വേലക്കാരിയിപ്പോൾ മോഹവല്ലി

പതിനെട്ടു വയസ്സുവരെ അമ്മയ്ക്കൊപ്പം ഒരു പണക്കാരന്റെ വീട്ടിലെ വേലക്കാരിയായിരുന്നു ജാനിസെൽ ലുബിന എന്ന പെൺകുട്ടി. അച്ഛനാകട്ടെ പക്ഷാഘാതം വന്ന് കിടപ്പിലും. എന്നാൽ ഇന്ന് മിസ് വേൾഡ് 2015 മത്സരത്തിൽ ഫിലിപ്പീൻസിന്റെ പ്രതിനിധിയാകാനുള്ള തയാറെടുപ്പിലാണ് ലുബിന. ഒരിക്കൽ ഒരു ദിവസം മുഴുവൻ യജമാനത്തിയുടെ നിർദേശപ്രകാരം അവരുടെ വീടിന്റെ തറ കഴുകിവൃത്തിയാക്കേണ്ടിവന്നു ലുബിനയ്ക്ക്. ഓരോതവണ വൃത്തിയാക്കുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് വീണ്ടും വീണ്ടും അവളെക്കൊണ്ട് വൃത്തിയാക്കിച്ചു. അങ്ങനെ എന്നും കഠിനമായ ജോലികൾ. ഒരു യാത്രയാണ് എല്ലാം മാറ്റിമറിച്ചത്. ചെളിനിറഞ്ഞ റോഡിലൂടെ നടന്നുവരികയായിരുന്ന ആ ആറടിപ്പൊക്കക്കാരി പ്രദേശത്തെ ഒരു മെയ്ക്ക് അപ് ആർടിസ്റ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അവളുടെ ജാതകം തന്നെ മാറിമറിഞ്ഞു.

ലുബിനയോട് ജോലി ഉപേക്ഷിച്ച് അവരോടൊപ്പം ചെല്ലാൻ ആവശ്യപ്പെട്ടു. മനിലയിലെ ബ്യൂട്ടി ഓഫ് ദ് ഫ്ളവർ പരിശീലനക്യാംപിലേക്കായിരുന്നു ആ യാത്ര. അവിടെ റോഡിൻ ഗിൽബർട് ഫ്ളോർസ് എന്ന ക്യാംപ് ഡയറക്ടറുടെ കീഴിൽ പരിശീലനം. ശരീരത്തിന്റെ അഴകളവുകൾ കൃത്യമായി എടുത്തുകാട്ടുന്ന നടത്തരീതിയായ ഫിലിപ്പീൻ സ്പെഷൽ ‘ഡക്ക് വോക്ക്(അന്നനട തന്നെ സംഭവം) കണ്ടെത്തിയ കക്ഷിയാണ് റോഡിൻ. നേരത്തെ കെമിക്കൽ എൻജിനീയറായിരുന്നു. ഒരു ഗ്ലാസ് കമ്പനിയിലെ എണ്ണംപറഞ്ഞ ജോലികളഞ്ഞായിരുന്നു ഈ മേഖലയിലെത്തിയത്. അതു വെറുതെയായില്ല. 2013ൽ മിസ് ഇന്റർനാഷണലായ ഫിലിപ്പീൻസിന്റെ ബിയ റോസ് സാൻഡിയാഗോയെയും കഴിഞ്ഞ വർഷം മിസ് എർത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട ജാമി ഹെറെല്ലിനെയും പരിശീലിപ്പിച്ചത് റോഡിനായിരുന്നു.

