Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീനയുടെയും മനോജിന്റെയും സസ്പെൻസ് ത്രില്ലർ ജീവിതകഥ

Beena Antony മനോജും ബീന ആന്റണിയും

ഗായകനും നടനുമായ മനോജ് പറവൂരിന്റെയും അഭിനയത്തിൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന ബീന ആന്റണിയുടെയും സസ്പെൻസും ത്രില്ലും നിറഞ്ഞ ജീവിതകഥ...

വൈറ്റിലയിലെ ‘മിസ്റ്റിക് ബെൽ’ എന്ന വീട്ടിലേക്ക് കടന്നുചെന്നാൽ ഇവിടെയുള്ളവരുടെ മനസ്സുപോലെ എങ്ങും തുറന്നിട്ട ജനാലകളും വാതിലുകളുമാണ്. മിമിക്രിയിലൂടെ സ്റ്റേജിലെത്തി അഭിനയത്തിൽ ഇടം കുറിച്ച മനോജ് പറവൂരിന്റെയും മലയാളിക്ക് പ്രിയങ്കരിയായ ബീന ആന്റണിയുടെയും വീടാണിത്. സന്തോഷങ്ങളും പിണക്കങ്ങളും കുസൃതികളും സംഗീതവും നിറച്ച് മഞ്ഞുപുലരിയിലെ മണിനാദം പോലെ ഉള്ളുകുളിർത്ത ഒരു വീട്. ‘കനൽക്കാറ്റ്’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ബീന സിനിമയിൽ തുടക്കം കുറിച്ചിട്ട് 25 വർഷമാകുന്നു. മനോജിന്റെ അഭിനയജീവിതത്തിന് ഭാര്യയുടേതിനെക്കാൾ ഒരു വയസ്സ് കുറവാണ്. മകൻ ആരോമലിനെ ചേർത്തിരുത്തി മനോജും ബീനയും സംസാരിച്ചു.

ആകെ സന്തോഷത്തിലാണല്ലോ എല്ലാവരും?

മനോജ് : ഇപ്പോഴത്തെ വലിയ സന്തോഷം മോന് അവാർഡ് കിട്ടിയതാണ്. കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ആരോമലിനായിരുന്നു. ചിൻമയ സ്കൂളിൽ അഞ്ചാംക്ലാസിലാണ് അവൻ പഠിക്കുന്നത്. കൂട്ടുകാരൊന്നും അവാർഡ് വാർത്ത വിശ്വസിച്ചില്ല എന്നുപറഞ്ഞ് അവൻ വിഷമത്തിലാണ്. അവാർഡ് കിട്ടിക്കഴിഞ്ഞ് ഫോട്ടോ ക്ലാസിൽ കൊണ്ടുപോയി കാണിക്കാം എന്നുപറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു.

മഴവിൽ മനോരമയിലെ ‘മഞ്ഞുരുകും കാല’ ത്തിൽ ഒരു പൊസിറ്റീവ് കഥാപാത്രത്തെ കിട്ടിയതിന്റെ സന്തോഷവുമുണ്ട്. അവസാനം ചെയ്ത ‘അമല’യിൽ കൊടുംവില്ലനായിരുന്നു. അതേ സംവിധായകന്റെ തന്നെ അടുത്ത സീരിയലിൽ മുഴുനീള പൊസിറ്റീവ് കഥാപാത്രം കിട്ടിയത് ഭാഗ്യമല്ലേ. ആ സീരിയലിനു തന്നെ മൂന്ന് അവാർഡും കിട്ടി. ഇപ്പോൾ മഴവിൽ മനോരമയിലെ ‘ആത്മസഖി’ എന്ന സീരിയലിലും അഭിനയിച്ചു തുടങ്ങി. അതില്‍ ബീനയാണ് എന്റെ ഭാര്യയായി വരുന്നത്. പിന്നെ, ബീന അഭിനയിച്ചു തുടങ്ങിയിട്ട് 25 വർഷം തികയുന്നു, ആ കഥ ബീന തന്നെ പറയട്ടെ.

