ചരിത്രം വനിതയുടെ മുഖചിത്രം; ഭാഗമാകാനായതിൽ സന്തോഷം: പൂർണ്ണിമ

വനിതയുടെ മുഖച്ചിത്രത്തിൽ ദീപ്തി, പൂർണിമ ഇന്ദ്രജിത്ത്

ആരും നോക്കി നിന്നു പോകും, അത്ര സുന്ദരിയാണവൾ. ഗുരുവായൂരി‍ൽ ജനിച്ചു വളർന്ന ദീപ്തി എന്ന ട്രാൻസ്ജെൻഡർ ഇന്നു വനിതയുടെ മുഖചിത്രമായി മാറുമ്പോൾ കാലത്തിനു സംവദിക്കാൻ ഏറെയുണ്ട്. മലയാളത്തിന്റെ വായനാ ശീലത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്ജെൻഡർ മുഖചിത്രത്തിൽ ഇടം നേടുന്നത്. തങ്ങളോടു മുഖം തിരിച്ചു മാറുമ്പോഴും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോഴും അവരും ഉള്ളിൽ പറയുന്നുണ്ട് ഞങ്ങളുടേതു കൂടിയാണ് ഈ സമൂഹമെന്ന്. ഇന്നു വനിത ആ വലിയ മാറ്റത്തിനു തുടക്കം കുറിച്ചപ്പോൾ ദീപ്തിയെ അതീവ സുന്ദരിയാക്കിയതില്‍ അഭിമാനിക്കുന്ന ഒരാൾ കൂടിയുണ്ട്, മലയാളത്തിന്റെ പ്രിയനടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ നടത്തിവരുന്ന പ്രാണാ എന്ന സ്ഥാപനമാണ് ഫോട്ടോഷൂട്ടിനു വേണ്ടി ദീപ്തിക്കായി വസ്ത്രങ്ങളൊരുക്കിയത്. ഈ അവസരത്തിൽ തന്റെ സന്തോഷം മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് പൂർണിമ.

''മലയാളികളുടെ പരമ്പരാഗത വായനശീലമാണ് വനിത. പ്രാണ ഡിസൈൻ ചെയ്ത വസ്ത്രത്തിലൂ‌ടെ ദീപ്തിയെ വനിതയുടെ മുഖചിത്രത്തിൽ കാണാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മനോഹരമായൊരു ബ്രൈഡൽ ഗൗണ്‍ ആണു ദീപ്തി അണിഞ്ഞത്. വളരെ ലാളിത്യമുള്ള, സുന്ദരിയായ ദീപ്തി ഗൗണിൽ അതിസുന്ദരിയായിട്ടുണ്ടെന്നു പലരും പറഞ്ഞു.

ട്രാൻസ്ജെൻഡേഴ്സിനോടുള്ള വനിതയുടെ ഈ അംഗീകാരത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. അക്ഷരാർഥത്തിൽ ചരിത്രത്തിൽ എഴുതപ്പെടുന്നൊരു ചുവടുവെപ്പു തന്നെയാണിത്. ഇത്രയും വലിയൊരു മാറ്റത്തിനു കുടപിടിക്കാൻ കഴിഞ്ഞതിൽ മലയാളികളെന്ന നിലയ്ക്കു നമുക്കെല്ലാം അഭിമാനിക്കാം. വനിതയുടെ ഇത്തരമൊരു വിജയകരമായ ചുവടുവെപ്പിൽ എനിക്കും ഭാഗമാകുവാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

പ്രാണയെ സംബന്ധിച്ചിടത്തോളം ട്രാൻസ്ജെൻഡർ എന്ന ഒരു വ്യത്യാസമോ അതൊരു പുതുമയോ ആയിരുന്നില്ല. കാരണം ഇന്നു സിനിമാ മേഖലയിലോ ബ്രൈഡൽ മേക്കപ്പുകളിലോ ആയിക്കോട്ടെ പ്രഗത്ഭരായിട്ടുള്ള മേക്അപ് ആർട്ടിസ്റ്റുകളെല്ലാം ട്രാൻസ്ജെൻഡേഴ്സ് ആണ്. അവരോടെല്ലാം നല്ല അടുപ്പവുമുണ്ട്. നേരത്തെ ട്രാൻസ്ജെൻഡേഴ്സിന്റെ ഒരു സൗന്ദര്യ മത്സരത്തിനു പങ്കെടുക്കാൻ മേക്അപ് ആർട്ടിസ്റ്റ് ജാൻമണിക്കു വസ്ത്രം ഡിസൈന്‍ ചെയ്തതും പ്രാണയായിരുന്നു. അവര്‍ ഒരിക്കലും ഒഴിച്ചു നിർത്തപ്പെടേണ്ടവരല്ല, നാമെല്ലാവരെയും പോലെ മുന്നിലേക്കു കയറി വരേണ്ടവർ തന്നെയാണ്.''-പൂർണിമ പറയുന്നു.

ദീപ്‌തിയുടെ അഭിമുഖത്തിന്റെ പൂർണ്ണരൂപം ജൂലൈ രണ്ടാം ലക്കം വനിതയിൽ വായിക്കാം. പുതിയ ലക്കം വനിതയ്ക്ക് ലോഗിൻ ചെയ്യൂ.