അഴകുള്ള കത്രീന, മെഴുകാണെന്നു മാത്രം

കണ്മുന്നിൽ നിൽക്കുന്ന കക്ഷിയെക്കണ്ട് സാക്ഷാൽ കത്രീന കൈഫ് തന്നെ പറഞ്ഞു—ഹായ്, ഇത് എന്നെപ്പോലെത്തന്നെയുണ്ടല്ലോ...!! പക്ഷേ അതൊന്നും കേൾക്കാൻ ആ കക്ഷിക്കു പറ്റില്ല. കാരണം അതിനു ജീവനില്ലെന്നതുതന്നെ. എങ്കിലും ജീവൻ തുടിയ്ക്കുന്ന സൗന്ദര്യത്തോടെ ഇനി മുതൽ ലണ്ടനിലെ മാഡം തുസാദ് മെഴുകുമ്യൂസിയത്തിൽ ബോളിവുഡ് നടി കത്രീന കൈഫിനെ കാണാം. ബോളിവുഡിന്റെ 15 വർഷങ്ങൾ എന്നു പേരിട്ടിരിക്കുന്ന ആഘോഷത്തിന്റെ ഭാഗമായാണ് കത്രീനയുടെ മെഴുകുപ്രതിമ സ്ഥാപിച്ചത്.

ആരുടെ പ്രതിമ നിർമിക്കണം എന്നു ചോദിച്ച് മ്യൂസിയം അധികൃതർ പഞ്ചാബ് റേഡിയോയുമായി ചേർന്ന് ഓൺലൈൻ വോട്ടിങ് നടത്തിയിരുന്നു. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവരെ പിന്തള്ളിയാണ് ആരാധകർ കത്രീനയുടെ പേര് നിർദേശിച്ചത്. 2.25 ലക്ഷത്തിലേറെപ്പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ബ്രിട്ടീഷുകാരിയാണ് കത്രീനയുടെ അമ്മ. അച്ഛൻ കശ്മീരിയും. പ്രതിമ നിർമാണത്തിന് ഏറ്റവും കൃത്യമായ അളവെടുക്കുന്നതിന് കത്രീനയെ കാണാൻ മ്യൂസിയത്തിന്റെ ആർട്ടിസ്റ്റിക് ടീം പലപ്പോഴായി മുംബൈയിലെത്തി.

നാലു മാസം കൊണ്ട് മ്യൂസിയത്തിലെ ഇരുപതിലേറെ ശിൽപികൾ ചേർന്നാണ് ഈ മുപ്പത്തിയൊന്നുകാരിയുടെ പ്രതിമ നിർമിച്ചെടുത്തത്. മുടിയിഴകൾ ഓരോന്നായി അതിസൂക്ഷ്മമായാണ് പ്രതിമയുടെ തലയിൽ വച്ചുപിടിപ്പിച്ചത്. ചർമത്തിന്റെ കൃത്യമായ നിറം ലഭിക്കുന്നതിന് പല ലെയറുകളിലായിട്ടായിരുന്നു പെയിന്റിങ് പ്രയോഗം. കത്രീനയുടെ നിറം ലഭിക്കുന്നതുവരെ തുടർന്നു ഈ നിറപ്രയോഗം. നൃത്തം ചെയ്യുന്ന പോസിലുള്ള ഈ പ്രതിമയുടെ നിർമാണച്ചലവാകട്ടെ 2,23,117 ഡോളറും(ഏകദേശം 1.26 കോടി രൂപ).

150 വർഷത്തെ പാരമ്പര്യമുണ്ട് മാഡം തുസാദ് മെഴുക് മ്യൂസിയത്തിന്. ആദ്യമായി ഇവിടെ മെഴുകുപ്രതിമയാകുന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചനാണ്. 15 വർഷം മുൻപ്. പിന്നീട് ഐശ്വര്യറായ്, ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, മാധുരി ദീക്ഷിത്, കരീന കപൂർ എന്നിവരും മെഴുകുപ്രതിമാസംഘത്തിലെത്തി. ഇപ്പോഴിതാ ബോളിവുഡിന്റെ മറ്റൊരു സ്വപ്നസുന്ദരി കൂടി. ഒട്ടേറെ ഇന്ത്യൻ ടൂറിസ്റ്റുകളെത്തുന്ന ലണ്ടനിലെ തുസാദ് മ്യൂസിയത്തിൽ കത്രീന കൈഫ് ഉൾപ്പെടെയുള്ള ബോളിവുഡ് സെക്ഷൻ കൂടിയാകുന്നതോടെ ഇനി തിരക്കോടു തിരക്കാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.