Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1500 രൂപയ്ക്ക് അഭിനയിച്ചു, ഒടുവിൽ എന്നെ പുറത്താക്കി

Premi Viswanath പ്രേമി വിശ്വനാഥ്

കറുത്തമുത്ത് എന്ന സീരിയലിലൂടെ പ്രേക്ഷകരെ കീഴടക്കിയ താരമാണ് പ്രേമി വിശ്വനാഥ്. എണ്ണക്കറുപ്പിന്റെ സൗന്ദര്യമുള്ള കാർത്തിക എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച പെൺകുട്ടി. പ്രേക്ഷകരുടെയെല്ലാം പ്രിയപ്പെട്ട കറുത്ത മുത്തായി മുന്നോട്ടു പോകവേ പെട്ടെന്നൊരു ദിവസം ആ സീരിയലിൽ നിന്ന് പ്രേമിയെ മാറ്റുന്നു. പിന്നാലെ പ്രേമി ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നു. അതു വിവാദമാകുന്നു. കരിയറിൽ തനിക്ക് ബ്രേക്ക് നൽകിയ പ്രോജക്ടിൽ നിന്നു നീക്കം ചെയ്യപ്പെട്ട സാഹചര്യം മനോരമ ഓൺലൈനുമായി പ്രേമി പങ്കുവെയ്ക്കുന്നു.

പെട്ടെന്നൊരു ദിവസം സീരിയലിൽ നിന്നും നീക്കിയെന്നറിഞ്ഞപ്പോൾ വിഷമം തോന്നിയോ?

തീർച്ചയായും വിഷമം തോന്നി. കാരണം ഞാൻ അത്രത്തോളം ഡെഡിക്കേറ്റഡ് ആയിരുന്നു ആ കഥാപാത്രത്തോട്. ഡൾ ആയ മേയ്ക്കപ്പിൽ ഒത്തിരി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നിട്ടും പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒഴിവാക്കിയപ്പോൾ നല്ല വിഷമം തോന്നി. കാർത്തിക എന്ന കഥാപാത്രമാണ് എനിക്ക് ഈ ഇൻഡസ്ട്രിയിൽ ഒരു വ്യക്തിത്വം തന്നത്. ഒരുപാട് ആ കഥാപാത്രത്തിന് അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്.

Premi Viswanath പ്രേമി വിശ്വനാഥ്

ഇത്തരമൊരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം?

കറുത്ത മുത്തിൽ നിന്നും എന്നെ മാറ്റിയ കാര്യം ഇൗയിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. പുതിയ നടിയെ എന്റെ സ്ഥാനത്തു കാണാന്‍ പറ്റുന്നില്ലെന്നും അംഗീകരിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞ് ഒത്തിരി ഫോൺ കോളുകളും മെസേജുകളും വന്നു. ഷൂട്ടിനിടയിൽ ഓരോരുത്തർക്കായി മറുപടി നൽകാൻ കഴിയാതിരുന്നതുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റിടാൻ തീരുമാനിച്ചത്.

എന്തുകൊണ്ടാണ് തന്നെ നീക്കിയതെന്ന് അണിയറ പ്രവർത്തകരോടു ചോദിച്ചില്ലേ?

ചോദിച്ചിരുന്നു. അവർ പറഞ്ഞ കാരണം ഞാൻ മറ്റൊരു ചാനലിൽ അവതരണത്തിനു പോയതുകൊണ്ടാണ് ഈ സീരിയലിൽ നിന്നും ഒഴിവാക്കിയത് എന്നായിരുന്നു. യഥാർഥത്തിൽ അതിനുമുമ്പേ തന്നെ അവർ എന്റെ റോളുകൾ വെട്ടിച്ചുരുക്കിയിരുന്നു. ചില മാസങ്ങളിൽ വെറും രണ്ടു ദിവസം മാത്രമാണ് വർക് ചെയ്തത്. എന്റെ കഥാപാത്രത്തിനു കിട്ടിയിരുന്ന പ്രതിഫലം 1500 രൂപയായിരുന്നു. എനിക്കും ജീവിക്കണ്ടേ?

നവാഗത ആയതുകൊണ്ട് ഒത്തിരി ടേക്കുകൾ വേണ്ടിവരും അതു ഞങ്ങൾക്കു നഷ്ടമാണെന്നായിരുന്നു പ്രതിഫലം കുറഞ്ഞതിന് അവർ തന്ന ന്യായീകരണം. നാൽപത് എപ്പിസോഡുകൾ കഴിഞ്ഞാൽ പ്രതിഫലം വർധിപ്പിക്കാമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇരുന്നൂറിൽപ്പരം എപ്പിസോഡുകൾ കഴിഞ്ഞപ്പോഴും എ​ന്റെ പ്രതിഫലത്തിനു മാത്രം മാറ്റമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ വർക് ഒന്നും ഇല്ലാതിരുന്നപ്പോൾ മറ്റൊരു ചാനലിൽ അവതാരകയായി പോയത്. അവിടെ ഷൂട്ട് നടക്കുന്നതിനിടയിലായിരുന്നു ഇൗ സീരിയലിൽ നിന്നും എന്നെ ഒഴിവാക്കിയെന്ന് അറിയിച്ചുള്ള വിളി വന്നത്.

Premi Viswanath പ്രേമി വിശ്വനാഥ്

സീരിയലുകളിൽ തങ്ങൾക്ക് തൽപര്യമില്ലാത്ത താരങ്ങളെ പെട്ടെന്നൊരിക്കൽ കൊന്നും കാണാതാക്കിയുമെല്ലാം കഥാപാത്രത്തെ അവസാനിപ്പിക്കുന്ന പ്രവണതയുണ്ട്. എന്തു തോന്നുന്നു?

ശരിയാണ്. ഇപ്പോൾ ഈ സീരിയലില്‍ ഞാൻ, ശരണ്യ കൂടാതെ എന്റെ അമ്മയായി അഭിനയിച്ച ആർട്ടിസ്റ്റ് എന്നിങ്ങനെ ഒത്തിരിപേരെ മാറ്റിയിട്ടുണ്ട്. ഇത്രയുംപേരെ ഒന്നിച്ച് ഒരു സീരിയലിൽ നിന്നും മാറ്റണമെങ്കിൽ ആരുടെ ഭാഗത്തായിരിക്കും പ്രശ്നമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.

പുതിയ പ്രോജക്ടുകൾ?

മൂന്നുമണി എന്നൊരു സീരിയലും ഒപ്പം കുട്ടിക്കലവറ എന്നൊരു പരിപാടിയും ചെയ്യുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.