പരിമളം പരത്തി സ്വര്‍ണപ്പൂക്കൾ; അനുഭൂതി പകർന്നു ഫാഷൻ ഷോ

തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ നടക്കുന്ന എം ഫോർ മാരി വെഡിങ് ഫെയറിനോടനുബന്ധിച്ചു നടന്ന ഫാഷൻ ഷോയിൽ നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തും നടി ആൻഡ്രിയ ജറമിയയും റാംപിൽ. ചിത്രം: മനോരമ.

വാരാണസിയുടെ ശാന്തിയിൽനിന്നു വിരിയിച്ചെടുത്ത സ്വർണപ്പൂക്കളുമായി എം ഫോർ മാരി വെഡിങ് ഫെയർ ഫാഷൻ ഷോയിൽ പൂർണിമ ഇന്ദ്രജിത്തിന്റെ തിളക്കം. പ്രശസ്ത ഡിസൈനർ ശ്രാവൺ കുമാറാകട്ടെ അഞ്ചു നൂറ്റാണ്ടു മുൻപു കാ‍ഞ്ചീപുരത്തു ജനിച്ച പട്ടിന്റെ പാരമ്പര്യവുമായാണ് എത്തിയത്. ലുലു കൺവൻഷൻ സെന്ററിൽ ആരംഭിച്ച മനോരമ എം ഫോർ മാരി ഡോട്ട് കോം വെഡിങ് ഫെയറിനോട് അനുബന്ധിച്ചായിരുന്നു ഫാഷൻ ഷോ. വിവാഹ അനുബന്ധ വസ്ത്രങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും പ്രദർശനം നാളെ സമാപിക്കും. മനോരമയും ലുലു സെലിബ്രേറ്റും ചേർന്നാണ് വെഡിങ് ഫെയർ സംഘടിപ്പിക്കുന്നത്.

ഇന്ത്യ പാരമ്പര്യത്തിലേക്കു മടങ്ങുന്നുവെന്ന പുതിയ ഫാഷൻ പ്രവചനത്തിൽ പങ്കു േചർന്നു കൊണ്ടാണ് പൂർണിമ ഇത്തവണ വാരാണസിയിലേക്കു മടങ്ങിയത്. വാരാണസി പട്ടും പരമ്പരാഗതമായ കൈത്തുന്നലുകളും ഇംഗ്ലിഷ് കട്ട്‌വർക്കും ഇഴ ചേർത്തെടുത്തതായിരുന്നു പൂർണിമയുടെ ഫാഷൻ. അതിൽ എല്ലാ വർണങ്ങളുടെയും സാധ്യത ഉപയോഗിക്കുകയും ചെയ്തു. സ്വർണപ്പൂക്കൾ തുന്നിച്ചേർത്ത വസ്ത്രങ്ങൾ ഷോയുടെ റാംപിൽ തിളങ്ങുകയായിരുന്നു. പാരമ്പര്യ പട്ടിനെയും കൈത്തറിയെയും പുതിയ തലമുറയുടെ വസ്ത്രമാക്കി മാറ്റുന്ന മാജിക്കായിരുന്നു പൂർണിമ ചെയ്തത്. ആൻഡ്രിയ ജർമിയയെന്ന സുന്ദരിയുടെ സാന്നിധ്യം കൂടി റാംപിലുണ്ടായതോടെ പൂർണിമയുടെ ദൗത്യം പൂർണമായി. കടും ചുവപ്പു സാരിയിൽ സ്വർണപ്പൂക്കൾ വിരിയിച്ച കരവിരുതുമായാണ് പൂർണിമ റാംപിൽ എത്തിയത്. പൂർണിമയുടെ കൂട്ടുകാരികളായ മഞ്ജു വാരിയരും സംയുക്ത വർമയും റാംപിനു താഴെയിരുന്നു സദസ്സിനു നക്ഷത്ര തിളക്കം ചാർത്തി. ഷോ സ്റ്റോപ്പറായി എത്തിയ പൂർണിമ ഇരുവർക്കും പറക്കുന്ന ചുംബനം നൽകിയാണു മടങ്ങിയത്.