ബീന : അത് സിനിമാക്കഥ പോലെയാണ്. ഡിഗ്രി കഴിഞ്ഞ സമയത്ത് ബാങ്കിന്റെ ഇന്റർവ്യൂവിന് പോയതാണ്. തിരിച്ചുവരും വഴി വീടിനടുത്ത് ഷൂട്ടിങ്. കാണാൻ ഞാനും പോയി. അവിടെയുണ്ടായിരുന്ന ഒരാൾ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നുചോദിച്ചു. ഉണ്ടെന്നു ഞാൻ. പിറ്റേദിവസം അസിസ്റ്റന്റ് ഡയറക്ടർ വന്ന് അച്ഛനെ കണ്ടു. ഒരു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ. പറവൂർ ഭരതൻ ചേട്ടന്റെ മോളായാണ് അഭിനയിച്ചത്. അത് നിമിത്തമായി കാണും, ഞാനൊരു പറവൂർക്കാരന്റെ ഭാര്യയുമായി.

ദൂരദർശനിലെ ‘ഇണക്കം പിണക്ക’മാണ് ആദ്യ സീരിയൽ, പിന്നെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും.’ അതിനുശേഷം സിനിമയും സീരിയലുമായി ഞാൻ ഇവിടെയുണ്ട്. സീരിയൽ താരങ്ങളുടെ റിയാലിറ്റി ഷോയിൽ ഞങ്ങളോടൊപ്പം ശങ്കുരു (ആരോമൽ) പങ്കെടുത്തിരുന്നു. അന്ന് സ്കിറ്റ് കണ്ടിട്ട് ജഡ്ജായി വന്ന സംവിധായകൻ ബ്ലസി അഭിനന്ദിച്ചു. അടുത്ത സിനിമയിൽ ആരോമലിന് വേഷം നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും എന്തോ കാരണങ്ങൾ കൊണ്ട് നടന്നില്ല. കുറേ സിനിമകളിലേക്ക് ഓഫർ വന്നിരുന്നു. പ്രസാദ് നൂറനാട് ഒ.എൻ.വി കുറുപ്പിന്റെ ‘കുഞ്ഞേടത്തി’ ഷോർട് ഫിലിമാക്കിയപ്പോൾ മോൻ അതിൽ അഭിനയിച്ചു. തിരുവനന്തപുരത്ത് പോയപ്പോൾ ഒ.എൻ.വി സാറിനെ കണ്ടിരുന്നു. ‘നന്നായി വരട്ടെ’ എന്നു തലയിൽ കൈവച്ച് അദ്ദേഹം മോനെ അനുഗ്രഹിച്ചു. ‘കുഞ്ഞേടത്തി’യിലെ അഭിനയത്തിന് കിട്ടുന്ന മൂന്നാമത്തെ അവാർഡാണ് സ്റ്റേറ്റ് അവാർഡ്.

Beena Antony മനോജും ബീന ആന്റണിയും മകൻ ആരോമലും

രണ്ടുപേരും തിരക്കിലാകുമ്പോൾ മോൻ പരാതി പറയാറുണ്ടോ?

മനോജ്: മിക്കവാറും സീരിയലിന്റെ വർക്കുമായി ഞാനും ബീനയും പുറത്താകും. വീട്ടിലെത്തിയാൽ പിന്നെ അടിച്ചുപൊളിയാണ്. സീരിയലിന്റെ ഷിഫ്റ്റ് അനുസരിച്ച് ലൈഫ് അറേഞ്ച് ചെയ്ത ഏക ദമ്പതികളും ഒരുപക്ഷേ, ഞങ്ങളാകും. കല്യാണം കഴിഞ്ഞ കാലത്ത് ബീന ‘ആലിപ്പഴം’ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. വിവാഹവാർത്ത അറിഞ്ഞ് അഭിനന്ദിക്കാൻ വിളിച്ച സംവിധായകൻ ഒരു അപേക്ഷ കൂടി സമർപ്പിച്ചു, ഉടനേ ഗർഭിണിയായി ബീനചേച്ചി പോയാൽ സീരിയൽ ആകെ കുഴയും. ഈ റോളിൽ ബീന ഇല്ലാതെ പറ്റില്ല. അങ്ങനെ ഒരു വർഷം കാത്തിരുന്ന ശേഷമാണ് ഗർഭിണിയായത്. വളരെ സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു അത്.

