നയൻസ് പ്രണയത്തിൽ തന്നെയോ? കമ്മലിലൊളിപ്പിച്ച രഹസ്യങ്ങൾ!

ഇനിഷ്യൽ ഇയർ റിങ്സ് അണിഞ്ഞ് നയൻതാര

മലയാളിപ്പെണ്‍കൊടി നയൻതാര സിനിമാ ഇൻഡസ്ട്രിയിൽവന്ന കാലംതൊട്ടേ ആരാധകരുടെ ഇഷ്ടതാരമാണ്. ആൺപെൺഭേദമില്ലാതെ തെന്നിന്ത്യയൊട്ടാകെ ഈ താരസുന്ദരിയെ പ്രണയിക്കുകയാണ്. ഇടവേളയ്ക്കു ശേഷം തിരികെയെത്തിയപ്പോഴും നയൻസിന്റെ തിളക്കത്തിന് യാതൊരു മാറ്റവുമില്ല. അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം മിന്നുന്ന വിജയം കാഴ്ച വെക്കുന്ന നയൻസ് പ്രണയത്തിലാണോ എന്നതു സംബന്ധിച്ച് നേരത്തെതന്നെ ചില ഗോസിപ്പുകൾ ഉയർന്നിരുന്നു. ഏറ്റവും പുതിയതായി പ്രണയവാർത്തകൾക്ക് ആക്കം കൂട്ടുന്നത് താരത്തിന്റെ കമ്മലാണ്.

ഒരു കമ്മലിൽ പ്രണയം പറയാൻ ഇത്ര എന്തിരിക്കുന്നു എന്നാണോ കരുതുന്നത്? എന്നാൽ ഉതു വെറും കമ്മലല്ല, താരത്തിന്റെ കമ്മൽ ഒരു പേരിന്റെ ആദ്യ ലെറ്ററോടെയാണ് തുടങ്ങുന്നത്. ആ ലെറ്റർ മറ്റേതുമല്ല V എന്നതാണ്. കുറച്ചു കാലങ്ങളായി തമിഴ് സംവിധായകൻ വിഘ്നേഷുമായി നയൻസ് പ്രണയത്തിലാണെന്നു പരക്കുന്നുണ്ട്, അതിനിടെയാണ് ഇപ്പോൾ പുതിയ കമ്മൽ വിശേഷവും പുറത്തു വരുന്നത്.

ഇനിഷ്യൽ ഇയർ റിങ്സ് അണിഞ്ഞ് നയൻതാരയും കിം കർദാഷിയാനും

നേരത്തെ പ്രമുഖ റിയാലിറ്റി താരം കിം കർദാഷിയാനും ഇനിഷ്യൽ ഇയർ റിങ്സ് ധരിച്ച് എത്തിയിരുന്നു, ഭർത്താവായ കാനി വെസ്റ്റിന്റെ പേരിന്റെ ആദ്യ അക്ഷരങ്ങൾ‌ ചേർത്തുള്ള KW എന്നതായിരുന്നു കിം ധരിച്ച കമ്മൽ. സൗത്ത് ഇന്ത്യയിൽ ആദ്യമായി ഇത്തരം കമ്മൽ ധരിച്ചെത്തുന്നത് നയൻസാണ്. കമ്മലിലെ ലെറ്ററിലൂടെ വിഘ്നേഷിനോടുള്ള പ്രണയം താരം പരസ്യമാക്കിയതാണോ എന്നതിൽ നിശ്ചയമില്ലെങ്കിലും നയൻസ് വിഘ്നേഷിനെ തന്നെയാകും ഉദ്ദേശിച്ചതെന്ന് പാപ്പരാസികൾ.

ക്രിസ്മസിന് നയൻതാരയുടെ ഫോട്ടോ പങ്കുവച്ച് വിഘ്നേഷ് ട്വിറ്ററിൽ ആശംസ നൽകിയതും ശ്രദ്ധ നേടിയിരുന്നു. 2015ൽ വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡ് താൻ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഇതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പരക്കുന്നത്. പല പൊതുവേദികളിലും ഇരുവരും ഒന്നിച്ചെത്തുകയും ചെയ്തിരുന്നു. എങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക വിശദീകരണം നല്‍കാൻ നയൻസും വിഘ്നേഷും തയാറായിട്ടില്ല.