സുന്ദരീ, ഇതൽപം ‘ഭീകര’മായിപ്പോയി...

നിയ സാൻഷെ

വെട്ടാൻ വരുന്ന പോത്തിനോട് വേദമോതുക? കുത്താൻ വരുന്ന ആനയോട് വെറുതെ വിടണമെന്ന് അപേക്ഷിക്കുക...തുടങ്ങിയ കലാപരിപാടികൾ പഴഞ്ചൊല്ലുകളായി കേട്ടിട്ടുണ്ട്. പക്ഷേ പറയേണ്ട വിധത്തിൽ പറഞ്ഞാൽ ആനയും പോത്തുമൊക്കെ കേൾക്കുമെന്നാണ് ഇത്തവണ മിസ് യൂണിവേഴ്സ് മത്സരത്തിൽ റണ്ണറപ്പായ അമേരിക്കൻ സുന്ദരി നിയ സാൻഷെ പറയുന്നത്. ഒരൊറ്റച്ചോദ്യം മതി ജീവിതം മാറിമറിയാനെന്നു പറഞ്ഞ പോലെയാണ് നിയയുടെ കാര്യം. കക്ഷിയോട് മിസ് യൂണിവേഴ്സ് ഇന്റർവ്യൂ റൗണ്ടിൽ വിധികർത്താക്കൾ ഒരൊറ്റച്ചോദ്യമേ ചോദിച്ചുള്ളൂ, അതിനുള്ള ഉത്തരത്തോടെ ലോകസുന്ദരിക്കിരീടം അങ്ങ് കൊളംബിയയിലെ പൗളിന വേഗയുടെ തലയിലേക്കു പറന്നും പോയി. നിയ രണ്ടാം സ്ഥാനത്തുമായി.

ഏതായിരുന്നു ആ ചോദ്യം. മറ്റൊന്നുമല്ല. അമേരിക്കയും ഭീകരന്മാരും ഇപ്പോൾ പുട്ടിനു പീരയെന്ന പോലെ ചേർന്നിരിപ്പാണല്ലോ. അതുകൊണ്ടുതന്നെ വിധികർത്താക്കളിലൊരാൾ ഒരു ചോദ്യമങ്ങെറിഞ്ഞു—നിങ്ങൾക്ക് 30 മിനിറ്റ് തരാം, അതിനോടകം ലോകത്തെ സകലമാന ഭീകരവാദികൾക്കുമായി ഒരു സന്ദേശം നൽകാനുണ്ടെങ്കിൽ അതെന്തായിരിക്കും?

ഇന്റർവ്യൂ റൗണ്ടിനു വേണ്ടി നാളുകളായി കഠിനപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന നിയക്കുണ്ടോ പ്രശ്നം!(ഈ ഒരൊറ്റ റൗണ്ടിനുവേണ്ടി തന്റെ റൂംമേറ്റായ മിസ് ഓസ്ട്രേലിയയോടൊപ്പം ദിവസവും പരസ്പരം ചോദ്യങ്ങൾ ചോദിച്ച് പ്രാക്ടീസിലായിരുന്നത്രേ കക്ഷി) നിയയുടെ ഉത്തരം ഉടനടി വന്നു—മിസ് യുഎസ്എ എന്ന നിലയ്ക്ക് പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അവർക്കു മുന്നിൽ പ്രചരിപ്പിക്കുകയായിരിക്കും ഞാൻ ചെയ്യുക...

പറഞ്ഞുതീർന്നതും നിയയുടെ പണിതീർന്നില്ലേ. നിമിഷങ്ങൾക്കകം സംഗതി വൈറലായി. സോഷ്യൽ മീഡിയ ഈ ഡയലോഗ് ഏറ്റെടുത്തു. തോക്കും ബോംബും മിസൈലും പിടിച്ച് കൊല്ലാൻ വരുന്ന ഭീകരവാദികളോട് ‘കുഞ്ഞാടുകളേ, ദയവു ചെയ്ത് നിങ്ങൾ ആരെയും ആക്രമിക്കുകയോ കൊല്ലുകയോ അരുത്, സമാധാനത്തിന്റെ പാതയിലേക്കു തിരിയൂ ..‘.എന്നു പറയുന്ന അവസ്ഥയായിപ്പോയി.

ഭീകരന്മാർക്കായി അമേരിക്ക ഇക്കണ്ട കാശുമുഴുവൻ ചെലവാക്കിയത് വെറുതെയായിപ്പോയെന്നായിരുന്നു ഒരു ട്വീറ്റ്—ചുമ്മാ നിയയുടെ നയം നേരത്തെത്തന്നെ നടപ്പാക്കിയാൽ മതിയായിരുന്നത്രേ. അതേസമയം മറ്റൊരു വിഭാഗമാകട്ടെ ലോകസമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന നിയയുടെ നിലപാടിൽ പ്രശംസകളും ചൊരിഞ്ഞു. പക്ഷേ ഒരൊറ്റക്കാര്യം ഉറപ്പ്—ഇന്റർവ്യൂ റൗണ്ടിൽ മാർക്കു കുറഞ്ഞതാണ് നിയയെ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്. അപ്പോൾപ്പിന്നെ വിധികർത്താക്കൾക്കു പോലും ആ ഉത്തരം രസിച്ചിട്ടില്ലെന്നതൊരു സത്യമല്ലേ.

ഇതാദ്യമായിട്ടൊന്നുമല്ല കക്ഷി ഇത്തരം പ്രശ്നങ്ങളിൽ പെടുന്നത്. ഇത്തവണ മിസ് യുഎസ്എ മത്സരത്തിൽ പങ്കെടുക്കാൻ നെവദയിൽ നിന്നായിരുന്നു നിയ മത്സരിച്ചത്. എന്നാൽ 2010 മുതൽ തുടർച്ചയായ മൂന്നു വർഷം കക്ഷി കലിഫോർണിയയുടെ പ്രതിനിധിയായി മത്സരിക്കാനെത്തിയിരുന്നത്രേ. അവിടെ പച്ചപിടിക്കാത്തതുകൊണ്ടാണ് നെവദയിലേക്ക് മാറിയതെന്നായിരുന്നു പരാതി. നെവദായിൽ നിയ താമസിച്ചിട്ടു പോലുമില്ലെന്നും വിമർശനമുണ്ടായി. ആ വിമർശനമൊക്കെ തല്ലിയൊതുക്കി മിസ് യൂണിവേഴ്സ് ഫൈനൽ വരെയെത്തിയപ്പോഴാണ് പണി ഭീകരന്മാരുടെ രൂപത്തിലെത്തിയത്.