പുതുവർഷ പ്രതീക്ഷയിൽ ഭാഗ്യലക്ഷ്മിയും പേളിയും

പുതുവർഷ പ്രതീക്ഷകളും പോയവർഷത്തെ സന്തോഷവും ഭാഗ്യലക്ഷ്മിയും പേളിയും മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു .

ഭാഗ്യ ലക്ഷ്മി‌

കഴിഞ്ഞ വർഷം ഒരുപാട് പേരെ സഹായിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഘടകം. എന്നെക്കൊണ്ട് സാമ്പത്തികമായി സഹായം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അതിന് സാധിക്കുന്നവരുമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ ബന്ധപ്പെടുത്താൻ കഴിഞ്ഞു. അതുവഴി നാലുകുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞു.

ദുൽഖർ പറഞ്ഞതുപോലെ മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന നിർവൃതി പറഞ്ഞറിയാക്കാനാവില്ല. എന്റെ മുഖത്തെ പുഞ്ചിരിക്കു കാരണം നീയാണ് എന്ന് അവർ മനസിൽ വിചാരിക്കുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. എനിക്ക് ഒരുപാട് കോടീശ്വരന്മാരെ പരിചയമുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവരെ ക്കൊണ്ട് മറ്റുള്ളവർക്ക് സഹായം ചെയ്യിക്കുന്നതിലാണ് മിടുക്ക് വേണ്ടത്.

പുതുവർഷത്തിൽ പ്രതിജ്ഞകളൊന്നും എടുക്കുന്നില്ല. പ്രതിജ്ഞയെടുത്ത് മാറ്റേണ്ടതായ കുറ്റങ്ങളൊന്നും എനിക്കിപ്പോൾ ഇല്ല. ആകെ ഉണ്ടായിരുന്ന ദേഷ്യത്തെ ഞാൻ നാലു വർഷം മുമ്പ് പ്രതിജ്ഞയെടുത്ത് മാറ്റി. ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയേണമേ എന്നാണ് പ്രാർഥന.

പേളിമാണി

ഒരു പാട് സന്തോഷങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഡിഫോർഡാൻസിന്റെ വിഷു എപിസോഡിൽ വൃദ്ധസദനത്തിലെ അമ്മുമ്മമാരോടും അപ്പുപ്പന്മമാരോടുമെല്ലാം ഒത്ത് ഡാൻസു ചെയ്യാൻ കഴിഞ്ഞതാണ്. അവരെക്കാണാൻ ഞാൻ ഇപ്പോഴും പോകാറുണ്ട്. ആ എപിസോഡിനു ശേഷം ഒരുപാടുപേർ അവരെയൊക്കെ കാണാനും സമ്മാനങ്ങൾ നൽകാനുമെല്ലാം സമയം കണ്ടെത്താറുണ്ട് എന്നതാണ് വലിയ സന്തോഷം. പുതുവർഷത്തിൽ സന്തോഷത്തോടെയിരിക്കാൻ ശ്രമിക്കും.