Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേർപിരിഞ്ഞിട്ടും ഞങ്ങൾ നല്ല സുഹൃത്തുക്കൾ

charmila-2 പണ്ട് സെലക്ടീവല്ലാതെ കുറെ അഭിനയിച്ചിട്ടുണ്ട്. അതായിരുന്നു എനിക്കു പറ്റിയ പിഴവ്. ഇപ്പോഴും ഒരുപാട് വിളി വരുന്നുണ്ട്. പക്ഷേ നല്ല കഥാപാത്രമാണെങ്കിലേ ചെയ്യു എന്നു തീരുമാനിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ നായികയായി തിളങ്ങിയ ചാർമിള വീണ്ടും മഴവിൽ മനോരമയിലെ മംഗല്യപ്പട്ട് എന്ന സീരിയലിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. നായികയിൽ നിന്നും അമ്മ വേഷത്തിലേക്കുള്ള മടങ്ങിവരവിന്റെ കഥ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുകയാണ് ചാർമിള.

എങ്ങനെയാണ് സീരിയലിൽ എത്തുന്നത്?

കുറെ ചാനലുകളിലെ സീരിയലുകളിൽ നിന്നു വിളി വന്നിരുന്നു. എല്ലാം ഒരുപോലെ ബോറടി കഥാപാത്രമായിരുന്നു. തറവാടി സ്ത്രീ. എപ്പോഴും കരച്ചിൽ മാത്രമായി വീട്ടിൽ കിടന്നു കറങ്ങുന്ന കഥാപാത്രം. എന്നാൽ മംഗല്യപ്പട്ടിലെ മേനക വ്യത്യസ്ത കഥാപാത്രമാണ്. അവൾ യഥാർഥത്തിൽ പാവമാണ്. എന്നാൽ ഭര്‍ത്താവ് അവളിൽക്കൂടി അയാളുടെ ആവശ്യങ്ങൾ നടത്തിക്കുകയാണ്. മറ്റുള്ളവരുടെ മുന്നിൽ അവൾ അഹങ്കാരിയാണ്. എന്നാൽ അവൾ കുടുംബത്തിനും മക്കൾക്കും വേണ്ടി ജീവിക്കുന്നു. മകൻ ഒന്നും ചെയ്യാൻ അറിയാത്ത ഒരു പാവം. മകളാണെങ്കിൽ അടിച്ചുപൊളിച്ചു നടക്കുന്ന ഒരു പെൺകുട്ടിയും.

സിനിമയിൽ എന്റെ കഥാപാത്രങ്ങളെല്ലാം പാവം പെണ്ണോ അല്ലെങ്കിൽ വളരെ മോഡേണായ കഥാപാത്രമോ ആയിരുന്നു. എല്ലാം ഒരുപോലത്തെ വേഷങ്ങൾ.നടി മഞ്ജുവാര്യരൊക്കെ കുറച്ചുനാളെ നിന്നുള്ളുവെങ്കിലും പലതരം കഥാപാത്രം ലഭിച്ചു. പക്ഷേ, എനിക്കങ്ങനെ ലഭിച്ചില്ല.

charmila-1 നായികയായി റൊമാൻസും ഗ്ലാമറുമൊക്കെ കാണിച്ചാലും അമ്മവേഷമാണ് എന്നും നമ്മുടെ മനസിൽ നിൽക്കുക.

ഇനി മലയാള സിനിമയിൽ അഭിനയിക്കുന്നില്ലേ?

