ചങ്കിടിപ്പോടെ മോതിരമണിഞ്ഞ് കാൾ രാജകുമാരൻ!

സ്വീഡിഷ് രാജസിംഹാസത്തിന്റെ മൂന്നാമത്തെ അവകാശിയാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ, കാൾ ഫിലിപ്പിനും അൾത്താരയിൽ നിന്നപ്പോൾ ചങ്കിടിച്ചു. പരിഭ്രമമേറിയതു കാരണം, സോഫിയയുടെ വിരലിൽ വിവാഹമോതിരം അണിയിക്കാൻ വരെ രാജകുമാരൻ ബുദ്ധിമുട്ടുന്ന കാഴ്ച ഒന്നു കാണേണ്ടതായിരുന്നു. സ്റ്റോക്കോം രാജകൊട്ടാരത്തിലെ ചാപ്പലിലായിരുന്നു കാൾ ഫിലിപ് രാജകുമാരന്റെയും സോഫിയ ഹെൽക്വിസ്റ്റിന്റെയും വിവാഹം.

സാധാരണക്കാരിൽനിന്നു വരനെ കണ്ടെത്തിയ സഹോദരിമാരുടെ പാത പിന്തുടർന്നാണ് മുൻ മോഡലും ടിവി താരവുമായ സോഫിയയെ കാൾ ജീവിതസഖിയാക്കിയത്. ജപ്പാനിലെ റ്റക്കമാഡോ രാജകുമാരിയും ബെൽജിയത്തിലെ രാജ്ഞി മെത്തിൽഡെയുമുൾപ്പെടെ ലോകമെമ്പാടുനിന്നുമുള്ള ‘രാജപ്പട’യാണു സ്വീഡിഷ് വിവാഹത്തിനു സാക്ഷ്യം വഹിക്കാനെത്തിയത്.

സ്വീഡിഷ് നാവിക സേനയിൽ മേജറാണ് 36 വയസുള്ള കാൾ ഫിലിപ് രാജകുമാരൻ. കാറോട്ടത്തിൽ കമ്പം. കിരീടാവകാശിയായി ജനിച്ച രാജകുമാരന്, പിന്തുടർച്ചാവകാശ നിയമം മാറിയപ്പോഴാണു ചേച്ചി വിക്ടോറിയയ്ക്കു വഴി മാറിക്കൊടുക്കേണ്ടി വന്നത്. മെദെലീൻ രാജകുമാരിയാണ് മറ്റൊരു സഹോദരി. സിംഹാസനത്തിലേക്കുള്ള അവകാശിനിരയിൽ വിക്ടോറിയ രാജകുമാരിയുടെ മകൾ എസ്റ്റേലിനും പിന്നിലാണ് ഇപ്പോൾ രാജകുമാരന്റെ സ്ഥാനം.