മായയുടെ വെങ്കിച്ചു, പ്രേക്ഷകരുടെ കൃഷ്ണേട്ടൻ

കോട്ടയം പ്രദീപ്

മക്കളെ സ്നേഹിക്കുന്ന ശാന്തശീലനായ ഒരച്ഛൻ ! ഒരു ടെൻഷനുമില്ലാതെ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കുടുംബകാര്യങ്ങൾ നോക്കിനടത്തുന്നത്. മക്കളെ ഉപദേശിക്കുമ്പോൾ പോലും വാക്കിൽ നർമം ചാലിക്കാനുളള ഒരസാമാന്യ കഴിവുണ്ട് ഈ അച്ഛന്. അസാധാരണത്വം നിറഞ്ഞ ഈ അച്ഛനെ നിങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതേ, ‘പരസ്പരം’ സീരിയലിലെ കൃഷ്ണേട്ടൻ തന്നെ.

സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ കൃഷ്ണേട്ടൻ കുടിയേറിയ താണ്. കൃഷ്ണേട്ടനെപ്പോലെ ഒരച്ഛനെ കിട്ടിയിരുന്നെങ്കിൽ....എന്ന് ഒരു നി‌മിഷത്തേക്കെങ്കിലും ചിന്തിച്ചുപോകാത്തവരില്ല. ഏറെ പ്രത്യേകതകളുളള ഈ കഥാപാത്രത്തെ ജീവസുറ്റതാക്കിയ നടൻ കോട്ടയം പ്രദീപിനോട് നമുക്കു നന്ദി പറയാം.‘പരസ്പര’ത്തിലെ അഭിനയത്തിന്. മികച്ച സ്വഭാവനടനുളള ഏഷ്യാനെറ്റ് അവാർഡ് കരസ്ഥമാക്കിയതിന് ഒരിക്കൽക്കൂടി അഭിനന്ദനവും.

സ്വാഭാവികവും അനായാസവുമായ അഭിനയത്തിലൂടെയാണു പ്രദീപ് എന്നും തന്റെ നടനമികവു തെളിയിച്ചിട്ടുളളത്. അഭിനയകലയുടെ മർമ്മമറിയാവുന്ന കരുത്തനായ നടനെന്ന് കോട്ടയം പ്രദീപിനെ വിശേഷിപ്പിക്കാം. അഭിനയത്തോടുളള ഭ്രമം കൊണ്ടു ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിവരെ രാജി വച്ച കലാകാരനാണ് ഇദ്ദേഹം. കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുളള ഈ സര്‍ക്കാർ ജോലി ഇന്നും ഉ‌ണ്ടായിരുന്നെങ്കിൽ കുറഞ്ഞത് ഒരു സെക്ഷൻ സൂപ്രണ്ട് ആകാമായിരുന്നു. അഭിനയ കലയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ച കലാകാരന് ഇക്കാര്യത്തിൽ ലവലേശമില്ല നഷ്ടബോധം.

കോട്ടയം പ്രദീപ്

കഴിഞ്ഞ പതിനേഴു വർഷമായി സീരിയൽ രംഗത്തു തുടരുകയാണ് കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ പ്രദീപ്. ഇതുവരെ ചെയ്ത മെഗാസീരിയലുകളുടെ എണ്ണം 45.

‘‘എന്റെ ആദ്യ സീരിയൽ സുധാകർ മംഗളോദയത്തിന്റെ ‘സ്വരരാ ഗ’മാണ്. അദ്ദേഹമാണു സീരിയൽ രംഗത്തെ എന്റെ ഗുരുനാഥൻ. അന്നു തിരഞ്ഞെടുക്കാൻ രണ്ടു വേഷങ്ങൾ സുധാകർ ചേട്ടൻ എനിക്കു വച്ചു നീട്ടി. ഒന്ന് ഒരു സബ് കലക്ടറുടെ വേഷം. മറ്റൊന്ന് വെങ്കിച്ചു എന്ന ‌വില്ലൻ കഥാപാത്രം. ഞാൻ സ്വീകരിച്ചത് വെങ്കിച്ചുവിനെ ആയിരുന്നു. എന്റെ തീരുമാനം വളരെ ശരിയായി രുന്നുവെന്നു ചേട്ടൻ പിന്നീടു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ സീരിയൽ സൂപ്പർ ഹിറ്റായി. ഒപ്പം വെങ്കിച്ചുവും. എന്റെ ഭാര്യ മായയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു വെങ്കിച്ചു. അവൾ ഇപ്പോഴും എന്നെ വിളിക്കുന്നതു വെങ്കിച്ചു എന്നാണ്. വില്ലൻ കഥാപാത്രമായിരുന്നുവെങ്കിലും വെങ്കിച്ചു ഒരു സംഭവമാ യിരുന്നു’’.

