ആ ഗൗൺ അല്ലേ ഇത്?

കിം കർദാഷിയാനും ഗായിക ബിയോൺസും

ലൊസാഞ്ചൽസ്∙ തന്റെ ഗൗൺ വലിയ സംഭവമാകുമെന്നു കരുതിയ റിയാലിറ്റി ടിവി ഗ്ലാമർ താരം കിം കർദാഷിയാൻ മാനം പോകുന്ന അവസ്ഥയിലാണിപ്പോൾ. തൂവെള്ളയിൽ നിറയെ ക്രിസ്റ്റൽ എംബ്രോയ്ഡറി. തറയിലിഴഞ്ഞു പിന്നാലെയെത്തുന്ന തൊങ്ങൽ. ന്യൂയോർക്കിലെ ഫാഷൻ മേളയായ മെറ്റ് ഗാലയിൽ കിം കർദാഷിയാൻ ഇങ്ങനെ ചുവടുവച്ചപ്പോൾ കണ്ടുനിന്നവർക്കൊക്കെ സംശയം. ഈ ഗൗൺ തന്നെയല്ലേ ഗായിക ബെയോൺസ് 2012ൽ അണിഞ്ഞത്? അതിലുമുണ്ട് നിറയെ ക്രിസ്റ്റൽ വർക്ക്. തറയിലൂടെ ഇഴയുന്ന തൊങ്ങലും. അതു കറുത്തത്, ഇതു വെളുത്തത്. അത്രേയുള്ളൂ വ്യത്യാസം.

രണ്ടുപേരുടെയും ഹെയർ സ്റ്റൈലിൽ പോലുമുണ്ടായിരുന്നു സാമ്യം. വിമർശനങ്ങൾ ഇങ്ങനെ വന്നിട്ടും കോപ്പിയടി സമ്മതിക്കാൻ കർദാഷിയാൻ തയാറായില്ല. ഗായിക ഷെറിന്റെ ഗൗൺ കണ്ടിട്ടാണു തന്റെ ഗൗൺ ഡിസൈൻ ചെയ്തതെന്നാണു കർദാഷിയാന്റെ വാദം. ആദ്യ മെറ്റ് ഗാലായിൽ സമാനമായ ഗൗൺ ധരിച്ചെത്തിയ ഷെറിന്റെ ചിത്രവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇപ്പോൾ 66 വയസ്സായ ഷെറിന്റെ സൗന്ദര്യത്തെ പുകഴ്ത്താനും മറന്നില്ല. അമേരിക്കയിലെ റാപ് താരം കൻയെ വെസ്റ്റിന്റെ ഭാര്യയും റിയാലിറ്റി താരങ്ങളിലെ ചക്രവർത്തിനിയുമായ കർദാഷിയാന്റെ അടുത്താ കളി!