രാജ്ഞിക്കു കാറോടിക്കാൻ ലൈസൻസ് വേണ്ടേ?

എൺപത്തിയൊന്നാം വയസ്സിൽ ഭർത്താവിനെ അരികിലിരുത്തി കാറോടിച്ച് എലിസബത്ത് രാജ്‍‍‍‍ഞി സമൂഹമാധ്യമങ്ങളിൽ തരംഗമായെങ്കിലും പിന്നാലെ വിവാദവുമെത്തി: രാ‍ജ്ഞിക്കു ലൈസൻസ് ഇല്ലായിരുന്നു! കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്ഞിയും ഭർത്താവ് ഫിലിപ് രാജകുമാരനും കാറോടിച്ചു പള്ളിയിൽ പോയത്. രാജകൊട്ടാരത്തിനടുത്തുള്ള വിൻഡ്സർ പാർക്കിലെ റോഡിലൂടെയായിരുന്നു രാജ്ഞിയുടെ കാർസവാരി. ഇടയ്ക്കു റോഡിലൂടെ കുഞ്ഞിനെ ചക്രങ്ങൾ ഘടിപ്പിച്ച തൊട്ടിലിൽ കിടത്തി കടന്നുപോയ ദമ്പതികൾക്കായി രാജ്ഞി കാർ റോഡിൽനിന്നിറക്കി ഓടിക്കുകയും ചെയ്തു.

വഴിപോക്കർ ഈ കാഴ്ച കണ്ട് അന്തംവിട്ടു. ചിലർ രാജ്ഞിക്കു ൈകകൾ വീശി അഭിവാദ്യം അർപ്പിച്ചു. ചിലർ ഈ രംഗം മൊബൈലിൽ ഒപ്പിയെടുത്ത് പുറംലോകത്തിനു കാണിച്ചുകൊടുത്തു. എലിസബത്ത് രാജ്ഞിക്കു ഡ്രൈവിങ് ലൈസൻസ് സ്വന്തമായിട്ടില്ല. എങ്കിലും ‘കാർ’ ഓടിക്കാൻ ഇവർക്കു പ്രത്യേക അവകാശം ഭരണകൂടം നൽകിയിട്ടുണ്ട്.

ഇതിനിടെ, എലിസബത്ത് രാജ്ഞി ഏഴാം വയസ്സിൽ നാത്‌സി ശൈലിയിൽ സല്യൂട്ട് ചെയ്യുന്ന വിഡിയോയും വിവാദമായിട്ടുണ്ട്. സൺ ദിനപത്രമാണ് 1933–34 കാലഘട്ടത്തിൽ എന്നോ പകർത്തിയ ഈ വിഡിയോ ദൃശ്യം പുറത്തുവിട്ടത്.