Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ഒരു മുഴുനീള ഓണം സീരിയൽ എപ്പിസോഡ്

serial onam സീരിയലുകളിലൂടെ മനസിൽ പതിഞ്ഞ മുഖങ്ങൾ ഓണവിശേഷങ്ങളുമായി ഒരുമിക്കുന്നു. അച്ഛനായി സന്തോഷ് കുറുപ്പും അമ്മയായി അനില ശ്രീകുമാറും. മക്കളായി എത്തുന്നത് സാജൻ സൂര്യ, സൗപർണിക, ശ്രീലയ പിന്നെ നികിതയും.

മുറ്റത്തും പറമ്പിലും പുതിയ തളിരും പൂക്കളും നിറഞ്ഞു കഴിഞ്ഞാൽ ഓണമായി. പൂക്കളമൊരുക്കി ചേച്ചിമാർ തിരുവാതിര കളിക്കും. വറുക്കലും നുറുക്കലുമായി അടുക്കളയിൽ അമ്മയും അമ്മായിമാരും. ഓണവിശേഷങ്ങൾ പങ്കുവച്ച് അച്ഛനും കൂട്ടരും ഉമ്മറത്ത്. 

പക്ഷേ, വീട്ടിനുള്ളിൽ ഓണമെത്തണമെങ്കിൽ ടിവിയിൽ താരങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷവും ഓണപ്പാചകവും തുടങ്ങണം. ഇക്കുറി സീരിയലുകളിലൂടെ  മനസിൽ പതിഞ്ഞ മുഖങ്ങളെ ഓണവിശേഷങ്ങളുമായി ഒരുമിപ്പിക്കുന്നു. അച്ഛനായി സന്തോഷ് കുറുപ്പും അമ്മയായി അനില ശ്രീകുമാറും. മക്കളായി എത്തുന്നത് സാജൻ സൂര്യ, സൗപർണിക, ശ്രീലയ പിന്നെ നികിതയും. ആർപ്പോ... ർർർറോ...

എപ്പിസോഡ് 1–തുമ്പപ്പൂഓണം

serial onam പണ്ടൊക്കെ കർക്കിടകമാകുമ്പോഴേ ഓണമുണ്ട്. പിള്ളേരോണം എന്നാണ് കർക്കിടകത്തിലെ തിരുവോണത്തെ വിളിക്കുക. അന്നും സദ്യയൊക്കെ ഉണ്ടാകും.

വാഴയില കുമ്പിളുകൂട്ടി തുമ്പപ്പൂ പറിക്കുന്ന കഥ പറഞ്ഞ് സന്തോഷ് കുറുപ്പും അനിലയും  സാജനും ഓണക്കൂട്ടിൽ ഫ്ലാഷ്ബാക്കിനുള്ള ഒരുക്കത്തിലാണ്. പക്ഷേ, അതുകേട്ട് കണ്ണുമിഴിക്കുകയാണ് കുഞ്ഞിപ്പെണ്ണ് നികിത.

 ‘‘ആദ്യം എണീക്കുന്ന ആളിനാണ് ഏറ്റവും വലിയ പൂക്കളം ഇടാൻ പറ്റുക. അയൽപക്കത്തു നിന്നൊക്കെ പൂവ് പറിക്കണ്ടേ, അതും അവർ എണീക്കുന്നതിനു മുമ്പേ. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പം കൂടിക്കൂടി വരും.’’ സന്തോഷ് പറയുന്നത് സ്വന്തം നാടായ കരുനാഗപ്പള്ളിയിലെ ഓണക്കാലമാണ്. 

‘‘തുമ്പപ്പൂ വിരിയുന്ന ഓണമാണ് നമ്മുടെയൊക്കെ ഓർമകളിൽ  ഇപ്പോഴുമുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ക്വാ ർട്ടേഴ്സിലാണ് കുട്ടിക്കാലത്തെ ഓണത്തിന്റെ ഓർമകൾ. അമ്മ അവിടെ നഴ്സായിരുന്നു. ഞാനും അനിയനും രാവിലെ പൂ പറിക്കാനിറങ്ങും. അടുത്ത ക്വാർട്ടേഴ്സിലെ ആന്റിക്ക് മൂന്ന് പെൺമക്കളാണ്. അവർക്ക് കിട്ടുന്നതിനെക്കാൾ പൂ പറിക്കുക എന്നതായിരുന്നു വാശി.’’ അനിലയുടെ മുഖത്ത് ഒാർമപ്പൂ വിരിഞ്ഞു.