രാത്രി കിടക്കുമ്പോൾ പിറക്കാനിരിക്കുന്ന കുഞ്ഞിനുവേണ്ടി ബീനയുടെ വയറിൽ ചുണ്ടുചേർത്ത് പാട്ടുകൾ പാടുമായിരുന്നു. ഒന്നര മാസം കഴിഞ്ഞപ്പോൾ ബീനയുടെ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു. സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയുണ്ടായ അപകടത്തിലാണ് അദ്ദേഹം പോയത്. അന്ന് 52 വയസ്സേ അപ്പച്ചനുള്ളൂ. ബീന ആകെ തളർന്നു. ഒന്നര മാസം കൂടി കഴിഞ്ഞപ്പോൾ ബ്ലീഡിങ്ങായി ആശുപത്രിയിൽ പോയി. സ്കാനിങ്ങിൽ കുട്ടിക്ക് വളർച്ച തീരെ കുറവ്. അപ്പച്ചന്റെ മരണത്തിന്റെ ഷോക്കിൽ ബീന ഉലഞ്ഞപ്പോൾ കുഞ്ഞിന്റെ വളർച്ച നിലച്ചതായിരുന്നു. ഏറെ വേദനിച്ച സമയമായിരുന്നു അത്.

ബീന : ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഞാൻ ഏറെ വിഷമിച്ച് ഒരു ദിവസം രാത്രി ചോദിച്ചു, ‘മനു ആ കുഞ്ഞിനെ എത്ര താലോലിച്ചതാ. എന്നിട്ടും വിഷമമില്ലേ?’ മനു പറഞ്ഞ മറുപടി ഇതായിരുന്നു, ‘ അതിനേക്കാൾ വിലപിടിച്ചതെന്തോ നമുക്ക് തരാൻ ദൈവം നിശ്ചയിച്ചിട്ടുണ്ടാകും.’ മനുവിന്റെ വാക്കുകൾ എനിക്ക് വലിയ ശക്തിയാണ് നൽകിയത്.

കുറേകാലം കഴിഞ്ഞാണ് മനു മറ്റൊരു കാര്യം പറഞ്ഞത്. മൂന്നു പെൺമക്കളിൽ നടുവിലെ ആളാണ് ഞാൻ. അപ്പച്ചൻ മരിച്ച സമയത്ത് പല സുഹൃത്തുക്കളും മനുവിനോട് പറഞ്ഞത്രേ, ബീനയെ വീട്ടിൽ നിന്നു മാറ്റൂ എന്ന്. അപ്പൻ മരിച്ചതിന് കരയരുത് എന്ന് ഒരു മോളോടു പറയാൻ മാത്രം ദുഷ്ടനല്ല എന്നാണ് മനു പറഞ്ഞ മറുപടി. ആ സങ്കടങ്ങളെല്ലാം തീർക്കാൻ ദൈവം തന്നതാണ് ആരോമലിനെ.

സങ്കടങ്ങളിൽ വിശ്വാസമാണല്ലേ തുണ?