തമിഴിൽ ഇപ്പോൾ 15 സിനിമ കഴിഞ്ഞു. മലയാളത്തിൽ വിക്രമാദിത്യനിൽ അഭിനയിച്ചു. ചെറിയ റോൾ ആയിരുന്നു. ലാൽ‍ജോസിനോടൊപ്പം വർക്കു ചെയ്യാൻ വേണ്ടിയാണ് വിക്രമാദിത്യനിൽ അഭിനയിച്ചത്. തമിഴിലാണെങ്കിൽ സൂപ്പർതാരങ്ങളുടെ സിനിമകൾക്കു മാത്രമേ തീയ്യറ്റർ കിട്ടൂ. തമിഴിൽ അഭിനയിച്ച സിനിമകളിൽ കുറെ എണ്ണം റിലീസാവാനുണ്ട്. പണ്ട് സെലക്ടീവല്ലാതെ കുറെ അഭിനയിച്ചിട്ടുണ്ട്. അതായിരുന്നു എനിക്കു പറ്റിയ പിഴവ്. ഇപ്പോഴും ഒരുപാട് വിളി വരുന്നുണ്ട്,. പക്ഷേ നല്ല കഥാപാത്രമാണെങ്കിലേ ചെയ്യു എന്നു തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ മംഗല്യപ്പട്ട് സീരിയലിൽ മാത്രം അഭിനയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സീരിയലും സിനിമയുമായുള്ള വ്യത്യാസം?

സീരിയലിൽ‌ നിന്ന് അഭിനയത്തിൽ ഒരുപാട് പഠിക്കാനുണ്ട്. സീനുകളൊക്കെ കുറെസമയം ഒരുമിച്ചു ഷൂട്ട് ചെയ്യും. സിനിമയിൽ എല്ലാം കട്ട് ഷോട്ട് ആണ്. മംഗല്യപ്പട്ടിന്റെ സംവിധായകൻ നല്ല പേരുകേട്ടയാളാണ്. ഇവരുടേയൊക്കെ സംവിധാന ശൈലിയിൽ നിന്ന് നമുക്ക് കുറെ പഠിക്കാനുണ്ട്, ഭാവിയിൽ സംവിധാനം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. രണ്ടു കഥകൾ റെഡിയായിട്ടുണ്ട് തമിഴിൽ. നിർമാതാവും കൂടി ഒകെ ആയാൽ ചെയ്യണം.

സിനിമയാണെങ്കിൽ എനിക്ക് വൈകുന്നേരം പാക്കപ്പ് ചെയ്യാം. തമിഴിലാണെങ്കിൽ വൈകുന്നേരം വീട്ടിലെത്താം. അവിടെ നായകനും നായികയ്ക്കും മാത്രമേ ഒൗട്ട് ഡോർ ഷൂട്ടുണ്ടാവൂ. ബാക്കിയെല്ലാവരും സെറ്റിനകത്താവും. കഴിഞ്ഞ എട്ടുകൊല്ലാം അങ്ങനെയാണ് ഞാൻ അഭിനയിച്ചത്.

charmila സിനിമയിൽ എന്റെ കഥാപാത്രങ്ങളെല്ലാം പാവം പെണ്ണോ അല്ലെങ്കിൽ വളരെ മോഡേണായ കഥാപാത്രമോ ആയിരുന്നു. എല്ലാം ഒരുപോലത്തെ വേഷങ്ങൾ.

നായികയിൽ നിന്ന് അമ്മവേഷം ചെയ്യാൻ മടിയില്ലേ?

പൊന്നമ്മച്ചേച്ചിയേയും ശ്രീവിദ്യാമ്മയേയുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. നായികയായി റൊമാൻസും ഗ്ലാമറുമൊക്കെ കാണിച്ചാലും അമ്മവേഷമാണ് എന്നും നമ്മുടെ മനസിൽ നിൽക്കുക. കാബൂളിവാലയിലെ വിദ്യചേച്ചിയുടെ അഭിനയം വളരെ ഇഷ്ടമാണ്. വിഷമം സഹിച്ചാണെങ്കിലും മകനോട് തിരിച്ചുപോക്കോളാൻ പറയുന്നത് എന്റെ മനസിൽ തങ്ങിയ കഥാപാത്രമാണ്. പിന്നെ പ്രായം മാറുമ്പോൾ നമ്മൾ അതിനനുസരിച്ച വേഷവും തിരഞ്ഞെടുക്കണം.

സാരിയാണല്ലോ സീരിയലിലെ മുഖ്യ വേഷം?

