ഓർമയായി, തോക്കിനെ തോൽപ്പിച്ച സാറ

മുപ്പത്തിനാലു വർഷം മുൻപ്, അന്നത്തെ യുഎസ് പ്രസിഡന്റ് റോണാൾഡ് റീഗന്റെ ഭാര്യ നാൻസി റീഗനൊപ്പം ആശുപത്രിയിൽ കരഞ്ഞു തളർന്ന ആ ദിവസംമുതലാണ് വെടിയൊച്ചകൾ സാറയെ വിടാതെ വേട്ടയാടിത്തുടങ്ങിയത്. തക്കസമയത്തു വൈദ്യസഹായം ലഭിച്ചതിനാൽ പ്രസിഡന്റ് റീഗൻ തനിക്കുനേരെയുണ്ടായ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടെങ്കിലും തലയ്ക്കു വെടിയേറ്റ പ്രസ് സെക്രട്ടറിയും സാറയുടെ ഭർത്താവുമായ ജയിംസ് ബ്രേഡിക്കു ജീവനൊപ്പം തിരികെ ലഭിച്ചതു പാതി തളർന്ന ശരീരം.

റീഗനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള ജോൺ ഹിൻക്ലി ജൂനിയറെപ്പോലെയുള്ളവർക്കോ വിവേകമുദിക്കാത്ത കുഞ്ഞുങ്ങൾക്കോ തോക്കു കയ്യിൽ കിട്ടിയാലുള്ള ഭവിഷ്യത്തുകൾ ബോധ്യപ്പെട്ട ആ നിമിഷമാണ് സാറ ബ്രേഡിയിലെ ആക്ടിവിസ്റ്റ് ഉണർന്നത്.

കുടുംബസൃഹൃത്ത് ഓടിച്ചുവന്ന പിക്ക്അപ്പ് ട്രക്കിന്റെ സീറ്റിൽ കിടന്ന കൈത്തോക്കെടുത്ത് ബ്രേഡി ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൻ അമ്മയ്ക്കുനേരെ ചൂണ്ടിയപ്പോൾ കളി ശരിക്കും കാര്യമായി.

തോക്കുകൊണ്ടുള്ള അതിക്രമങ്ങൾക്കു തടയിടാൻ ‘ബ്രേഡി പ്രസ്ഥാനംതന്നെ പിന്നാലെ രൂപംകൊണ്ടു. തോക്കുപയോഗം നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാനായി ഭർത്താവിന്റെ പിന്തുണയോടെ ബ്രേഡി നടത്തിയ പോരാട്ടങ്ങൾ ഫലം കണ്ടത് 1993ൽ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭരണകാലത്താണ്. ‘ബ്രേഡി ഹാൻഡ്ഗൺ വയലൻസ് പ്രിവൻഷൻ ആക്ട് എന്ന പേരിൽ പ്രാബല്യത്തിൽ വന്ന നിയമം യുഎസിൽ ഒഴിവാക്കിയത് എത്രയോ നിർഭാഗ്യമരണങ്ങൾ!

ഇൗ നിയമംമൂലം ഇരുപതു ലക്ഷത്തോളം അനധികൃത തോക്കിടപാടുകൾക്കു തടയിടാനായെന്നാണു ബ്രേഡി ക്യാംപെയ്ൻ കണക്കുകൾ. വെടിയേറ്റു തളർന്ന ശരീരവുമായി ദുരിതജീവിതം നയിച്ച ജയിംസ് ബ്രേഡി 73-ാം വയസ്സിൽ കഴിഞ്ഞ ഓഗസ്റ്റിലാണു മരിച്ചത്. ശ്വാസകോശ അർബുദത്തെ പൊരുതിത്തോൽപ്പിച്ച സാറ ബ്രേഡി 2002ൽ ദ് ഗുഡ് ഫൈറ്റ് എന്ന പേരിൽ പുസ്തകമെഴുതിയിരുന്നു.