സൗന്ദര്യമത്സരത്തിൽ താരങ്ങളായി നാസയും ഇന്ത്യൻസുന്ദരിയും !!

ടോക്കിയോവിൽ നടന്ന അൻപത്തി അഞ്ചാമത് മിസ് ഇന്റർനാഷനൽ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയത് മിസ് വെനസ്വേല എദൈമർ മർത്തിനെസ്. നാഷനൽ കോസ്റ്റ്യൂം വിഭാഗത്തിൽ അവർ ധരിച്ചെത്തിയതാകട്ടെ വെനസ്വേലയുടെ ദേശീയ പക്ഷിയെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രവും. എഴുപതിലേറെ സുന്ദരികളുടെ കോസ്റ്റ്യൂമുകളിൽ നിന്ന് മികച്ചതായി തിരഞ്ഞെടുത്തതാകട്ടെ മിസ് ജപ്പാൻ അരീസ നാക്കാഗവയുടെ വസ്ത്രം. ഓരോ രാജ്യത്തിന്റെയും സംസ്കാരവും ജീവിതരീതികളുമെല്ലാമായി ചേർന്നുപോകുന്ന വിധത്തിലൊരു വസ്ത്രം–അതാണ് നാഷനൽ കോസ്റ്റ്യൂം വിഭാഗത്തിൽ മത്സരിക്കുന്നത്. എന്നാൽ എദൈമറുടെയും അരീസയുടെയുമെല്ലാം കോസ്റ്റ്യൂമുകളെ ഒരു മൂലയ്ക്ക് മാറ്റിനിർത്തിക്കൊണ്ട് ഫാഷൻ ലോകത്ത് ഇത്തവണ ചർച്ചയായത് രണ്ട് രാജ്യങ്ങളുടെ ഡിസൈനുകളായിരുന്നു. അതിലൊന്ന് ഇന്ത്യയുടെ, പിന്നൊന്ന് അമേരിക്കയുടേതും.

മിസ് ഇന്റർനാഷനൽ മത്സരത്തിലെ ടോപ് 10ൽ പോലും എത്താനാകാതെ പിന്തള്ളപ്പെട്ടെങ്കിലും നാഷനൽ കോസ്റ്റ്യൂമിന്റെ പേരിൽ മിസ് ഇന്ത്യ ഇന്റർനാഷനൽ സുപ്രിയ അയ്മാന് അഭിമാനിക്കാമെന്നു ചുരുക്കം. താജ്മഹലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു സുപ്രിയയുടെ കോസ്റ്റ്യൂം. സ്വർണവർണത്തിന്റെ ആർഭാടമായിരുന്നു വസ്ത്രം നിറയെ. വെള്ളത്തുള്ളികളുടെ ആകൃതിയിലുള്ള അലങ്കാരപ്പണികളായിരുന്നു പ്രധാന ആകർഷണങ്ങളിലൊന്ന്. ഇവയിൽ നിറയെ ഹൃദയചിഹ്നങ്ങളും ചേർത്തു. ഈ ‘തുള്ളി’കളെല്ലാം താജ്മഹലിന്റെ താഴികക്കുടത്തിന് സമാനമായ അലങ്കാരത്തിലേക്കായിരുന്നു നയിച്ചത്. അവിടെ ഒരു കുഞ്ഞു ബുദ്ധ പ്രതിമയും പതിച്ചിരുന്നു. വസ്ത്രത്തിന്റെ പിറകിലാകട്ടെ താമരയിൽ ധ്യാനത്തിലിരിക്കുന്ന വിധത്തിലുള്ള വലിയൊരു ബുദ്ധപ്രതിമയും. സുപ്രിയയുടെ ഓരോ വശത്തുമായി രണ്ട് മയിൽ രൂപങ്ങളെയും ഒരുക്കി. പക്ഷേ മയിൽപ്പീലിയുടെ നിറമായി പിങ്ക് ആയിരുന്നു ഉപയോഗിച്ചത്. പല മടക്കുകളായി സ്വർണവർണത്തിലായിരുന്നു വസ്ത്രത്തിന്റെ ഡിസൈൻ. സ്വർണാഭരണങ്ങൾക്കും ഒരു കുറവും വരുത്തിയില്ല. തലയിലെ തട്ടത്തിൽ വരെ സ്വർണാലങ്കാരപ്പണികളേറെ. ഇന്ത്യൻ സ്വർണപ്രണയത്തെ ലോകമെങ്ങും അറിയിക്കും വിധത്തിലായി സുപ്രിയയുടെ കോസ്റ്റ്യൂം.

അതേസമയം അമേരിക്കൻ സുന്ദരി ലിൻഡ്സേ ബെക്കറാണ് ഞെട്ടിച്ചു കളഞ്ഞത്. ബഹിരാകാശ യാത്രികർ ഉപയോഗിക്കുന്നതിന് സമാനമായുള്ള ഹെൽമറ്റും വച്ചായിരുന്നു ലിൻഡ്സേയുടെ വരവ്. നാസയുടെ ബഹിരാകാശ ദൗത്യങ്ങളെ അനുസ്മരിപ്പിച്ചായിരുന്നു ഇവരുടെ കോസ്റ്റ്യൂം. ഒരു സ്പേസ് ഷിപ്പിനു സമാനമായ ഹാർഡ്ബോർഡ് രൂപവും ചേർത്തായിരുന്നു ലിൻഡ്സേ തന്റെ സിൽവർ നിറത്തിലുള്ള സ്കിൻ ടൈറ്റ് ക്യാറ്റ് സ്യൂട്ട് ഒരുക്കിയത്. നാസയുടെ ബാഡ്ജും അമേരിക്കൻ പതാകയും ഇതോടൊപ്പം ചേർത്തു. റോക്കറ്റിൽ നിന്ന് പുറത്തുപോകുന്ന അഗ്നിയെ അനുസ്മരിപ്പിച്ച് നെറ്റ് ഉപയോഗിച്ചുള്ള അലങ്കാരപ്പണികളുമുണ്ടായിരുന്നു. സമ്മാനങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മിസ് ഇന്റർനാഷനൽ മത്സരത്തിലെ അപ്രതീക്ഷിതവും രസകരവുമായ കാഴ്ചയായി മിസ് അമേരിക്കയുടെ കോസ്റ്റ്യൂം.

മയിൽപ്പീലിയും തൂവലുകളും കൊണ്ടുള്ള പ്രയോഗങ്ങളായിരുന്നു ഇത്തവണത്തെ നാഷനൽ കോസ്റ്റ്യൂം വിഭാഗത്തിൽ ഏറിയ പങ്കും. സ്വന്തം രാജ്യത്തെ കലാരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന കട്ട്ഔട്ടുകളും വഹിച്ചുള്ള പ്രകടനങ്ങളും കുറവായിരുന്നില്ല. പക്ഷേ യാതൊരു ആർഭാടത്തിനും നിൽക്കാതെ, ജപ്പാനിലെ പരമ്പരാഗത വസ്ത്രമായ കിമോണയിൽ അൽപസ്വൽപം ചിത്രപ്പണികളൊക്കെ നടത്തി വന്ന സുന്ദരി അരീസ മികവിന്റെ പുരസ്കാരം സ്വന്തമാക്കുകയായിരുന്നു.