മിസ് വേൾഡ്, മിസ് യൂണിവേഴ്സ്, മിസ് എർത്ത് മത്സരങ്ങളിലായി ഇതുവരെ ഫിലിപ്പീൻസിൽ നിന്ന് അഞ്ചു ലോകസുന്ദരിമാരുണ്ടായിട്ടുണ്ട്. രാജ്യത്താകട്ടെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ സുന്ദരിമാരുടെ തള്ളിക്കയറ്റവും. അത്രമാത്രം പോപ്പുലറാണ് അവിടെ സൗന്ദര്യറാണിമാർ. ഫാഷന്റെയും സിനിമയുടെയും ഗ്ലാമർ ലോകത്തു മാത്രമല്ല സാമൂഹിക സേവനങ്ങളിലും ലഭിക്കും ഇവർക്ക് നിർണായക സ്ഥാനം. ലുബിനയെപ്പോലെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് ഒട്ടേറെപ്പേർ സൗന്ദര്യമത്സരത്തിലേക്കായി എത്തുന്നുണ്ട്. പക്ഷേ എളുപ്പത്തിലൊന്നും റോഡിൻന്റെ പരിശീലനകേന്ദ്രത്തിലേക്കു പ്രവേശനം ലഭിക്കില്ല. പ്രതിമ പോലെയുള്ള മുഖവുമായിരിക്കുന്നവരെ കക്ഷി തിരിഞ്ഞു നോക്കില്ല. മാത്രവുമല്ല ഡക്ക് വോക്ക് പരിശീലനവും കഠിനമാണ്.

ഒരു ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടക്കണം. ഹീലുള്ള ചെരിപ്പുമിട്ടു പ്രത്യേകതാളത്തിൽ നടന്നുനടന്ന് കാലൊടിഞ്ഞു പോകുമെന്നു തോന്നിയാലും വിയർത്തുകുളിച്ചാലും അന്നനട ശരിയാകാതെ ഒന്നിരിക്കാൻ പോലും ആരെയും അനുവദിക്കില്ല. പക്ഷേ ഒരൊറ്റത്തവണ ആ നടപ്പ് ശരിയായാൽ പിന്നെ എവിടെപ്പോയാലും ആ പെൺകുട്ടിയ്ക്കു നേരെ കണ്ണേറു നടത്താതിരിക്കാൻ ആർക്കും സാധിക്കില്ലെന്ന് റോഡിൻന്റെ അനുഭവസാക്ഷ്യം. ക്യാംപിലെ പരിശീലനം കഴിഞ്ഞ് ലുബിന പങ്കെടുത്ത ആദ്യമത്സരത്തിൽത്തന്നെ ഒന്നാം സ്ഥാനത്തെത്തി. അന്നു ലഭിച്ച പണം അച്ഛന്റെ ചികിത്സയ്ക്കാണുപയോഗിച്ചത്. പിന്നീട് പല ഫാഷൻഷോകളിലും ടോപ് ഡിസൈനർമാരുടെ വസ്ത്രങ്ങളണിയാനുള്ള ഭാഗ്യം. അങ്ങനെ ലഭിച്ച പണം കൊണ്ട് ആദ്യം ചെയ്തത് വീട്ടുകാർക്ക് ഒരു ടിവി വാങ്ങിക്കൊടുക്കുകയായിരുന്നു. അവർക്ക് എപ്പോഴും ലുബിനയെ കണ്ടുകൊണ്ടിരിക്കാമല്ലോ. ലുബിനയുടെ അമ്മ ഇപ്പോൾ വീട്ടുജോലിക്ക് പോകുന്നില്ല, അച്ഛൻ സുഖപ്പെട്ടു വരുന്നു. ഈ ഭാഗ്യമെല്ലാം തന്നത് സൗന്ദര്യമത്സരങ്ങളുടെ ലോകമാണ്.

ഫിലിപ്പീൻസിലിപ്പോൾ പാവപ്പെട്ട പെൺകുട്ടികൾക്ക് ദാരിദ്യ്രത്തിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗങ്ങളിലൊന്നാണ് സൗന്ദര്യമത്സരങ്ങളും ഫാഷൻ ഷോകളും പങ്കെടുക്കുകയെന്നത്. അതിന് സഹായിക്കാൻ റോഡിൻനെപ്പോലെ ഒട്ടേറെ പേരുമുണ്ട്. ഒരേസമയം ദാരിദ്യ്രത്തിൽ നിന്നു രക്ഷപ്പെടുക മാത്രമല്ല, സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു മുഖംകൂടിയാവുകയാണ് ലുബിനയെപ്പോലുള്ളവർക്ക് ഫിലിപ്പീൻസിലെ സൗന്ദര്യലോകം.