എം ഫോർ മാരി വെഡിങ് ഫെയർ തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോ–ഓർഡിനേറ്റർ എം.ബി. സ്വരാജ്, ലുലു സെലിബ്രേറ്റ് ഡയറക്ടർ മുഹമ്മദ് അമിൻ, മലയാള മനോരമ ചീഫ് ജനറൽ മാനേജർ (മാർക്കറ്റിങ് സർവീസസ് ആൻഡ് സൊലൂഷൻസ്) ജോയി മാത്യു എന്നിവർ സമീപം.

ശ്രദ്ധേയനായ ഫാഷൻ ഡിസൈനറായ ശ്രാവൺകുമാർ ഇത്തവണ കാഞ്ചീപുരത്തെ പാരമ്പര്യത്തിൽനിന്നാണു തന്റെ ഡിസൈനുകൾ രൂപപ്പെടുത്തിയത്. പതിനാറാം നൂറ്റാണ്ടിൽ രൂപപ്പെട്ട ഈ കലയുടെ തനിപ്പകർപ്പിൽനിന്നു പുത്തൻ തലമുറയുടെ ഡിസൈനുമായി എത്തിയ ശ്രാവണിന്റെ ശേഖരത്തിൽ ഹാൻഡ് വർക്കിന്റെ ഭംഗിയും പ്രകടമായിരുന്നു. ജനനി അയ്യർ എന്ന താര സാന്നിധ്യം ശ്രാവണിന്റെ വസ്ത്രശേഖരത്തിനു തിളക്കം കൂട്ടി.

മൂന്നാമത്തെ ഷോ ലുലു സെലിബ്രേറ്റിന്റേതായിരുന്നു. ഓരോ വധുവിനും മാത്രമായി ഒരുക്കുന്ന ലുലു സെലിബ്രേറ്റിനുവേണ്ടി പ്രശസ്ത സ്റ്റൈലിസ്റ്റ് സ്നേഹ് ഭാഗ്‌വെ കാൾറയാണ് വസ്ത്രങ്ങളുടെ സ്റ്റൈലൈസേഷൻ ചെയ്തത്. കൊച്ചിയിലെ ലുലു മാളിലെ ലുലു സെലിബ്രേറ്റ് ബ്രൈഡൽ വേൾഡ് വസ്ത്രശേഖരത്തിൽ ‌ഈ സീസണിലെത്തുന്ന വസ്ത്രങ്ങളിൽനിന്നാണു റാംപിലേക്കുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തത്. റൂറൽ പൊലീസ് മേധാവി കെ. കാർത്തിക് പ്രദർശനം ഉദ്ഘാടനം ചെയ്തു. ലുലു സെലിബ്രേറ്റ് ഡയറക്ടർ മുഹമ്മദ് ആമിൻ, മീഡിയ കോ–ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, മനോരമ ചീഫ് ജനറൽ മാനേജർ(മാർക്കറ്റിംഗ് സർവീസസ് ആൻഡ് െസാല്യൂഷൻസ്) ജോയി മാത്യു എന്നിവർ പങ്കെടുത്തു.

എം ഫോർ മാരി വെഡിങ് ഫെയറിനോടനുബന്ധിച്ചു നടന്ന ഫാ​ഷൻ ഷോ കാണാനെത്തിയ സംയുക്താ വർമയും മഞ്ജു വാരിയരും

ഷോയിൽ ഇന്ന്

10.30: വെഡിങ് ഫെയർ. വിവാഹ അനുബന്ധ പ്രദർശനം. 02.00: പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ് ഒരുക്കുന്ന വിവാഹ മേക്കപ്പ് ഷോ. (രണ്ടിനും പ്രവേശനം സൗജന്യം).

ഫാഷൻ ഷോ

07.00. ലേബല്ലത്തിനുവേണ്ടി അനുവും രേഷ്മയുമൊരുക്കുന്ന ഫാഷൻ ഷോയിൽ പ്രശസ്ത താരം ഭാവന ഷോ സ്റ്റോപ്പറാകും. 07.30. ഫ്ളേം ഡയമണ്ട്സിനു വേണ്ടി നൈജോ ഫ്ളേം ഒരുക്കുന്ന ഷോ. ഷോ സ്റ്റോപ്പർ മിസ് കേരള ഗായത്രി സുരേഷ്. (ഫാഷൻ ഷോയ്ക്കു പ്രവേശനം പാസുമൂലം)