അസിന്റെ വിരുന്നിന് ജാക്വിലിനെ മലയാളിക്കുട്ടിയാക്കിയത് പൂർണിമ

ജാക്വിലിൻ ഫെർണാണ്ടസിനെ മലയാളി മങ്കയാക്കിയ പൂര്‍ണിമ ഇന്ദ്രജിത്ത്

കസവുസാരി, മുല്ലപ്പൂ, ജിമിക്കി കമ്മലും മാങ്ങാമാലയും, വാലിട്ടു നീട്ടിയ കണ്ണുകളും വട്ടപ്പൊട്ടും... പറഞ്ഞു വരുന്നത് മലയാളികളുടെ തനിനാടന്‍ സൗന്ദര്യത്തെപ്പറ്റിയാണ്... ലെഗിങ്സും ജീൻസും ഹെവി വൈറ്റ് സാരികളും ചുരിദാറുകളുമൊക്കെ അരങ്ങു തകർക്കുമ്പോഴും നമ്മുടെ പ്രിയ്യപ്പെട്ട കേരളീയ വസ്ത്രത്തിന്റെ പ്രചാരത്തിന് ഒരു കുറവും വന്നിട്ടില്ല. കടൽ കടന്നുവന്ന ബോളിവു‍ഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസും ഒരുദിവസത്തേക്ക് തനിമലയാളി സുന്ദരിയായി. പ്രിയനടി അസിൻ തോട്ടുങ്കലിന്റെ വിവാഹ സൽക്കാര ചടങ്ങിനു വേണ്ടിയാണ് ജാക്വിലിൻ കേരള സുന്ദരിയായെത്തിയത്. ജാക്വിലിനെ ശാലീന സുന്ദരിയാക്കിയത് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് ആണ്. ജാക്വിലിനെ കസവിൻ മറവിലെ സുന്ദരിയാക്കിയ വിശേഷങ്ങൾ പൂർണിമ തന്നെ മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുന്നു.

ജാക്വിലിൻ ഫെർണാണ്ടസിനെ മലയാളി മങ്കയാക്കിയ പൂർണിമ ഇന്ദ്രജിത്ത്

അസിനു ജാക്വിലിനും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് ജാക്വിലിൻ നേരത്തെതന്നെ എന്നോടു പറഞ്ഞിരുന്നു കുറച്ചു വെറൈറ്റി ആയി എന്തെങ്കിലും വേണമെന്ന്. ജാക്വിലിന്‍ ആണെങ്കിൽ നമ്മുടെ കേരള രീതിയിലുള്ള സാരികളും വസ്ത്രങ്ങളുമൊക്കെ അത്രയും ഇഷ്ടപ്പെടുന്നയാളാണ്. സൗത്ഇന്ത്യൻ സിനിമയിൽ അഭിനയിച്ചിട്ടുമില്ലല്ലോ. കേരള സാരികൾ ധരിക്കാൻ വേണ്ടിയെങ്കിലും മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് പൂർണമായും കേരള രീതിയിൽ ജാക്വിലിനെ ഒരുക്കാൻ തീരുമാനിക്കുന്നത്. സെറ്റു സാരിയ്ക്കു പകരം സ്കർട്ടും ദാവണിയുമാണ് ഡിസൈൻ ചെയ്തത്. കണ്ടാല്‍ സാരി പോലെ തോന്നുമെങ്കിലും താഴ്ഭാഗത്ത് വിരിഞ്ഞു നില്‍ക്കുന്ന സ്കർട്ടും മോഹിനിയാട്ടത്തിലെ ദാവണിയ്ക്കു സമാനമായ നേര്യതുമാണത്. ഓഫ് വൈറ്റ് സ്കർട്ടും ഗോൾഡന്‍ എംബ്രോയ്ഡറി ചെയ്ത ദാവണിയും. ഒറ്റക്കാഴ്ച്ചയിൽ തന്നെ ജാക്വിലിന് ആവേശമായി. പിന്നെ സാരിയൊന്നും ഉടുത്തു ശീലമില്ലാത്തതുകൊണ്ടാണ് സ്കർട്ട് ആക്കുവാൻ തീരുമാനിച്ചത്. മാത്രമല്ല പാർട്ടി പോലുള്ള സന്ദർഭങ്ങളിൽ കുറച്ചു കംഫർട്ടബിൾ ആയി നടക്കാൻ സാരിയേക്കാൾ നല്ലത് ഇതു തന്നെയാണ്. ജാക്വിലിൻ ധരിച്ച ആഭരണങ്ങളും എന്റേതു തന്നെയാണ്. വസ്ത്രത്തിനു ചേരുക നമ്മുടെ പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങൾ ആയതിനാൽ എന്റെ തന്നെ അണിയിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജാക്വിലിൻ ഫെർണാണ്ടസിനെ മലയാളി മങ്കയാക്കിയ പൂർണിമ ഇന്ദ്രജിത്ത്

സാധാരണ തെന്നിന്ത്യ എന്നു പറയുമ്പോൾ എല്ലാവരും ഉടൻ കാഞ്ചീവരം സാരിയെക്കുറിച്ചാണ് ചിന്തിക്കുക. അതിനൊരു മാറ്റവുമായിരുന്നു ജാക്വലിന്റെ വസ്ത്രം. കാരണം വിവാഹ സൽക്കാരങ്ങളിലും കല്യാണങ്ങളിലും അങ്ങനെ അധികമാരും കസവുസാരി ഉടുക്കാറില്ലല്ലോ. ജാക്വിലിനെ കണ്ടപ്പോൾ തന്നെ അസിന്‍ ചോദിച്ചു പൂർണിമ ചെയ്തതാണല്ലേയെന്ന്. ഒത്തിരി സന്തോഷമായെന്നും പറഞ്ഞു. ഞാനും ഇന്ദ്രനും നിവിനും ഭാര്യയും ചാക്കോച്ചനും റിസപ്ഷനു പോയിരുന്നു. അതുകൊണ്ടുതന്നെ ആ വേദിയിൽ നിന്നുതന്നെ അഭിനന്ദനങ്ങൾ കേൾക്കുന്നതിന് ഒരു പ്രത്യേക സുഖമുണ്ടായിരുന്നു-പൂർണിമ പറയുന്നു.

അസിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്ന പൂർണിമയും ഇന്ദ്രജിത്തും