Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കു ഭയമില്ല, വാട്സ്ആപ്പിൽ വന്നത് എന്റെ ക്ലിപ്പിങ് തന്നെ: ശാലു കുര്യൻ

shalu-kurian ശാലു കുര്യൻ

വർഷ എന്ന പേരു കേട്ടാൽ ആദ്യം ഒാർമ വരിക ചന്ദനമഴ എന്ന സീരിയലും അതിലെ വില്ലത്തി വർഷയെയുമായിരിക്കും. നായികയെ നോവിക്കാനും അവളെ തളർത്താനും വില്ലത്തിയും അവളുടെ അമ്മയും ചേർന്നു നടത്തുന്ന കുതന്ത്രങ്ങൾ മലയാളിക്ക് ഏറെ ഇഷ്ടമാണ്. വർഷ എന്ന വില്ലത്തിയുടെ യഥാർഥ പേര് ശാലു കുര്യനെന്നാണെന്നു പോലും അധികമാർക്കുമറിയില്ല. തന്റെ സീരിയൽ അനുഭവങ്ങളെക്കുറിച്ച് ശാലു മനസു തുറക്കുന്നു.

വർഷയായി വേഷമിട്ടപ്പോൾ ജീവിതം മാറിയോ?

വലിയ പോപ്പുലാരിറ്റി കിട്ടി എന്നതാണ് വർഷ എന്ന കഥാപാത്രം എനിക്കു നൽകിയ ഏറ്റവും വലിയ സന്തോഷം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് നമ്മുടെ മുഖം പരിചിതമായി. നേരത്തേയും ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇൗ വേഷമാണ് ഏറ്റവും ശ്രദ്ധേയമായത്. വർഷ എന്നാണ് എന്റെ ശരിക്കും പേരെന്നാണ് എല്ലാവരുടേയും വിചാരം. ശാലു കുര്യൻ എന്ന ആർടിസ്റ്റിനെ തിരിച്ചറിഞ്ഞു തുടങ്ങിയതാണ് വലിയ സന്തോഷം.

വർഷയെ ആരെങ്കിലും തല്ലാൻ വന്നിട്ടുണ്ടോ?

സത്യത്തിൽ വർഷ എന്ന കഥാപാത്രത്തോട് ആർക്കും അത്ര വലിയ ദേഷ്യമൊന്നുമില്ല. ചില കുസൃതികളൊക്കെ കാണിക്കുമെങ്കിലും ആർക്കും അടങ്ങാത്ത വൈരാഗ്യമൊന്നും തോന്നിയിട്ടില്ല. അമൃതയെ ദ്രോഹിക്കുന്ന ഭാഗം സംപ്രേക്ഷണം ചെയ്യുന്നതിന്റെ പിറ്റേ ദിവസമൊക്കെ ചിലർ കാണുമ്പോൾ കുറെ കൂടുന്നുണ്ട് ഉപദ്രവം എന്നൊക്കെ പറയും. പിന്നെ ഇപ്പോൾ ദ്രോഹം കുറച്ചിട്ടുണ്ട്. പണ്ടു ഭയങ്കര വില്ലത്തിയായിരുന്നു. ആസമയത്ത് ഒരു ദിവസം കോട്ടയം മെഡിക്കൽ കോളജിൽ വച്ച് ഒരു ചേച്ചി ഭയങ്കരമായി ചൂടായി, എന്റെ മുന്നിൽ കണ്ടുപോകരുതെന്ന് പറഞ്ഞ് ഒച്ചയെടുത്തു. അമൃതയോടുള്ള ക്രൂരത നിർത്തണമെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്കു സന്തോഷമാണ്. കാരണം നമ്മുടെ വേഷത്തെ അംഗീകരിച്ചതിനു തെളിവാണല്ലോ ഇതെല്ലാം.

shalu-kurian-1 ശാലു കുര്യൻ

വില്ലത്തി വേഷം തുടർക്കഥയാണോ?

മഴവിൽ മനോരമയിലെ ഇന്ദിരയിൽ കൂടിയാണ് വില്ലത്തിയായി ആദ്യമായി എത്തുന്നത്. അതിനുശേഷം സരയു എന്ന സീരിയലിൽ രജനി എന്ന വില്ലത്തി വേഷം ചെയ്തു. ആ സമയത്ത് തന്നെ ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പിക്കല്ല്യാണി എന്ന സീരിയലിലും പ്രധാന വേഷം ചെയ്യാൻ സാധിച്ചു. ഒപ്പം കല്ല്യാണി കളവാണിയിൽ കോമഡി ചെയ്തു. അങ്ങനെ എല്ലാവേഷങ്ങളും ചെയ്യുന്നുണ്ട്.

ശരിക്കും ശാലു എത്തരം സ്വഭാവക്കാരിയാണ്?

