104 കിലോയിൽ നിന്ന് ബിക്കിനി മോഡലിലേയ്ക്ക്!!!

ജോലി ചെയ്യാൻ ഇരിയ്ക്കുമ്പോഴുള്ള ശ്വാസം മുട്ടൽ, മറ്റു ബുദ്ധിമുട്ടുകൾ  എന്നിവ കൂടിയപ്പോഴാണ് ഡോണ ഗില്ലി തന്റെ ശരീര ഭാരത്തെ കുറിച്ച് ബോധവതിയായത്. പിന്നീടങ്ങോട്ട് ആരോഗ്യകാര്യത്തിൽ അവർ രണ്ടും കൽപ്പിച്ചിറങ്ങുകയായിരുന്നു. ഒടുവിൽ ഡോണയുടെ കഷ്ടപ്പാട് ഫലം കണ്ടു. 30 കാരിയയായ ഡോണ ഒന്നും രണ്ടുമല്ല 52 കിലോയാണ് തന്റെ വർക്ക് ഔട്ട് കൊണ്ട് കുറച്ചത്. കോളേജിൽ പഠിച്ചിരുന്നപ്പോൾ 104 കിലോ വരെ പോയിരുന്നു ഡോണയുടെ ശരീര ഭാരം. നന്നായി ഭക്ഷണം കഴിക്കുമായിരുന്നു ഡോണ. ഈ ഭക്ഷണ ശീലം തന്നെയാണ് തന്നെ അമിതമായ ശരീര ഭാരത്തിന്‌ ഉടമയാക്കിയതെന്നു ഡോണ പറയുന്നു.

കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ അമിത ശരീര ഭാരം ഡോണയെ ബുദ്ധിമുട്ടിച്ചിരുന്നു. ചോക്കലേറ്റുകൾ, ഐസ്ക്രീം, ചീസ് തുടങ്ങിയവയുടെ ആരാധികയ്ക്ക് ഇതൊന്നുമില്ലാതെ എങ്ങനെ ദിവസത്തെ കൊണ്ട് പോകാൻ കഴിയും ഡോണയ്ക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. അമിതമായ ഇത്തരം ആഹാരത്തിന്റെ ഉപയോഗം കണക്കില്ലാതെ ശരീരത്തെ വലുതാക്കിക്കൊണ്ടുമിരുന്നു. കാനഡക്കാരിയായ ഡോണ ഒടുവിൽ തന്റെ ശരീര ഭാരം ബുദ്ധിമുട്ടിച്ചു തുടങ്ങിയപ്പോഴാണ് അത് കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. 

22 വയസ്സിലാണ് ജീവിതത്തിനു മാറ്റം വേണമെന്ന് ഡോണ ചിന്തിച്ചു തുടങ്ങുന്നത്. ജീവിത രീതികളിലും ഭക്ഷണത്തിലും മാറ്റം വരുത്താൻ തന്നെയാണ് ഡോണ തീരുമാനിച്ചത്. അങ്ങനെ പുതിയ ശീലങ്ങൾ ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നു. നിത്യവും ഓട്ടം ജീവിതത്തിന്റെ ഭാഗമായി. ഭക്ഷണത്തിൽ കൂടുതലും പഴങ്ങളും പച്ചക്കറികളും മാത്രമായി. പാക്കറ്റ് ഭക്ഷണങ്ങൾ ഏതാണ്ട് മിക്കവാറും ഒഴിവാക്കി. തുടർന്നാണ് ഫിറ്റ്നസ് മത്സരങ്ങൾക്ക് പോകാനുള്ള ശാരീരിക ഭംഗി ഡോണ വീണ്ടെടുത്ത്‌. അതിനവൾക്ക് ധൈര്യം പകർന്നത് ഡോണയുടെ കോച്ചായിരുന്നു. ഒരു ട്രോഫിയ്ക്കോ അംഗീകാരത്തിനൊ വേണ്ടിയായിരുന്നില്ല മത്സരങ്ങളിൽ പങ്കെടുത്തത് , മറിച്ചു സ്വയം താൻ എന്താണെന്ന് മനസ്സിലാക്കാനായിരുന്നു എന്ന് ഡോണ പറയുന്നു. വർക്ക് ഔട്ട് തുടങ്ങിയതിന് ശേഷം പകുതി ആയി ശരീര ഭാരം കുറഞ്ഞു. 

ഭാരം കുറച്ചത് ജീവിതത്തെ പോസിറ്റീവ് ആയി തന്നെയാണ് ബാധിച്ചതെന്നാണ് ഡോണയുടെ അഭിപ്രായം. ഇപ്പോൾ നിരവധി പേർ ഇത്തരം കാര്യങ്ങളിൽ ഉപദേശം ചോദിച്ചു തന്നെ സമീപിക്കാറുണ്ടെന്നു അവർ പറയുന്നു. പോസിറ്റീവ് ആയ ഒരു മനസ്സുണ്ടെങ്കിൽ നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്നാണു ഡോണയുടെ കണ്ടെത്തൽ.  ഡോണ തന്റെ മൂന്നാം ബിക്കിനി ഷോയുടെ തിരക്കിലാണിപ്പോൾ, വരുന്ന ഡിസംബറിലാണ് അടുത്ത ഷോ നടക്കുന്നത്.