ഏറ്റവും പ്രിയപ്പെട്ട അഞ്ചു കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രദീപ് ചൂണ്ടിക്കാട്ടുക ഇവരെയൊക്കെയാണ് :

‘പരസ്പര’ത്തിലെ കൃഷ്ണേട്ടൻ, ‘സ്വരരാഗ’ത്തിലെ വെങ്കിച്ചു, ‘സഹധര്‍മിണി’യിലെ ചാരുദത്തൻ, ‘നാർമുടിപുടവ’യിലെ മൂർത്തി, ‘മനസ്സറിയാതെ’യിലെ നകുലൻ.

സീരിയൽ രംഗത്തു വരുന്നതിനു മുൻപ് പ്രദീപ് പ്രഫഷനൽ നാടക നടനായിരുന്നു. സുനിൽ പരമേശ്വരൻ രചിച്ച ‘സബർമ തിയിൽ നിന്ന് ഒരു അതിഥി ’യാണ് ആദ്യ നാടകം. കോട്ടയം ഉജ്ജയിനി തിയേറ്റേഴ്സിന്റെ ഈ നാടകം സംവിധാനം ചെയ്ത തു ജോയി മാറാട്ടുകളം.

‘‘നാടകരംഗത്തേത്ത് എന്നെ കൊണ്ടു വരുന്നത് ജോയിച്ചായനാ ണ്. ഇതിൽ അപ്പു എന്ന ഹോട്ടൽ ബോയിയുടെ വേഷമായി രുന്നു എനിക്ക്. അപ്പുവിനും എനിക്കും ഒരേ വയസ്സ്, 23. സിനിമ യിൽ എനിക്ക് അവസരം നൽകിയത്. രാജേഷ് കണ്ണങ്കരയാണ്. ആദ്യ സിനിമ ‘ഇത് നമ്മുടെ കഥ’. അഞ്ചു സിനിമകളിൽ ഇതു വര‌െ അഭിനയിച്ചു.

ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ പെരുമ്പാവൂർ പുല്ലുവഴി ജയകേരളം സ്കൂളിലെ ഹോസ്റ്റലിൽ നിന്നാണു പ്രദീപ് പഠിച്ചത്. പഠനകാര്യത്തിൽ അതീവശ്രദ്ധ പുലർത്തിയി രുന്ന അന്നത്തെ മികച്ച റസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നായി രുന്നു ജയകേരളം. ആസുവർണ നാളുകളെക്കുറിച്ച് പ്രദീപ്:

കോട്ടയം പ്രദീപ്

‘‘പഠനത്തോടൊപ്പം മാസത്തിന്റെ അവസാന വെളളിയാഴ്ച കലാഭിരുചി പ്രകടിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. ക്ലാസ് ടീച്ചറായിരുന്ന പ്രസിദ്ധ നാടകകൃത്ത് കാലടി ഗോപി സാറും ഹിസ്റ്ററി പഠിപ്പിച്ചിരുന്ന പ്രസാദ് ജോസഫ് സാറും എന്നെ വളരെയധികം പ്രോൽസാഹിപ്പിച്ചിരുന്നു.

യുവജനോൽസവങ്ങളിൽ നാടകം കളിക്കാൻ സാധിച്ചു. വിവിധ മൽസരങ്ങളിൽ പങ്കെടുത്തു. പ്രസാദ് ജോസഫ് സാറുമായും തോമസ് സാറുമായും ഞാനിപ്പോഴും ബന്ധപ്പെടാറുണ്ട്. രണ്ടു പേരും രണ്ടു സ്കൂളിൽ പ്രിൻസിപ്പൽമാരാണ്. കോട്ടയം മണർകാട് സെന്റ് മേരീസ് കോളജിലാണു പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. ഇക്കാലത്തും നാടകങ്ങൾ അവതരിപ്പിച്ചി രുന്നു. മറിയാമ്മ മിസ് ആയിരുന്നു അന്നു പ്രോൽസാഹനം നൽകിയത്.’’

പ്ലാന്റേഷൻ കോർപറേഷനിൽ സൂപ്രണ്ടായിരുന്ന രവീന്ദ്രൻ നായരുടെയും ദേവകിയമ്മയുടെയും മകനാണു പ്രദീപ്. ഭാര്യ മായ നല്ല ആസ്വാദകയാണ്. അതു പോലെ മകൾ ശ്രീലക്ഷ്മിയും പ്ലസ്ടുവിനു പഠിക്കുന്ന ശ്രീലക്ഷ്മി എൽകെജി മുതൽ പാട്ടിനും ഡാൻസിനും മുന്നിലാണ്. അച്ഛന്റെ ഏറ്റവും നല്ല വിമർശകരിൽ ഒരാൾ കൂടിയാണ് ഈ മിടുക്കി.