മനോജ് : അടിയുറച്ച ദൈവവിശ്വാസിയാണ് ഞാൻ. ദൈവാനുഗ്രഹം കിട്ടുക എന്നതും ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക എന്നതും വളരെ വലിയ കാര്യമാണ്. ബൈബിളും ഗുരുവായൂരപ്പനും ഖുറാനുമുണ്ട് ഞങ്ങളുടെ പൂജാമുറിയിൽ. അച്ഛനാണ് ഇങ്ങനെ എല്ലാ ദൈവങ്ങളെയും വിശ്വസിക്കണമെന്നു ചിന്തിക്കാൻ പഠിപ്പിച്ചത്. കുട്ടിയായിരുന്നപ്പോൾ എന്നെ സ്കൂട്ടറിലിരുത്തി അച്ഛൻ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. പള്ളിയും കുരിശടിയും അമ്പലവും കാണുമ്പോഴെല്ലാം അച്ഛൻ നെഞ്ചിൽ കൈവച്ച് പ്രാർഥിക്കും. പള്ളിയും കുരിശടിയും കണ്ട് അച്ഛനോട് ഞാൻ സംശയം ചോദിച്ചു ‘അവിടെ ദൈവം ഉണ്ടോ’ എന്ന്. അന്ന് അച്ഛൻ പറഞ്ഞ മറുപടി ഇതായിരുന്നു, ‘എല്ലായിടത്തും ഉള്ളത് ഒരേ ദൈവമാണ്.’ ആ വാക്ക് തന്നെ എന്റെ മോനെയും ഞാൻ പഠിപ്പിച്ചു.

മതത്തിന്റെ വേലിക്കെട്ടുകൾ മറന്ന് ബീനയുടെ കൈപിടിക്കാൻ ധൈര്യം കിട്ടിയതും ആ ദൈവത്തിന്റെ പിന്തുണ കൊണ്ടാണ്. കുടുംബത്തിലെ ആദ്യത്തെ മിശ്രവിവാഹമാണ് എന്റേത്. പക്ഷേ, അച്ഛനോ അമ്മയ്ക്കോ ബീന ക്രിസ്ത്യാനി ആണെന്നതിൽ എതിർപ്പൊന്നും ഇല്ലായിരുന്നു. അമ്മൂമ്മയ്ക്ക് മാത്രമായിരുന്നു അൽപം മുറുമുറുപ്പ്. അതുകൊണ്ട് പുള്ളിക്കാരിയോട് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞില്ല. കല്യാണം കഴിഞ്ഞ് ബീന വീട്ടിൽ വന്ന കാലത്ത് ആരോ അമ്മൂമ്മയോട് പറഞ്ഞു ബീന ക്രിസ്ത്യാനിയാണെന്ന്. അന്നേരം അമ്മൂമ്മ തർക്കിച്ചു. ‘കണ്ണില്ലാത്ത ഏതോ ഒരുത്തനാ ഇവൾ നായരുപെണ്ണല്ല എന്നു പറഞ്ഞത്’ എന്നുപറഞ്ഞ്.

ബീന : എന്റെ അപ്പച്ചനും അമ്മയ്ക്കുമൊന്നും വിവാഹത്തിന് യാതൊരു എതിർപ്പുമില്ലായിരുന്നു. മൂന്നുതവണ 41 ദിവസം വ്രതമെടുത്ത് ശബരിമലയ്ക്ക് പോയിട്ടുള്ള ആളാണ് അപ്പച്ചൻ. അപ്പച്ചന്റെ മരണശേഷം അമ്മ ഞങ്ങളുടെ കൂടെയാണ്.

Beena Antony ബീന ആന്റണിയും മനോജും മകൻ ആരോമലും

കലാരംഗത്തേക്കു മനോജ് എത്തിയത്?

മനോജ് : പാട്ട് പഠിച്ചിട്ടില്ല, അതുകൊണ്ട് പാടാൻ പേടിയുമില്ല. അമ്മ ലീലയായിരുന്നു ഞങ്ങളുടെ വീട്ടിലെ കലാകാരി. സ്കൂളിൽ പഠിക്കുന്ന കാലത്ത് പാട്ടും അഭിനയവും മിമിക്രിയും കവിതയെഴുത്തും അമ്മയ്ക്കുണ്ടായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ പുരുഷോത്തമൻ പിള്ള പട്ടാളക്കാരനായിരുന്നു. മൂന്നുമക്കൾക്കും അമ്മയുടെ കഴിവിന്റെയൊക്കെ അംശം പകർന്നുകിട്ടി.

