മീനാക്ഷിയെപ്പോലെ കുശുമ്പി അല്ല ‍ഞാൻ: സ്നേഹ ദിവാകരൻ

സ്നേഹ ദിവാകരൻ

സീരിയലിലൂടെ നല്ല നാടൻ കുശുമ്പിയുടെ വേഷത്തിൽ തിളങ്ങി പിന്നെ പാവമായി മാറിയ സ്നേഹ ദിവാകരൻ താൻ അഭിനയലോകത്തേക്ക് എത്തിയ കഥപറയുന്നു.

എങ്ങനെയാണ് സീരിയലുകളിലേക്ക് എത്തിയത്?

ആർട്സ് ലാബ് എന്ന ആക്ടിങ്ങ് വർക് ഷോപ്പ് കൊച്ചിയിൽ ഉണ്ടായിരുന്നു. ഞാൻ അവിടെ ജോയിൻ ചെയ്തു. ആ സമയത്താണ് പരസ്പരത്തിന്റെ ഒാഡിഷൻ നടന്നത്. പരസ്പരം സീരിയലിന്റെ സംവിധായകൻ പുരുഷോത്തമൻ സാർ ഒാഡിഷനിലൂടെ സെ‌ലക്ട് ചെയ്യുകയായിരുന്നു. അഭിനയം എന്റെ സ്വപനമൊന്നുമായിരുന്നില്ല. അതേസമയം അമ്മയ്ക്ക് ഭയങ്കര ക്രേസ് ആയിരുന്നു. പുരുഷോത്തമൻ സാറാണ് പരസ്പരത്തിലെ കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ച് തന്നത്.

മീനാക്ഷിയെപ്പോലെ കുശുമ്പിയാണോ? ‌ അയ്യോ അല്ല, ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരിയാണ്. അത്ര ബോൾഡും അല്ല, പാവവുമല്ല, രണ്ടിനും ഇടയിലുള്ള സ്വഭാവം ആണ്. ഒരു സാധാരണ പെൺകുട്ടി.

മീനാക്ഷിക്ക് തല്ല് കിട്ടിയിട്ടുണ്ടോ?

മീനാക്ഷി ഭയങ്കര കുശുമ്പിയായിരുന്ന കാലത്ത് പുറത്തിറങ്ങിയാൽ തല്ല് കിട്ടുന്ന അവസ്ഥയായിരുന്നു. ചില അമ്മുമ്മമാരൊക്കെ വന്ന് കയ്യിൽ നല്ല വേദനിക്കുന്ന രീതിയിൽ നുള്ളും. അവരോടെല്ലാം ഞാൻ പറയാറുണ്ട്, ഇതെല്ലാം കഥാപാത്രങ്ങളല്ലേ എന്ന്. ദീപ്തിക്ക് വിഷം കൊടുത്ത സമയത്തായിരുന്നു കൂടുതൽ ചീത്തവിളി കിട്ടിയത്.

സ്നേഹ എന്തുചെയ്യുന്നു?

സാരിയൊക്കെ ഉടുത്ത് സീരിയലിൽ അഭിനയിക്കുമ്പോൾ എല്ലാവരും വിചാരിക്കുന്നത് എനിക്ക് നല്ല പ്രായമുണ്ടെന്നാണ്. ശരിക്കും ഇപ്പോൾ ഡിഗ്രി കഴിഞ്ഞതേ ഉള്ളൂ. ബികോം ആയിരുന്നു വിഷയം. ഇപ്പോൾ അഭിനയത്തിന്റെ തിരക്കു മൂലം ചെറിയൊരു ഗ്യാപ്പ് എടുക്കുകയാണ്. പിജി ചെയ്യണമെന്നാണാഗ്രഹം.

കുടുംബം?

തൃശൂരാണ്. നെല്ലുവായി- മങ്ങാട് ആണ് വീട്, വീ‌ട്ടിൽ അച്ഛൻ, അമ്മ, അനുജൻ.

സിനിമയിലേക്ക് ചുവടുവയ്പ്പ്?

നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയിക്കും. ഇതുവരെ സിനിമ ചെയ്തിട്ടില്ല. ചില സിനിമയിലേക്ക് വിളിച്ചിരുന്നെങ്കിലും സീരിയലിന്റെ തിരക്കുകൾ മൂലം പറ്റിയില്ല. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പൊന്നമ്പിളിയിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

നാട്ടുകാരുടെ പ്രതികരണം?

നാട്ടുകാർക്കിടയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അവർക്ക് ഞാൻ പഴയ സ്നേഹ തന്നെയാണ്. പിന്നെ ദൂരെയൊക്കെ പോകുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. ചില സമയത്ത് സ്വകാര്യത നഷ്ടപ്പെടുന്നതായി തോന്നാറുണ്ട്.

മറ്റു കലാപരിപാടികൾ?

ചെറുപ്പം മുതലേ ഡാൻസ് പഠിക്കുന്നുണ്ട്. അതിപ്പോഴും തുടരുന്നുണ്ട്. പിന്നെ മോണോ ആക്ടും പണ്ടു മുതലേ ചെയ്യാറുണ്ട്.