അതാണു ഞാൻ നേരിടുന്ന വലിയ പ്രശ്നം. സാരിയുടുക്കാൻ എനിക്ക് ഒട്ടും അറിയില്ല, സീരിയലിൽ എന്റെ മകളായും പിന്നെ സഹോദരന്റെ കുട്ടിയായും അഭിനയിക്കുന്ന രണ്ടുപേരാണ് എനിക്ക് സാരി ഉടുത്തു തരുന്നത്. അതുകൊണ്ട് അവർ സെറ്റിലില്ലെങ്കിൽ ഞാൻ നെർവസാകും.

charmila-3 ഭാവിയിൽ സംവിധാനം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. രണ്ടു കഥകൾ റെഡിയായിട്ടുണ്ട് തമിഴിൽ. നിർമാതാവും കൂടി ഒകെ ആയാൽ ചെയ്യണം.

കുടുംബം?

എന്റെ മോന് എട്ടുവയസേ ഉള്ളൂ. പേര് അഡോണിസ്. ഒരു വർഷം മുൻപ് ഞാനും ഭർത്താവുമായി പിരിഞ്ഞു. സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതു മുതൽ മോന്റെ കാര്യങ്ങൾ നോക്കാൻ പ്രയാസമാണ്. അമ്മയ്ക്ക് പ്രായമായി. ചെന്നൈയിലാണ് ഞാൻ താമസിക്കുന്നത്. കേരളത്തിൽ ഷൂട്ടിന് വരുമ്പോൾ മോനു വിഷമമാണ്.

ഞാനും ഭർത്താവുമായി പിരിഞ്ഞുവെങ്കിലും മോനെ കാണുവാൻ വരും. ഞങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ്. കോടതി മോനോട് ആരോടൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ അവൻ അമ്മയുടെ കൂടെ എന്നു പറഞ്ഞു, പിന്നെ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നതെന്നു ചോദിച്ചപ്പോൾ ഇനി അപ്പയെ കാണാൻ പറ്റില്ലേ എന്നാണ് അവൻ ചോദിച്ചത്. ഞാൻ പറഞ്ഞു മോന് എപ്പോൾ വേണമെങ്കിലും അപ്പയെ കാണാമെന്ന്.

വിവാഹമോചനം നേടി ഞങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും ഭർത്താവിന്റെ കോൾ വന്നു. എന്താണെന്നു ചോദിച്ചപ്പോൾ മകനെക്കാണണമെന്നു പറഞ്ഞു. ഞാൻ പറഞ്ഞു വീട്ടിലേക്കുവരൂ, ഭക്ഷണം കഴിച്ചിട്ടു പോകാമെന്ന്. അദ്ദേഹം വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ് പോയത്. ഇപ്പോൾ വിയറ്റ്നാമിലാണ്. ആദ്യമായി മംഗല്യപ്പട്ടിലഭിനയിക്കാൻ സെറ്റിലേക്കു വന്നപ്പോൾ അദ്ദേഹമാണ് കൂട്ടു വന്നത്.

charmila-4 ഞാനും ഭർത്താവുമായി പിരിഞ്ഞുവെങ്കിലും മോനെ കാണുവാൻ വരും. ഞങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ്.

വിവാഹമോചനം നേടി എന്നു പറ‍‍ഞ്ഞാൽ അടിച്ചു പിരിഞ്ഞു എന്നാണ് എല്ലാവരുടേയും മനസിൽ. ഞങ്ങളുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്ന അന്ന് എനിക്കു നല്ല ചുമയായിരുന്നു. സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ. എന്നാൽ എനിക്ക് വെള്ളം വാങ്ങിത്തന്നത് അദ്ദേഹമാണ്. നിനക്കു വയ്യേ, ഇതാ വെള്ളം കുടിക്ക് എന്നാണദ്ദേഹം പറ‍ഞ്ഞത്. അവസാനം വക്കീലന്മാർക്ക് ഭയമായി. ഇനി അവർ പിരിയില്ലേ എന്നോർത്ത്. അവസാനം ഞങ്ങളെ പിരിച്ചു എന്നു പറഞ്ഞാൽ മതി.
 

Your Rating: