അന്തസ്സ് വേണമെടാ... അന്തസ്സ്...!

വയ്ക്കെടാ വെടി, വയ്ക്കെടാ... ലാക്കു നോക്കി വയ്ക്കെടാ.. കരടിയെ വേട്ടയാടാൻ സായിപ്പ് കിണഞ്ഞു പരിശ്രമിക്കുമ്പോൾ പാട്ട് കൊഴുക്കുയാണ്. കൊല്ലത്ത് ഓണക്കാലത്ത് അരങ്ങേറുന്ന പുലികളിൽ പുലി ഉണ്ടായിരുന്നില്ല. കരടിയായിരുന്നു ഹീറോ. വെടിവയ്ക്കാൻ വേട്ടക്കാരന് പകരം തൊപ്പിവച്ച് പൗഡറിട്ടു മുഖം മിനുക്കിയ നാടൻ സായിപ്പും. പുലിയെ വേട്ടക്കാരൻ വെടി വയ്ക്കുന്നിടത്താണ് കളി തീരുക.

എനിക്കാണെങ്കിൽ കലശലായ മോഹം, ഈ കളിയിൽ പങ്കെടുക്കണം. ചോദിച്ചപ്പോൾ, നെനക്ക് പറ്റിയ പണിയല്ലെടേ... എന്നായിരുന്നു മറുപടി. ഒടുവിൽ എന്റെ നിർബന്ധത്തിന് അവർ വഴങ്ങി. വേട്ടക്കാരനായാണ് വേഷം. അങ്ങനെ ഞാൻ പുലിയെ വെടിവച്ചു വീഴ്ത്തി. എനിക്കാണെങ്കിൽ അഭിമാനം. വീട്ടുകാർ പണം നൽകി. മടങ്ങാനൊരുങ്ങുമ്പോൾ അവിടെയുണ്ടായിരുന്ന മുത്തശി എന്നെ വിളിച്ചു. നീയാ മാധവന്റെ മകനല്ലേ, ഭാർഗവിയുടെ കൊച്ചുമകൻ? മുത്തശിയുടെ ക്ളാസ്മേറ്റ്സാണ് അവർ. ഞാൻ സന്തോഷിച്ചു. തന്ന പണം കുറഞ്ഞു പോയെന്നു തോന്നിക്കാണും. കൂടുതൽ പണം നൽകുമെന്ന പ്രതീക്ഷയിൽ ഞാൻ നിൽക്കുമ്പോൾ വന്നു അടുത്ത ചോദ്യം, നിന്നെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുകയാണോ? ഭാർഗവിയോടൊന്നു ചോദിക്കണം. അതോടെ തീർന്നു ഓണത്തിനുള്ള പുലികളി.

മട്ടൺ ബിരിയാണി കൂട്ടി ഓണസദ്യ

കുട്ടിക്കാലത്ത് എല്ലാ ഓണത്തിനും എനിക്കൊരു നിർബന്ധമുണ്ട്. അച്ഛന്റെ ബന്ധുവീടുകളിൽ പോകണം. ബന്ധുവീടുകളിൽ ചെന്ന് ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോൾ എനിക്ക് കുറച്ചു പണം കിട്ടും. ജോയിമോൻ ( എന്നെ അങ്ങനെയാണ് വീട്ടിൽ വിളിച്ചിരുന്നത് ) മിഠായി വാങ്ങിച്ചോ എന്നാക്കെ പറഞ്ഞാണ് അവർ പണം തരിക (അതുതന്നെയാണ് എന്റെ ബന്ധുസ്നേഹത്തിന്റെ കാരണവും ).

അങ്ങനെ ഒരു ഓണക്കാലത്ത് ഞാൻ ധനികനായി ഇരിക്കുകയാണ്. തിരുവോണ ദിവസമാണ് . പോക്കറ്റിലാണെങ്കിൽ കാശും. ഇതോടെ മട്ടൺ ബിരിയാണി കഴിക്കാനുള്ള കലശലായ ആഗ്രഹവും തോന്നി. 12 മണി കഴിഞ്ഞതേയുള്ളൂ. സൈക്കിൾ എടുത്ത് നേരെ ആസാദ് ഹോട്ടലിലേക്ക് വച്ചു പിടിച്ചു.

ഹോട്ടലിൽ തീരെ തിരക്കില്ല. കുറ്റബോധം ഒരിക്കൽ കൂടി എന്നെ വേട്ടയാടി. മട്ടൺ ബിരിയാണി കഴിച്ചു വീട്ടിൽ മടങ്ങിയെത്തുമ്പോൾ എല്ലാവരും എന്നെ തന്നെ കാത്തിരിക്കുകയാണ്.

അച്ഛന്റെ തൊട്ടടുത്തായി എനിക്കുള്ള ഇലയിട്ടു. മട്ടൺബിരിയാണി കഴിച്ചു വയർനിറഞ്ഞിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും കഴിക്കാൻ കഴിയുന്നില്ല. എന്റെ ബുദ്ധിമുട്ട് മറ്റുള്ളവർ ശ്രദ്ധിച്ചു. അടുത്ത ബന്ധുവായ വിജയണ്ണൻ അച്ഛനോട് ഇക്കാര്യം പറഞ്ഞു. എനിക്കെന്തോ പറ്റി എന്നാണ് എല്ലാവരും ചിന്തിച്ചത്. വിജയണ്ണന് മാത്രം സംശയം . മാഞ്ചണ്ണൻ ( വിജയണ്ണൻ അച്ഛനെ വിളിച്ചിരുന്നത്) അവന്റെ കൈ ഒന്നു മണത്തു നോക്കിയേ... അച്ഛൻ നോക്കിയപ്പോൾ നല്ല ബിരിയാണിയുടെ മണം. എല്ലാവരും കൂട്ടച്ചിരി. അച്ഛൻ എന്നെ ചേർത്തുപിടിച്ചു ചോദിച്ചു, നീ എന്താണ് കാണിച്ചത് ?

ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തിന് വീട്ടിലെത്തി ചോറുണ്ണാൻ ആഗ്രഹിക്കുമ്പോൾ നീ ഹോട്ടലിൽ പോയി ബിരിയാണി കഴിക്കുന്നതു അന്തസുള്ള പ്രവൃത്തിയാണോടാ? നീ ഒരു മലയാളിയാണോടാ? ചോദ്യം അത്രയുമായപ്പോൾ ഞാൻ കരഞ്ഞുപോയി. കുറ്റബോധം കൊണ്ട് തലകുനിച്ചു നിന്നു. അന്നു തീരുമാനമെടുത്തു. ഇനി എന്നും ഓണം വീട്ടിൽത്തന്നെ ആഘോഷിക്കണം.

ഇന്നും ഓണസദ്യ ഉണ്ടു കഴിഞ്ഞു കൈകഴുകുമ്പോൾ എനിക്ക് ചാരിതാർഥ്യമാണ്... ഒരു ഓണം കൂടി ഉണ്ണാൻ കഴിഞ്ഞല്ലോ..!!!