ലാക്ക്മി ഫാഷൻ വീക്കിൽ ബനാറസ് പട്ടിന് ആദരം

ചിത്രം : വിഷ്ണു വി നായർ

ഫാഷൻ പ്രേമികളെല്ലാം ആരാധനയോടെ ഉറ്റുനോക്കുന്ന ലാക്ക്മി ഫാഷൻ വീക്കിൽ ലോകപ്രശസ്തരായ ഡിസൈനർമാർ ഒരുനിമിഷം മനസുകൊണ്ട് പ്രണാമമർപ്പിച്ചു; ഇന്ത്യയ്ക്ക് പട്ടിന്റെ പാരമ്പര്യം സമ്മാനിച്ച ബനാറസിലെ നെയ്ത്തുകാർക്ക്. രാജ്യത്തെ പട്ടുടുപ്പിച്ച ബനാറസിലെ നെയ്ത്തുതൊഴിലാളികൾക്ക് ലാക്ക്മി ഫാഷൻവീക്ക് നൽകിയ ആദരം ഫാഷൻ പ്രേമികളിൽ കൗതുകമുണർത്തി.

ഡിസൈനർമാരായ സ്വാതി, സുനൈന, റിങ്കു സോബ്തി, ശ്രുതി സഞ്ചത്, ബോളിവുഡ് നടിമാരായ ലിസ ഹെയ്ഡൻ, വിദ്യ മൽവാഡെ, തുടങ്ങി അനേകം താരസുന്ദരിമാർ അണിനിരന്ന ചടങ്ങിലായിരുന്നു ബനാറസിനുള്ള പ്രണാമം. പട്ടുനെയ്ത്തിന്റെ പരമ്പരാഗത ഗ്രാമമായ ബനാറസും അവിടത്തെ നെയ്ത്തുതൊഴിലാളികളും സമ്മാനിച്ച വസ്ത്രസങ്കൽപങ്ങളാണ് ഇന്ത്യയ്ക്ക് ആദ്യ ഫാഷൻ ലോകം തുറന്നതെന്ന് ലാക്ക്മി വേദിയിൽ അനുസ്മരിച്ചു. ബനാറസ് ശൈലിയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.

ബനാറസ് തീം സാരികൾ ഫാഷൻ പ്രേമികൾക്ക് പുതുമയുള്ള അനുഭവമായി മാറി. ബനാറസിലെ നെയ്ത്തുതൊഴിലാളികൾ നെയ്ത പരമ്പരാഗത വസ്ത്രങ്ങൾ ഉടുത്ത് റാംപിൽ ചുവടുവച്ചതിൽ ബോളിവുഡ് സുന്ദരിമാർക്കും സന്തോഷം. ബനാറസിന്റെയും മോഡേൺ ഫാഷന്റെയും ഫ്യൂഷൻ ഡിസൈനുകൾക്ക് എന്നും ആരാധകരുണ്ടാകുമെന്നും അത്തരം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ ബനാറസിലെ നെയ്ത്തുതൊഴിലാളികളുടെ സഹായം തേടുമെന്നും ഡിസൈനർമാർ പറഞ്ഞു. എന്തായാലും ബനാറസ് പട്ട് തന്നെയായിരുന്നു ലാക്ക്മി ഫാഷൻ വീക്കിൽ താരമെന്നു ചുരുക്കം.