വിശ്വസുന്ദരി മത്സര ഫലം; നാവു പിഴച്ച അവതാരകന് വിമർശനപ്പെരുമഴ

മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുത്ത ഫിലിപ്പീൻസുകാരിയായ പിയാ അലോൻസോ വേസ്ബാച്ചിനെ കിരീടം അണിയിക്കുന്നു

വിശ്വസുന്ദരി മത്സരത്തിൽ നാവു പിഴച്ച അവതാരകന് ഫാഷന്‍ ലോകത്തിന്റെ വിമർശനപ്പെരുമഴ. മിസ് യൂണിവേഴ്സ് ആയി ഫിലിപ്പീൻസ് സുന്ദരിയെ പ്രഖ്യാപിക്കുന്നതിനു പകരം കൊളംബിയക്കാരിയ്ക്കാണ് കിരീടം എന്നായിരുന്നു അവതാരകനായ സ്റ്റീവ് ഹാർവിയുടെ പ്രഖ്യാപനം. ഇതനുസരിച്ച് കൊളംബിയന്‍ സുന്ദരിയായ അരിയാഡ്ന ഗിറ്റ്റെസ് അറിവാലോയെ വിശ്വസുന്ദരിയ്ക്കുള്ള കിരീടം അണിയിക്കുകയും ചെയ്തു. ശേഷം അരിയാഡ്ന കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടയിൽ സ്റ്റീവ് ഹാർവി വേദിയിലേക്കു കടന്നു വരികയും തനിക്കു തെറ്റു പറ്റിയതാണെന്നും യഥാർഥ മിസ് യൂണിവേഴ്സ് ഫിലിപ്പീൻസുകാരിയായ പിയാ അലോൻസോ വേസ്ബാച്ച് ആണെന്നു പറയുകയുമായിരുന്നു. കാർഡിലെ പേരു തെറ്റായി വായിച്ചതിനു ക്ഷമാപണം ചോദിക്കുകയും െകാളംബിയൻ സുന്ദരിയെ ഫസ്റ്റ് റണ്ണർ അപ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ ഹാർവിയുടേത് വലിയ തെറ്റാണെന്നും മിസ് കൊളംബിയക്കാരിയെ അതു നിരാശയിലാഴ്ത്തിയിരിക്കാമ‌ന്നും നടിയും മുൻ മിസ് ഏഷ്യാ പസഫിക്കുമായി സീനത്ത് അമൻ പറഞ്ഞു. എന്റെ മനസു മിസ് കൊളംബിയക്കൊപ്പമാണെന്നും അവരുടെ സ്വപ്നങ്ങൾ തകർന്നടിഞ്ഞ നിമിഷമാണ് അതെന്നും നടിയും മുൻ മിസ് ഇന്ത്യയുമായ പൂജ ചോപ്ര പറഞ്ഞു. തെറ്റു പറ്റിയെങ്കിലും അത കുറച്ചുകൂടി മൃദുവായി കൈകാര്യം ചെയ്യാന്‍ സംഘാടകർക്കു കഴിഞ്ഞില്ലെന്നും പൂജ പറഞ്ഞു. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട മിസ് യൂണിവേഴ്സ് പോലെ ഒരു പരിപാടിയ്ക്കി‌ടയിൽ സുന്ദരിയെ മാറി പ്രഖ്യാപിച്ച ഹാർവിയ്ക്ക് സോഷ്യൽ മാധ്യമങ്ങളിലും പരിഹാസങ്ങളും വിമർശനങ്ങളും ഉയരുകയാണ്.

മിസ് കൊളംബിയയിൽ നിന്നും മിസ് യൂണിവേഴ്സ് കിരീടം മിസ് ഫിലീപ്പീൻസിനു നൽകുന്നു.
അവതാരകന്‍ സ്റ്റീവ് ഹാർവി