വനിതാ ക്രിമിനലുകൾക്കു വേണ്ടിയൊരു സൗന്ദര്യമത്സരം; മിസ് ടലവേരാ ബ്രൂസ്

ആകർഷകമായ വസ്ത്രങ്ങൾ, റെഡ് കാർപറ്റ്, ക്യാറ്റ്‌വാക്ക്, വിധികർത്താക്കൾ, ക്യാമറാക്കണ്ണുകൾ...സംശയിക്കേണ്ട ഒരു സൗന്ദര്യമത്സരത്തിന്റെ കാര്യം തന്നെയാണു പറഞ്ഞു വരുന്നത്. പക്ഷേ സംഗതി ഇത്തിരി സ്പെഷ്യലാണ്, സാധാരണ സൗന്ദര്യമത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ സുരക്ഷാ ഭടന്മാരുടെ കാവലിലും മുള്ളുകളാൽ വലയം ചെയ്ത കൂറ്റൻ മതിൽക്കെട്ടുകള്‍ക്കകത്തും മാത്രമാണ് മത്സരം നടക്കുന്നത്. ബ്രസീലിലെ റിയോ ഡി ജനീറയിൽ വനിതാ തടവുപുള്ളികൾക്കായി നടത്തിവരുന്ന സൗന്ദര്യമത്സരത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. ടാലവേരാ ബ്രൂസ് എന്ന വനിതാ ക്രിമിനലുകൾക്കു പേരുകേട്ട ജയിലില്‍ നടത്തിവരുന്ന മത്സരത്തിന്റെ പേരും മിസ് ടാലവേരാ ബ്രൂസ് എന്നാണ്.

ജയില്‍ അധികൃതരും പ്രശസ്ത മോഡലുകളും ഉൾപ്പെടുന്നതാണ് വിധികർത്താക്കൾ. ഇരുപത്തിയേഴുകാരിയായ മിഷേൽ നെറി റേഞ്ചൽ ആണ് കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന മത്സരത്തിൽ വിജയകിരീടം ചൂടിയത്. തുടർച്ചയായ കൊള്ളയടിയുടെ പേരിൽ 39 വർഷത്തേക്കാണ് മിഷേലിനെ തടവിനു വിധിച്ചിരിക്കുന്നത്. വേശ്യാവൃത്തി നടത്തിയെന്നാരോപിച്ച് അധികം ആറു വര്‍ഷവുമുൾപ്പെടെയാണത്. മിസ് ടാലവേരാ മത്സരം കുറ്റവാളികൾ‍ക്കിടയിലെ സുന്ദരിയെ തിരഞ്ഞെടുക്കാൻ മാത്രമല്ല അവർക്കിടയിൽ ആത്മാഭിമാനം കൂടി വളർത്താനുദ്ദേശിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വർഷം നടക്കുന്ന ഈ ബ്യൂട്ടി പേജിയന്റിലൂടെ തങ്ങളുടെ പ്രിയ്യപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുവാനും ഇവർക്ക് അവസരം ലഭിക്കും. തടവുപുള്ളികൾക്ക് കുറ്റകൃത്യത്തെക്കുറിച്ചു വീണ്ടുവിചാരം തോന്നിക്കുകയും പശ്ചാത്താപത്തിനായി ഒരവസരം ഒരുക്കുകയും കൂടിയാണ് പ്രസ്തുത മത്സരം.