ഞാൻ ആദ്യമായി സ്റ്റേജിൽ കയറി പാടുന്നത് പറവൂർ ബോയ്സ് ഹൈസ്കൂളിൽ ആറാംക്ലാസിൽ പഠിക്കുമ്പോഴാണ്. ലളിതഗാന മത്സരത്തിന് ‘മീൻ’ എന്ന സിനിമയിലെ ‘സംഗീതമേ... നിൻ പൂഞ്ചിറകിൽ...’ എന്ന പാട്ടാണ് പാടിയത്. എനിക്കുമുമ്പേ പാടിയത് നല്ല ഉയരമുള്ള ഒരുത്തനായിരുന്നു. അവന്റെ പൊക്കത്തിനൊപ്പിച്ച് വച്ചിരുന്ന മൈക്കിലാണ് ഞാൻ പാടുന്നത്. പാടുമ്പോൾ എന്റെ കഴുത്ത് മുകളിലേക്ക് വളഞ്ഞിരിക്കുകയാണ്, നോട്ടം ആകാശത്തേക്കും. ദൈവത്തെ കണ്ട് പാടിയെന്ന് വേണമെങ്കിൽ പറയാം. ആദ്യമായി മൈക്കിൽ പാടുന്നതിന്റെ വിറയുണ്ടായിരുന്നെങ്കിലും സെക്കൻഡ് പ്രൈസ് കിട്ടി. കോളജിൽ പഠിക്കുന്ന കാലത്ത് പാട്ടുകാരനെന്ന ഇമേജ് വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, ബോയ്സ് സ്കൂളിൽ നിന്ന് മിക്സഡ് കോളജിലേക്ക് ചെന്നപ്പോ ആകെ അങ്കലാപ്പ്. ഒരു സുഹൃത്ത് ഉപദേശിച്ചു, ‘പെൺകുട്ടികളൊക്കെ ആരാധികമാരായുണ്ട്. അവരോട് വളവളാന്ന് സംസാരിക്കാൻ പോയാ ൽ ഉള്ള വില കൂടി പോകും.’ ആദ്യമൊക്കെ അത് അക്ഷരംപ്രതി പാലിച്ചു. പിന്നെ എന്റെയീ ബലംപിടിത്തം കാരണം ആരും സംസാരിക്കാൻ വരാതായി. ആ ഉപദേശം തന്ന കൂട്ടുകാരനെ കാണാനിരിക്കുകയാ ഇപ്പോ ഞാൻ...

ദൂരദർശന്റെ ‘ഐതിഹ്യമാല’യിൽ സാമൂതിരിപ്പാടിന്റെ വേഷം അഭിനയിച്ച് സീരിയലിലെത്തി. പക്ഷേ, അതോടെ വീട്ടുകാർക്ക് പേടിയായി ഞാൻ വഴിതെറ്റി പോകുമോ എന്ന്. നിർബന്ധം സഹിക്കാതെ ഗൾഫിലേക്ക് പോയി. മൂന്നരവർഷത്തെ പ്രവാസജീവിതം ഒരു വലിയ സത്യം മനസ്സിലാക്കിത്തന്നു, കലാകാരനായല്ലാതെ എനിക്ക് ജീവിക്കാനാകില്ല. മടങ്ങിവന്ന ശേഷം മിമിക്രി ട്രൂപ്പുകളിൽ ചേർന്നു ജീവിതം മുന്നോട്ടുപോയി. പിന്നീട് കേബിൾ യുഗത്തിൽ ചാനലുകൾ വന്നപ്പോൾ സീരിയലിൽ ഞങ്ങൾക്കും തിരക്കായി. പാട്ടുപാടാൻ അന്നും ഇന്നും വലിയ ഇഷ്ടമാണ്. ‘പ്രണയരാഗം’ എന്ന ആൽബത്തിൽ ഈയിടെ പാടി. അതിലെ മറ്റു പാട്ടുകൾ പാടിയിരിക്കുന്നത് ഉണ്ണിമേനോനും ശരത്തും സുജാതയുമാണ്.