‘‘തുമ്പപ്പൂ ആണ് അന്നും ഇന്നും പൂക്കളത്തിലെ ഫേവറിറ്റ്. വളരെ കുറച്ചേ കിട്ടൂ എന്നതുകൊണ്ട് പൂക്കളത്തിലെ ഏതെങ്കിലും പ്രധാന ഭാഗത്ത് കൂന കൂട്ടിയാണ് തുമ്പപ്പൂ ഇടുന്നത്. മുറ്റത്ത് മണ്ണുകൊണ്ട് തിട്ട തീർത്ത് അതിനുമുകളിൽ ചാണകം മെഴുകി പൂക്കളമിടുമ്പോൾ ചാണകത്തിന്റെ കറുപ്പുനിറത്തിനു മുകളിൽ തുമ്പപ്പൂവിന്റെ വെളുപ്പുനിറം തെളിഞ്ഞുകാണാം. പക്ഷേ, ഇപ്പോൾ ചൈനീസ് പൂക്കളം ഇൻസ്റ്റന്റായി വാങ്ങാൻ കിട്ടും. അതു വെറുതേ മുറ്റത്തു കൊണ്ടുവന്ന് വിരിച്ചിട്ടാൽ മതി.’’ 

തിരുവനന്തപുരം കരകുളത്തെ ഓണം ഓർമകളാണ് സാജന് പറയാനുള്ളത്. ‘‘അന്ന് സുഹൃത്തുക്കൾ ചേർന്ന് നാട്ടിൽ ക്ലബുണ്ടാക്കും. ഓരോ ജംഗ്ഷനിലും ചെറിയ ഓലപ്പുര കെട്ടി പൂക്കളമിടും. രാവിലെ ഈ പൂക്കളം റെഡിയാക്കിയിട്ടാകും വീട്ടുമുറ്റത്ത് പൂക്കളമിടുന്നത്. റോഡിലിടുന്ന പൂക്കളത്തിന് വേറൊരു ഉദ്ദേശ്യം കൂടിയുണ്ട്. അവിടെ മൈക്ക്സെറ്റ് വച്ച് പാട്ടിടും. തിരുവോണ ദിവസം ഏറ്റവും വലിയ സെറ്റുള്ള കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ടിവി എടുത്ത് റോഡിൽ വച്ച് വിസിആറിൽ ഏതെങ്കിലും പുതിയ സിനിമ കാണിക്കുന്നതോടെയാണ് ഈ പരിപാടി അവസാനിക്കുന്നത്. 

എന്നും വൈകിട്ട് ചെറിയ പിരിവൊക്കെ നടത്തിയാണ് പൂ വാങ്ങാനുള്ള കാശ് സമ്പാദിക്കുന്നത്. പക്ഷേ, ഇതിന്റെ വലിയ ഭാഗവും മുണ്ടൻ മണിയണ്ണന്റെ കടയിലെ പൊറോട്ടയും ബീഫും കഴിക്കാനാണ് ചെലവായിരുന്നത്. പിരിവിൽ മിച്ചം വരുന്ന കാശുകൊണ്ടാണ് എന്നുപറയുമെങ്കിലും മിച്ചമാണ് കൂടുതലുണ്ടാകുക.’’ സാജന്റെ ചിരിക്കണ്ണ് നിറഞ്ഞു.

അവസാന ലാപ് ശ്രീലയയ്ക്കായിരുന്നു. ‘‘കണ്ണൂരിലെ ചുണ്ടപ്പറങ്കയിലാണ് എന്റെ കുട്ടിക്കാലം. എല്ലാവരും ആഘോഷിക്കുന്നതു കൊണ്ട് വീട്ടിലും പൂക്കളമിടും. ശ്രുതിയാണ് പൂക്കളമിടാൻ മിടുക്കി.

