പ്രിയങ്ക ചോപ്രയായിരുന്നു മിസ് കൊളംബിയയുടെ സ്ഥാനത്തെങ്കിൽ !

മിസ് യൂണിവേഴ്സ് മത്സരത്തിൽ അവതാരകനു നാവു പിഴച്ചപ്പോൾ കയ്യിൽവന്ന ഭാഗ്യം തട്ടിത്തെറിച്ച അവസ്ഥയാണ് മിസ് കൊളംബിയൻ സുന്ദരിയ്ക്കുണ്ടായത്. ആദ്യം മിസ് കൊളംബിയയെ വിശ്വസുന്ദരിയായി പ്രഖ്യാപിച്ച അവതാരകൻ സ്റ്റീവ് ഹാർവി പിന്നീടു തനിക്കു അബദ്ധം പറ്റിയതാണെന്നു തിരുത്തി മിസ് ഫിലിപ്പീൻസിനെ മിസ് യൂണിവേഴ്സ് ആയി പ്രഖ്യാപിക്കുകയായിരുന്നു. മുൻ മിസ്‍ വേൾഡും നടിയുമായ പ്രിയങ്ക ചോപ്രയ്ക്കും വിവാദ വിഷയത്തിൽ ചിലതു പറയാനുണ്ട്. നടന്നതു വളരെ ദൗർഭാഗ്യകരമായ സംഭവമാണെന്നു പ്രിയങ്ക പറഞ്ഞു.

മിസ് കൊളംബിയയുടെ സ്ഥാനത്തു താൻ ആയിരുന്നെങ്കിൽ എത്തരത്തിലായിരുന്നു പ്രതികരിക്കുക എന്നറിയില്ല. ആ സംഭവത്തിൽ നിന്നും ഇനിയും മുക്തി നേടാൻ സാധിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. മിസ് യൂണിവേഴ്സ് ആയി ഫിലിപ്പീൻസ് സുന്ദരിയെ പ്രഖ്യാപിക്കുന്നതിനു പകരം കൊളംബിയക്കാരിയ്ക്കാണ് കിരീടം എന്നായിരുന്നു സ്റ്റീവ് ഹാർവിയുടെ പ്രഖ്യാപനം. ഇതനുസരിച്ച് കൊളംബിയന്‍ സുന്ദരിയായ അരിയാഡ്ന ഗിറ്റ്റെസ് അറിവാലോയെ വിശ്വസുന്ദരിയ്ക്കുള്ള കിരീടം അണിയിക്കുകയും ചെയ്തു. ശേഷം അരിയാഡ്ന കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടയിൽ സ്റ്റീവ് ഹാർവി വേദിയിലേക്കു കടന്നു വരികയും തനിക്കു തെറ്റു പറ്റിയതാണെന്നും യഥാർഥ മിസ് യൂണിവേഴ്സ് ഫിലിപ്പീൻസുകാരിയായ പിയാ അലോൻസോ വേസ്ബാച്ച് ആണെന്നു പറയുകയുമായിരുന്നു. കാർഡിലെ പേരു തെറ്റായി വായിച്ചതിനു ക്ഷമാപണം ചോദിക്കുകയും െകാളംബിയൻ സുന്ദരിയെ ഫസ്റ്റ് റണ്ണർ അപ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.

അതിനിടെ മിസ് കൊളംബിയയ്ക്കു കിരീടം നഷ്ടമായതിൽ തനിക്കും ദുഖമുണ്ടെന്നും ഫലപ്രഖ്യാപനത്തിനു ശേഷം താനും കരയുകയായിരുന്നുവെന്നും മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട പിയാ അലോൻസോ വേസ്ബാച്ച് പറഞ്ഞു. താൻ പിന്നീടു മിസ് കൊളംബിയയെ കാണുമെന്നും കഴിഞ്ഞതൊന്നും തന്റെ പിഴവു മൂലം സംഭവിച്ചതല്ലെന്ന് അറിയിക്കുമെന്നും അവർ വ്യക്തമാക്കി.