മനുഷ്യരാണ്... മുഖമില്ലാത്തവരല്ല : മഞ്ജു വാര്യർ

ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറെ മുഖച്ചിത്രമാക്കിയതിന് വനിതയ്ക്ക് നടി മഞ്ജു വാര്യരുടെ അഭിനന്ദനം. ഭിന്നലിംഗം എന്ന വാക്കു പോലും നീതിപുലര്‍ത്തുന്നതല്ലെന്നും ഇവരും മനുഷ്യരാണെന്നും ഓര്‍മിപ്പിച്ചു കൊണ്ടുള്ള കുറിപ്പ് മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒപ്പം ഇതു സംബന്ധിച്ച് വനിതാ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്‍റെ ലിങ്കും അവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ജാന്മണിയെപ്പോലുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ മുഖത്തു ചായം പുരട്ടുപ്പോള്‍ അവര്‍ മനുഷ്യരാണെന്ന് താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറയുന്ന പോസ്റ്റ് വനിതയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടാണ് അവസാനിപ്പിക്കുന്നത്.

മഞ്ജു വാര്യരുടെ കുറിപ്പിന്‍റെ പുര്‍ണരൂപം :
രണ്ടിതളുകള്‍ മാത്രമുള്ള ഒരു പൂവല്ല മനുഷ്യന്‍. അതിന് മറ്റൊരു ഇതള്‍ കൂടിയുണ്ട്. മൂന്നാമത്തേത് എന്നുവിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുരണ്ടെണ്ണംപോലെ തന്നെയുള്ള ഒന്ന്. ഭിന്നലിംഗം എന്ന വാക്കുപോലും അതിനോട് നീതിപുലര്‍ത്തുന്നു എന്ന് തോന്നുന്നില്ല. മനുഷ്യനാണ്, അതിലുറപ്പുണ്ട്. പ്രിയ സുഹൃത്ത് ജാന്മണി ഓരോ തവണയും എന്റെ മുഖത്ത് ചായം തേയ്ക്കുമ്പോള്‍ മനുഷ്യന്‍ തന്നെയാണ് എന്നെ തൊടുന്നത്.

മറ്റൊരാളല്ല. മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല,അവര്‍. ചേര്‍ത്തുനിര്‍ത്തേണ്ടവര്‍ തന്നെയാണ്. പക്ഷേ പലരും പലപ്പോഴും അത് മറന്നുപോകുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുവിളിക്കപ്പെടുന്നവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിനൊരു തിരുത്താണ് 'വനിത'യുടെ മുഖചിത്രം. ഒരു ട്രാന്‍സ്ജന്‍ഡറിനെ മുഖമാക്കിയതിലൂടെ വനിത പറയുന്നതും അതുതന്നെ: 'മനുഷ്യരാണ്... മുഖമില്ലാത്തവരല്ല.' വനിതയ്ക്ക് അഭിനന്ദനങ്ങള്‍,വലിയൊരു സല്യൂട്ട്..