കുട്ടി ആരാധകന് മെസിയുടെ സർപ്രൈസ് സമ്മാനം

മെസി സമ്മാനിച്ച ജഴ്സിയും അണിഞ്ഞ് മുർതാസാ അഹ്മാദി

പ്രായം അഞ്ചു വയസേ ആയിട്ടുള്ളുവെങ്കിലും കാൽപന്തുകളിയോളും ഹരമാണ് അവന് ലയണൽ മെസി എന്ന സൂപ്പര്‍ ഹീറോ. ജനുവരി പകുതിയിലാണ് മെസിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ഷർട്ടുമണിഞ്ഞ് ഫൂട്ബോൾ കളിക്കുന്ന ആ കൊച്ചുപയ്യന്റെ ചിത്രം ഇന്റർനെറ്റിൽ തരംഗമാകുന്നത്. ഇപ്പോ ഇതാ ആ ചിത്രത്തിനു കഥയ്ക്കുമൊക്കെ ഒരു ശുഭപര്യവസാനം ഉണ്ടായിരിക്കുകയാണ്. സാക്ഷാൽ മെസി തന്നെ തന്റെ കുഞ്ഞ് ആരാധകനു വേണ്ടി മുന്നിലേക്കു വന്നിരിക്കുകയാണ്. ഒന്നല്ല തന്റെ പേരെഴുതിയ രണ്ടു ജഴ്സിയാണ് െമസി അഫ്ഗാന്‍ സ്വദേശിയായ മുർതാസാ അഹ്മാദി എന്ന കൊച്ചു പയ്യനു വേണ്ടി സമ്മാനിച്ചത്. സ്പാനിഷ് ഭാഷയിൽ സ്നേഹത്തോടെ മെസി എന്നെഴുതി ഒപ്പിട്ട ജഴ്സിയാണ് താരം ആരാധകനു സമ്മാനിച്ചത്.

മെസിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ഉടുപ്പിട്ട് മുർതാസാ അഹ്മാദി

അഹ്മാദിയുടെ മൂത്ത സഹോദരൻ പതിനഞ്ചു വയസുള്ള ഹോമയുൺ ആണ് അർജന്റീനയുടെ ജഴ്സിയ്ക്കു സമാനമായ നിറത്തിലുള്ള പ്ലാസ്റ്റിക് കുപ്പായത്തിൽ മാർക്കർ കൊണ്ട് മെസിയെ സ്നേഹിക്കുന്നു എന്നെഴുതിയ ജഴ്സിയണിഞ്ഞ അനുജന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള ഫൂട്ബോൾ പ്രേമികളെ ഹൃദയം സ്പർശിച്ചുവെന്നു മാത്രമല്ല അഹ്മദി സോഷ്യൽ മീഡിയയിൽ കുഞ്ഞു മെസി എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. മാത്രമോ അഹ്മാദിയെ നേരിട്ടു കാണണമെന്ന ആഗ്രഹവുമായി മെസി തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ ഫൂട്ബോൾ ഫെ‍ഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞു അഹ്മാദിക്ക് ഇതിൽപ്പരം ഇനിയെന്തു സന്തോഷമാണു വേണ്ടത്. കള്ളച്ചിരിയോടെ കണ്ണു നിറയെ സന്തോഷവുമായി അഹ്മാദി ഇപ്പോഴും പറയുന്നുണ്ട് ഞാൻ മെസിയെ സ്നേഹിക്കുന്നു.....