ഇവൾ എല്ലാവരുടെയും പൊന്നമ്പിളി!

മഴവിൽ മനോരമയിലെ പൊന്നമ്പിളി സീരിയലിലെ ടൈറ്റിൽ കാഥാപാത്രമാകുന്നതു വരെ മാളവിക വെയ്‌ൽസിനെ മലർവാടിയിലെ പെൺകുട്ടി എന്നാണ്  വിളിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് മാളവിക മലർവാടി ആർട്ട്സ്ക്ലബ് സിനിമയിലെ പെൺകുട്ടിയല്ല കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പൊന്നമ്പിളിയാണ്.  പൊന്നമ്പിളിയായി മാറിയ മാളവികയുടെ വിശേഷങ്ങൾ:

പൊന്നമ്പിളിയാകാൻ ചെണ്ട പഠിച്ചു

മലർവാടി ആർട്ട്സ്ക്ലബിനു ശേഷം തമിഴിലും തെലുങ്കിലും സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സുധാകർ മംഗളോധയം സർ പൊന്നമ്പിളി സീരിയലിനെക്കുറിച്ച് പറയുന്നത്. ബിഗ് സ്ക്രീനിൽ നിന്നും മിനി സ്ക്രീനിലേക്ക് പെട്ടന്ന് മാറാൻ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ കഥ കേട്ടു കഴിഞ്ഞപ്പോൾ പൊന്നമ്പിളിയാകാൻ ഞാൻ റെഡിയായി. അപ്പോഴാണ് സർ പറയുന്നത് ചെണ്ട പഠിക്കണം, കുടുംബം പോറ്റാൻ വേണ്ടി ചെണ്ട കൊട്ടാൻ പോകുന്നവളാണ് പൊന്നമ്പിളിയെന്ന്. എന്റെ വീട് തൃശൂരാണ്, പാറമേക്കാവിന്റെ അടുത്ത്. അവിടെയുള്ള അജയൻ സാറിന്റെ അടുത്ത് ചെണ്ട പഠിപ്പിക്കാൻ ചേർന്നു. നൃത്തം പഠിച്ചിട്ടുള്ളതുകൊണ്ട് ചെണ്ടയുടെ താളവും ജതിയുമൊക്കെ വേഗം മനസ്സിലാക്കാൻ സാധിച്ചു. സീരിയലിനു വേണ്ടി പഠിച്ചു തുടങ്ങിയതാണെങ്കിലും ചെണ്ടപഠനം ഗൗരവമായി തന്നെ എടുക്കാനാണ് തീരുമാനം. 

മാളവിക മാറി പൊന്നമ്പിളിയായി

പൊന്നമ്പിളിയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷം കുടുംബപ്രേക്ഷകർ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി. മലർവാടി പെൺകുട്ടി എന്ന് അറിയപ്പെട്ടിരുന്നത്  പൊന്നമ്പിളിയെന്നായി. എവിടെപോയാലും ആളുകൾ പൊന്നമ്പിളി പൊന്നമ്പിളിയെന്ന് വിളിക്കും.

പൊന്നമ്പിളിയെപ്പോലെയല്ല ഞാൻ

പൊന്നമ്പിളി വളരെ ബോൾഡായ പെൺകുട്ടിയാണ്. ആരെയും കൂസാതെ ശക്തമായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തയായവൾ. കുടുംബത്തിന്റെ ഉത്തരവാദിത്വം  തനിയെ നോക്കുന്ന തന്റേടമുള്ള പെൺകുട്ടി. പൊന്നമ്പിളിയെപ്പോലെ അത്ര തന്റേടമൊന്നും എനിക്കില്ല, ഞാൻ ഒരു പാവമാണ്.