ബീന : ഗൾഫിൽ ഗതികിട്ടാതെ വന്നതുകൊണ്ടാണ് മനു സീരിയലിൽ വന്നതെന്നു പറഞ്ഞ് ഞാൻ ഇടയ്ക്ക് കളിയാക്കും, അന്നു കുറേ കാശുണ്ടാക്കി പണക്കാരനായെങ്കിൽ ഇപ്പോ സീരിയൽ നിർമിച്ചെങ്കിലും മനു ഈ ഫീൽഡിൽ വന്നേനെ. മോനെ പാട്ട് പഠിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് ചില പഴയ പാട്ടുകൾ മനുവും പഠിപ്പിക്കും. അവന് ചിത്രം വരയ്ക്കാനും മിമിക്രി അവതരിപ്പിക്കാനും ഇഷ്ടമാണ്.

ആരോമൽ : പക്ഷേ, എനിക്ക് ചിത്രകാരനാകണം എന്നാ ആഗ്രഹം. പക്ഷേ, അത് അമ്മ സമ്മതിക്കില്ല. അതോണ്ട് ആരോടും പറയണ്ടട്ടോ... രഹസ്യമാ.

ഡബ്ബിങ്ങിലും മനോജ് കൈവച്ചല്ലോ?

ആദ്യമായി ഡബ്ബ് ചെയ്തത് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിക്ക് വേണ്ടിയാണ്. അദ്ദേഹത്തിന്റെ ‘ചേകവൻ’ എന്ന സിനിമ മലയാളത്തിലേക്ക് വന്നപ്പോൾ എന്നെയും വിളിച്ചു. ഈയിടെ ഉച്ചയ്ക്ക് വീട്ടിലിരിക്കുമ്പോൾ ‘ചേകവൻ’ ടിവിയിൽ കണ്ടിട്ട് ഒരു സുഹൃത്ത് വിളിച്ചു. ചിരഞ്ജീവി സംസാരിക്കുമ്പോ ചേട്ടന്റെ ശബ്ദം പോലെ തോന്നുന്നു എന്നാണ് അവൻ പറഞ്ഞത്. ‘ബില്ല ടു’ മലയാളത്തിലാക്കിയപ്പോ അജിത്തിനു വേണ്ടിയും ഡബ്ബ് ചെയ്തു. മോഹൻലാൽ നായകനായ‘പുലിമുരുക’നിൽ തെലുങ്ക് നടൻ ജഗപതി ബാബുവിനു വേണ്ടിയും ഡബ്ബ് ചെയ്തു. അഭിനയത്തിനിടയിൽ കിട്ടുന്ന സമയം ഡബ്ബിങ്ങിനു വിനിയോഗിക്കുമ്പോൾ ഒരു സന്തോഷം കൂടിയുണ്ട്, നമ്മുടെ ശബ്ദം തിരിച്ചറിയപ്പെടുന്നുണ്ടല്ലോ.

Beena Antony ബീന ആന്റണിയും മനോജും മകൻ ആരോമലും

ബീനയാണോ മനോജിന്റെ കോസ്റ്റ്യൂമറും കുക്കും?

മനോജ് : ബീന നല്ല കുക്ക് ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കല്യാണം കഴിഞ്ഞുവന്ന കാലത്തേ അവൾ അത് തെളിയിച്ചിട്ടുള്ളതാണ്. പുതിയ ഡിഷുകൾ പഠിച്ചെടുക്കാൻ അവൾക്ക് വലിയ ഉത്സാഹമാണ്. കുക്കറി ഷോ കണ്ടും പാചകപുസ്തകങ്ങൾ നോക്കിയും പരീക്ഷണങ്ങൾ നടത്തും. ഒരിക്കൽ അവളൊരു ഡിഷ് ഉണ്ടാക്കി, പേരൊന്നും അറിയില്ല പക്ഷേ, അതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. വീട്ടിലാകുമ്പോൾ മിക്കവാറും അവൾ അടുക്കളയിൽ കയറും. ഡ്രസൊക്കെ അവൾ തന്നെയാണ് സെലക്ട് ചെയ്യുന്നത്. എനിക്കും ചിലപ്പോൾ അവൾ ഡ്രസെടുക്കും.