ഞാൻ അത്ര ധൈര്യം ഉള്ള ആളൊന്നുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നല്ല ധൈര്യം സംഭരിച്ചു. നമ്മൾ ജോലി ചെയ്യുന്ന ഫീൽഡ് അത്തരമാണ്. അവിടെ പാവമായി നിന്നാൽ പറ്റില്ല. പണ്ട് ആരെങ്കിലും എടീ എന്നു വിളിച്ചാൽ പേടിച്ചു പോകുമായിരുന്നു, എന്നാൽ ഇപ്പോൾ എന്താടാ എന്നു തിരിച്ചു ചോദിക്കാനുള്ള ധൈര്യമൊക്കെയുണ്ട്.

വാട്സാപ്പ് പ്രശ്നത്തിലും ധൈര്യമായി പ്രതികരിച്ചല്ലോ?

നമ്മൾ ആരെയും പേടിക്കേണ്ട കാര്യമില്ല. വാട്സാപ്പിൽ പ്രചരിച്ചത് എന്റെ ക്ലിപ്പിങ്ങായിരുന്നു. അത് പണ്ടൊരു സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്. അത് മോശം സർട്ടിഫിക്കറ്റ് കിട്ടേണ്ട സിനിമയല്ല. അതാണ് ഞാൻ തുറന്നു പറഞ്ഞതും. അതിൽ എനിക്ക് കുറ്റബോധമില്ല. ചെയ്തത് ചെയ്തു എന്നു പറയുന്നതിൽ എന്താണ് തെറ്റ്? എന്റേതല്ലെങ്കിൽ മാത്രമല്ലേ ഞാൻ വിഷമിക്കേണ്ട കാര്യമുള്ളൂ. അന്നും എന്റെ കൂടെ നിൽക്കാൻ കുടുംബമുണ്ട്. ഇന്നുമുണ്ട്. അതാണ് തുറന്നു പറയാൻ പ്രേരിപ്പിച്ചത്.

shalu-kurian-2 ശാലു കുര്യൻ സീരിയൽ സഹതാരങ്ങൾക്കൊപ്പം

എങ്ങനെ അഭിനയ രംഗത്തെത്തി?

എല്ലാവരേയും പോലെ നൃത്തത്തിലൂടെ തന്നെയാണ് അഭിനയ രംഗത്തത്തിയത്. ഇപ്പോൾ ഒമ്പത് വർഷമായി. സരയൂ എന്ന സീരിയലിലെ അഭിനയം കണ്ടിട്ടാണ് പ്രൊഡ്യൂസർ ജയകുമാർ സാർ ചന്ദനമഴയിലേക്ക് ക്ഷണിക്കുന്നത്.

സിനിമയാണോ സ്വപ്നം?സീരിയൽ താരങ്ങളോട് സിനിമയിൽ അവഗണനയുണ്ടോ?

എനിക്കങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. സീരിയലിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയപ്പോഴാണ് എനിക്ക് സിനിമയിൽ നിന്ന് നല്ല അവസരങ്ങൾ തേടി വരാൻ തുടങ്ങിയത്. സീരിയൽ കണ്ടതുകൊണ്ടാണ് എനിക്ക് ഇത്രയുമൊക്കെ അഭിനയ ശേഷിയുണ്ടെന്ന് സംവിധായകർ മനസിലാക്കി തുടങ്ങിയത്. അതുകൊണ്ട് സീരിയൽ അഭിനയം പോസിറ്റീവായാണ് എടുക്കുന്നത്. സിനിമയിലെ നല്ല വേഷങ്ങൾ സീരിയലിന്റെ ഡേറ്റ് ക്ലാഷ് മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ ഇതിനുമുമ്പും സിനിമ ചെയ്തിട്ടുണ്ട്. നല്ല വേഷങ്ങൾ കിട്ടിയാൽ ഭാവിയിൽ സിനിമ ചെയ്യും.

വിവാഹം?

സീരിയലിന്റെ ഡേറ്റുമായി ക്ലാഷുവരുന്നതു കൊണ്ട് വിവാഹം കഴിക്കാൻ ഡേറ്റ് കിട്ടുന്നില്ല. (ശാലു ചിരിക്കുന്നു) സത്യത്തിൽ വിവാഹമാലോചിക്കാൻ ഇൗ നിമിഷം വരെ തുടങ്ങിയിട്ടില്ല. ഇനി നാളെ മുതൽ തുടങ്ങുമോ എന്നും അറിയില്ല.

shalu-3 ശാലു കുര്യൻ

കുടുംബം?

കോട്ടയത്താണ് വീട്. വീട്ടിൽ അച്ഛൻ ,അമ്മ, അനുജൻ എന്നിവരുണ്ട്.