‘മലർ തരംഗം’ ഫാഷൻ ഷോയിലും.!!

മിലാൻ മെൻസ് ഫാഷൻ വീക്കിൽ നിന്നും

മുഖക്കുരു ഒരു ആരോഗ്യപ്രശ്നമാണെന്നു പറഞ്ഞവരോട് അതൊരു അഴകാണെന്നു പറഞ്ഞ് വിരട്ടിയോടിച്ച ചരിത്രമാണ് നമ്മള്‍ മലയാളികൾക്കുള്ളത്. അതിനു നാം തെളിവായി മുന്നിൽ നിർത്തിയാതാകട്ടെ ‘പ്രേമ’ത്തിലെ ഒരു പാവം മലർ മിസിനെയും. പെൺകുട്ടികൾ മുഖക്കുരുവിനെ പ്രേമിക്കാൻ തുടങ്ങിയതോടെ സൗന്ദര്യ വിദഗ്ധരെല്ലാം ആൺകുട്ടികളുടെ മുഖക്കുരു പ്രശ്നത്തിന് പരിഹാരവുമായാണ് എത്തുന്നത്. പക്ഷേ അവർക്കും ഇപ്പോൾ മലേഷ്യയിൽ നിന്നൊരു ‘മലർ മോഡൽ’ പണി കിട്ടിയിരിക്കുന്നു. മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളുമെല്ലാം ‘ഹൈലൈറ്റ്’ ചെയ്തുള്ള ഫാഷൻ ഷോയാണ് കഴിഞ്ഞ ദിവസം മിലാൻ മെൻസ് ഫാഷൻ വീക്കിൽ നടന്നത്. അതിനു പിന്നിൽ പ്രവർത്തിച്ച ഡിസൈനറാകട്ടെ മലേഷ്യയിൽ നിന്നുള്ള മോട്ടോ ഗുവോയും.

വെളുവെളാ ഇരിക്കുന്ന മുഖത്തോടു കൂടിയ മോഡലുകളാണ് മിക്ക ഫാഷൻ ഷോകളുടെയും പ്രധാന ആകർഷണം. എന്നാൽ കൈവിട്ട കളി കളിയ്ക്കുന്ന ചില ഡിസൈനർമാർ തങ്ങളുടെ മോഡലുകളെ പ്രേതങ്ങളുടെയും മറ്റും വേഷം കെട്ടിക്കാറുണ്ട്. ‘നിനക്കൊന്ന് പോയി കുളിച്ചു നനച്ചു വന്നുകൂടെടാ...’ എന്നു കാഴ്ചക്കാരെക്കൊണ്ട് ചോദിപ്പിക്കുന്ന തരത്തിലുള്ള മോഡലുകളെയിറക്കിയും അടുത്തിടെ ഒരു ഫാഷൻ ഷോ നടന്നിരുന്നു. അതായത് കണ്ടാൽ ആകെ ‘കോലംകെട്ട’ അവസ്ഥയിലുള്ള മോഡലുകളെ റാംപിലിറക്കി. എന്നാൽപ്പോലും ഫാഷൻ ലോകം തന്നെ പലപ്പോഴും അയിത്തം കൽപിച്ചു മാറ്റി നിർത്തിയ മുഖക്കുരുവിനെ അധികമാരും പ്രോൽസാഹിപ്പിക്കാറില്ല.

മിലാൻ മെൻസ് ഫാഷൻ വീക്കിൽ നിന്നും

എന്നാൽ മോട്ടോ ഗുവോയുടെ മോഡലുകളിൽ ആരും തന്നെ മുഖം വെളുപ്പിച്ചിട്ടുണ്ടായിരുന്നില്ല. നിറയെ കുരുക്കളും അതു പൊട്ടിയുണ്ടായ കറുത്ത പാടുകളും പിന്നെ ചുവന്ന പാടുകളുമൊക്കെയായി ആകെ അടിമുടി മാറ്റം. ഇതെല്ലാം ഒറിജിനലാണോ അതോ കൃത്രിമമായുണ്ടാക്കിയതാണോ എന്നതും വ്യക്തമല്ല. കൃത്രിമമാകാനാണു സാധ്യതയെന്ന് ഫാഷൻ വിദഗ്ധരുടെ അറിയിപ്പ്. പക്ഷേ പല മോഡലുകളുടെയും മുഖത്തെ കുരുക്കൾ ഒറിജിനലാണെന്നു തന്നെ തോന്നിപ്പിക്കുന്നതായിരുന്നു.

‘പിക്നിക് ഇൻ ദ് സൊസൈറ്റി’ എന്നു പേരിട്ട കലക്‌ഷൻ വസ്ത്രങ്ങൾ അവതരിപ്പിക്കാനായിരുന്നു മോട്ടോ ഇത്തരമൊരു ഫാഷൻ രീതി പ്രയോഗിച്ചത്. മെൻസ് വെയറായിരുന്നു വസ്ത്രങ്ങളെങ്കിലും ഏതാനും വനിതാമോഡലുകളും മുഖക്കുരുവുമായി റാംപിലെത്തി. ഷോയുടെ ഫോട്ടോകൾ പ്രചരിക്കപ്പെട്ടതോടെ നെറ്റ്‌ലോകത്തും വൻ ചർച്ചകളായിരുന്നു. ‘മുഖക്കുരു ലുക്ക്’ കൊള്ളാമോ ഇല്ലയോ എന്നതായിരുന്നു ട്വിറ്ററിലെയും മറ്റും പ്രധാന ചർച്ച. ‘മുഖക്കുരുവുള്ളവർക്കും ഫാഷൻ ലോകത്ത് ഒരു നല്ല കാലം വരും എന്നു ഞാൻ പറഞ്ഞത് സത്യമായില്ലേ...’ എന്നായിരുന്നു ഒരു രസികന്റെ കമന്റ്.