ബീന : ഒരു ദിവസം ഏതോ പാചകപരിപാടിയിൽ കണ്ടിട്ട് ഒരു മിക്സഡ് കറി ഉണ്ടാക്കി. മഷ്റൂമും ചിക്കനും വെജിറ്റബിൾസുമൊക്കെ ചേർത്തുണ്ടാക്കിയ കറി. അന്ന് ഞാൻ വച്ച ഫ്രൈഡ്റൈസ് മത്സരിച്ചു കഴിക്കുകയായിരുന്നു ശങ്കുരുവും മനുവും. പാചകം എനിക്ക് ഇഷ്ടമാണ്. മനുവിനെ കണ്ടാൽ അറിയാല്ലോ ഭക്ഷണ പ്രിയനാണെന്ന്. കഴിക്കാൻ ഇഷ്ടമുള്ളവർക്ക് വേണ്ടി ഭക്ഷണമുണ്ടാക്കുന്നത് നല്ല രസമുള്ള കാര്യമാ. ഷോപ്പിങ്ങിന് ഞങ്ങൾ ഒന്നിച്ചാണ് പോകുന്നതെങ്കിലും എന്റെ ഡ്രസൊക്കെ ഞാൻ തന്നെയാണ് എടുക്കുന്നത്. സീരിയലിനു വേണ്ടി കൂടി ആയതിനാൽ പല തരത്തിലുള്ള ഡ്രസ് വാങ്ങും. കൊച്ചിയിൽ നിന്നാണ് പ്രധാനമായും ഷോപ്പിങ്.

സിനിമ വേണ്ടത്ര സ്വീകരിച്ചില്ല എന്ന നിരാശയുണ്ടോ?

മനോജ് : അഭിനയമാണ് എന്നത്തെയും മോഹം. സിനിമ തന്നെയാണ് എപ്പോഴത്തെയും ആശ. പിന്നെ, സിനിമയ്ക്കായി കൂടുതൽ ദിവസങ്ങൾ മാറ്റിവച്ചാൽ സീരിയലിൽ വർക്ക് ചെയ്യാൻ പറ്റാതെ വരും. ‘കാര്യസ്ഥനു’വേണ്ടിയാണ് ഏറ്റവും കൂടുതൽ ഡേറ്റ് നൽകി മാറി നിന്നിട്ടുള്ളത്. ട്രാഫിക്കിലെ പൊലിസ് കൺട്രോൾ റൂം ഉദ്യോഗസ്ഥന്റെ റോളിനായി ആകെ മൂന്നു ദിവസമേ വേണ്ടിവന്നുള്ളൂ.

സീരിയലിൽ നമ്മൾ എത്ര നന്നായി അഭിനയിച്ചാലും അത് ആ ദിവസത്തെ അരമണിക്കൂറിൽ ഒതുങ്ങും. അന്നേരം കറന്റോ കേബിളോ ഇല്ലെങ്കിൽ സംഗതി ഗോവിന്ദ. പക്ഷേ, സിനിമ അങ്ങനെയല്ല. എത്ര വർഷം കഴിഞ്ഞു വേണമെങ്കിലും കാണാനുള്ള സൗകര്യമുണ്ട്, ഓർമിക്കപ്പെടാനുള്ള അവസരമുണ്ട്. സിനിമ അത്ര നന്നായി സ്വീകരിച്ചില്ല എന്നോർത്ത് വിഷമിക്കാനൊന്നും ഞങ്ങളെ കിട്ടില്ല.

ഇതിനിടെ അരികിലെത്തിയ ശങ്കുരുവിനൊപ്പം മിമിക്രി തുടങ്ങി മനോജ്. സുരേഷ് ഗോപിയുടെ ഡയലോഗ് പാട്ടിന്റെ ഈണത്തിൽ അവിടെ മുഴങ്ങി. ‘‘എന്റെ അപ്പനെ പിന്നീന്ന് കുത്തിയത് ഇതിൽ ഏത് മറ്റേ മോനാണെങ്കിലും

അവനെ കൊല്ലും ചാക്കോച്ചി... വെള്ളം മോന്തും ചാക്കോച്ചി... കൽക്കരി തിന്നും ചാക്കോച്ചി...’’

Your Rating: