അത് ലോകം അറിയണ്ട, ധോണി ചിത്രത്തിൽനിന്ന് മൂന്നു പേരുകളും മായ്ച്ചു!

മഹേന്ദ്രസിങ് ധോണി

ഇന്ത്യൻ ഏകദിന നായകൻ മഹേന്ദ്രസിങ് ധോണിയുടെ കഥ പറയുന്ന ‘ധോണി ദി അൺടോൾഡ് സ്‌റ്റോറി’യുടെ ട്രെയ്‌ലർ ഇറങ്ങിയതു മുതൽ സംസാര വിഷയമാണ്, ആരായിരുന്നു ആ മൂന്നുപേർ എന്നതിനെക്കുറിച്ച്. ചിത്രത്തിന്റെ ട്രെയ്‌ലറിൽ ഇന്ത്യൻ ടീമിലെ മൂന്നു പ്രമുഖരെ ഏകദിന ടീമിൽനിന്ന് ഒഴിവാക്കാൻ ധോണി നിർബന്ധം പിടിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം ഉൾക്കൊള്ളിച്ചതോടെയാണ് ട്രെയ്‌ലറിന് കൂടുതൽ പഞ്ച് ലഭിച്ചത്. പേരുകൾ ചിത്രത്തിൽ കാണിക്കുമോ എന്നു സംബന്ധിച്ച് ചർച്ചകളും തുടങ്ങി. എന്നാൽ ആ പേരുകൾ പുറത്തുവിടേണ്ടെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഒടുവിലത്തെ തീരുമാനം.

അവസാന മണിക്കൂറുകളിലെ എഡിറ്റിങ്ങിലൂടെ മൂന്ന് താരങ്ങളുടെയും പേര് ഒഴിവാക്കിയിരിക്കുകയാണ്. അനാവശ്യ വിവാദമൊഴിവാക്കാനും താരങ്ങളെ അപമാനിക്കാതിരിക്കാനുമാണ് തീരുമാനമെന്ന് സംവിധായകൻ നീരജ് പാണ്ഡെ അറിയിച്ചു. ധോണിക്ക് താൽപര്യമില്ലാതിരുന്നിട്ടും പേരുകൾ ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ തന്നെയായിരുന്നു മുൻ തീരുമാനം. എന്നാൽ ട്രെയ്‌ലർ പുറത്തിറങ്ങിയതിനുശേഷമുള്ള ചർച്ചകളാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ മാറ്റിച്ചിന്തിപ്പിച്ചത്. എങ്കിലും ട്രെയ്‌ലറിൽ കാണിക്കുന്ന രംഗങ്ങളൊന്നും എഡിറ്റ് ചെയ്തു കളഞ്ഞിട്ടില്ല. ധോണിയെ ടീമിലെടുത്തയാളെത്തന്നെ പുറത്താക്കാൻ ധോണി ശഠിക്കുകയാണോ എന്ന് സിലക്ടർമാരിലൊരാൾ ധോണിയോട് ചോദിക്കുന്നതായാണ് ട്രെയ്‌ലറിൽ കാണുന്നത്.

താരങ്ങളുടെ പേരു പറയേണ്ടത് സിനിമയുടെ സത്തയ്ക്കു പ്രധാനമല്ലെന്നും ഇനി പേരു പറഞ്ഞാൽ അനാവശ്യ പ്രശ്‌നങ്ങൾക്കു വഴി വയ്ക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഭയക്കുന്നു. അല്ലെങ്കിലേ ധോണിയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത മുൻ ഓപ്പണർ ഗൗതം ഗംഭീർ സിനിമയ്‌ക്കെതിരായി രംഗത്തു വന്നിരുന്നു. 30ന് റിലീസിനൊരുങ്ങുന്ന ചിത്രം ബോളിവുഡ് കാണാത്തവിധം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 60 രാജ്യങ്ങളിലായി 4500 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്ത്യയിൽ മാത്രം 3500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ധോണിയും ധോണിയായി അഭിനയിക്കുന്ന സുശാന്ത് സിങ് രാജ്പുതും രജനികാന്തിനെ കണ്ടതും റോഡരികിൽനിന്ന് ഫിൽറ്റർ കോഫി കഴിച്ചതുമെല്ലാം വാർത്തയായിരുന്നു.