിന്നിൽ. കേറ്റിനെതിരെയല്ല മറിച്ച് അലക്സാണ്ടർ മക്വീൻ ബ്രാൻഡിനെതിരെയാണ് കോപ്പിറൈറ്റ് ലംഘിച്ചെന്നു കാണിച്ചു പരാതി നൽകിയിരിക്കുന്നത്. 2013ൽ പുറത്തിറക്കിയ ഒരു യൂട്യൂബ് വിഡിയോയിലൂടെ തന്റെ കേസിന്റെ വിവരമെല്ലാം കെൻഡൽ വിശദീകരിക്കുന്നുണ്ട്. തന്റെ സ്കെച്ചുകളുടെ സഹായമില്ലാതെ കേറ്റിന്റെ വസ്ത്രം അത്തരത്തിലാകുമായിരുന്നില്ലെന്നാണ് കെൻഡൽ പറയുന്നത്. തന്റെ കമ്പനിയുടെ ഡിസൈൻ കോപ്പി ചെയ്തതിനെതിരെയാണു പരാതിയെന്നും കൊട്ടാരത്തിനോ രാജകുമാരിക്കോ എതിരെയല്ലെന്നും കെൻഡല്‍ പറഞ്ഞു. അതേസമയം അലക്സാണ്ടർ മക്വീനും ഡച്ചസും സംഭവത്തെ നിഷേധിച്ചു.

വില്യം രാജകുമാരനും കേറ്റ് മിഡിൽടണും വിവാഹദിനത്തിൽ

പരാതി തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് അലക്സാണ്ടർ മക്വീൻ വക്താക്കൾ പറഞ്ഞു. സാറാ ബർട്ടനിന്റെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന വാർത്ത തീർത്തും അസംബന്ധമാണ്. സാറ കെൻഡലിന്റെ ഏതെങ്കിലും ഡിസൈനുകളോ സ്കെച്ചുകളോ ഒന്നും കണ്ടിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു സംശയത്തിനും സാധ്യതകൾക്കും സ്ഥാനമില്ലെന്നും പരാതി തീർത്തും പരിഹാസകരമാണെന്നും അവർ പറഞ്ഞു. സാറ അതീവ രഹസ്യമായാണ് രാജകുമാരിയ്ക്കു വേണ്ടിയുള്ള വിവാഹ വസ്ത്രം ഡിസൈൻ ചെയ്തതെന്നും അവർ വ്യക്തമാക്കി.