വിവാദ കവര്‍ ചിത്രം; ഒടുവില്‍ പ്രിയങ്ക മാപ്പു പറഞ്ഞു

പ്രിയങ്ക ചോപ്ര, വിവാദമായ കവർ ഫോട്ടോ

പ്രമുഖ ട്രാവല്‍ മാസികയായ കോണ്‍ഡേ നാസ്റ്റ് ട്രാവലര്‍ (സിഎന്‍ ട്രാവലര്‍) മാസികയുടെ കവറിലെ പ്രിയങ്ക ചോപ്രയുടെ ചിത്രം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കുടിയേറ്റക്കാരെ അപമാനിക്കുന്നതാണ് കവര്‍ ചിത്രമെന്ന് പറഞ്ഞ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിന്നായി പ്രിയങ്ക കുറച്ചൊന്നുമല്ല പഴികേട്ടത്. ഒടുവില്‍ വിഷയത്തിൽ ഇപ്പോള്‍ മാപ്പു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് താരം.

മാസികയുടെ കവറിലുള്ള ഫോട്ടോക്കു പോസ് ചെയ്യാനായി പ്രിയങ്ക ധരിച്ച ടി ഷര്‍ട്ടാണ് വിവാദമുണ്ടാക്കിയത്. നാലുവരികളിലായി നാലു വാക്കുകള്‍. അതില്‍ മൂന്നെണ്ണം ചുവന്ന വരയില്‍ വെട്ടിയിട്ടുണ്ട്. അഭയാര്‍ത്ഥി (റെഫ്യൂജി), കുടിയേറ്റക്കാരന്‍ (immigratn), പുറമെനിന്നുള്ള ആള്‍ (Outsider), ട്രാവലര്‍ എന്നീ വാക്കുകളായിരുന്നു ടി ഷര്‍ട്ടിലുണ്ടായിരുന്നത്. ഇതില്‍ ആദ്യ മൂന്ന് വാക്കുകള്‍ വെട്ടി ട്രാവലര്‍ എന്നതു മാത്രമാണ് നിലനിര്‍ത്തിയത്. ഇത് അഭയാര്‍ത്ഥികളെ അപമാനിക്കുന്നുവെന്ന് പറഞ്ഞാണ് വിവാദമുണ്ടായത്. 

കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും 34കാരിയായ മുന്‍ മിസ് വേള്‍ഡിന് യാതൊരു അനുഭാവവുമില്ലെന്നായിരുന്നു പരക്കെ ഉയര്‍ന്ന വിമര്‍ശനം. ബോള്‍ഡ് ആന്‍ഡ് ഫിയര്‍ലെസ് എന്ന തലക്കെട്ടില്‍ ഒക്‌ടോബര്‍ ഏഴിനാണ് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

ടൈം മാസികയുടെ ലോകത്തെ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രിയങ്ക ഇത്തരമൊരു കവറിനു മോഡലാകരുതായിരുന്നുവെന്നാണ് പലരും ആക്ഷേപിച്ചത്. എന്നാല്‍ ഇതു ലോകത്ത് വംശീയതയ്‌ക്കെതിരെയുള്ള സന്ദേശം നല്‍കുന്നതിനായിരുന്നുവെന്നും അതു ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് കരുതിയില്ലെന്നും താരം വ്യക്തമാക്കി. 

കുടിയേറ്റക്കാരുടെയോ അഭയാര്‍ത്ഥികളുടെയോ വികാരങ്ങളെ എന്റെ ചിത്രം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായി താരം പ റഞ്ഞു. ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ പ്രിയങ്കയുടെ താരമൂല്യത്തില്‍ വന്‍ മുന്നേറ്റമാണുണ്ടായിരിക്കുന്നത്.