 അവസാന ദിവസത്തെ പൂക്കളത്തിൽ ഒരു വെറൈറ്റി നിറമുണ്ടാകും, വയലറ്റ്. സദ്യയ്ക്ക് പായസം വയ്ക്കാൻ തേങ്ങാപ്പാൽ എടുത്തതിന്റെ പീര സൂപ്പർവൈറ്റ് മുക്കിയാണ് വയലറ്റ് നിറമുണ്ടാക്കുന്നത്. പക്ഷേ, ഇതിന് ഒരു അപകടമുണ്ട്, നോക്കിയിരുന്നില്ലെങ്കിൽ പൂക്കളം കോഴി കൊത്തും.’’

എപ്പിസോഡ് 2– ഓണപ്പേടികൾ

serial onam

ഓണം അവധി കഴിഞ്ഞ് പരീക്ഷ ഉണ്ടാകുന്നതു കൊണ്ട് വെക്കേഷൻ ശരിക്കും അടിച്ചുപൊളിക്കാൻ പറ്റാറില്ലെന്ന് നികിത പരിഭവിക്കുന്നു. ‘‘പരീക്ഷയില്ലേ... പരീക്ഷയില്ലേ... എന്നുചോദിച്ച് അച്ഛനും അമ്മയും പേടിപ്പിച്ചുകൊണ്ടിരിക്കും. പക്ഷേ, ഓണം റിലീസ് സിനിമകൾ മാത്രമല്ല, കുറച്ചുകാലമായി മാറ്റിവച്ചിരുന്ന സിനിമകളൊക്കെ കണ്ടുതീർക്കുന്ന കാലമാണ് ഓണം.  ബന്ധുക്കളുടെ വീടുകളിൽ പോകുന്നതും സദ്യയും പായസവും കഴിക്കുന്നതും ടിവി കാണുന്നതും.... പിന്നെ എല്ലാ ഓണത്തിനും പുതിയ ഡ്രസ് കിട്ടും. വെക്കേഷന്റെ അവസാനത്തെ രണ്ടുദിവസം കുറച്ച് സീരിയസായി പരീക്ഷയ്ക്ക് പഠിക്കാൻ നോക്കും. 

ഇത്തവണ പക്ഷേ, പത്താംക്ലാസാണ്. എല്ലാവരും നന്നായി പേടിപ്പിച്ചു വച്ചിട്ടുണ്ട്. സീരിയലിൽ നിന്നുപോലും ബ്രേക്കെടുത്തിരിക്കുകയാ...’’ 

സാജൻ പറഞ്ഞത് മറ്റൊരു ഓണപ്പേടിയെ കുറിച്ചാണ്. ‘‘രണ്ടുമൂന്ന് വർഷം മുമ്പ് മുംബൈയിൽ ഒരു ഓണം സെലിബ്രേഷന് പോയി. ഓണം  കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞായിരുന്നു പരിപാടി. പോയി വന്നപ്പോ സുഹൃത്തുക്കൾ കളിയാക്കി കൊന്നു. പിന്നെ ഒരിക്കൽ കോളജിലെ ഓണം സെലിബ്രേഷന് അതിഥിയായി പോയി. പരിപാടി നടക്കുന്നതിനിടെ മുഖ്യാതിഥിക്ക് കോളജ് യൂണിയന്റെ വക ഉപഹാരം. സദ്യയൊക്കെ കഴിച്ച് തിരികെ കാറിൽ പോകുന്നതിനിടെ ഒരു മോഹം, കുറേ പെൺകുട്ടികളൊക്കെ ഉള്ള കോളജല്ലേ. എന്താ ആ സമ്മാനമെന്നു അറിയാനൊരു കൊതി. തുറന്നപ്പോഴല്ലേ രസം. നല്ല ഒന്നാന്തരം മുണ്ടും ഷർട്ടും. പക്ഷേ, ഷർട്ടിനുള്ളിൽ ഒരാൾക്കുകൂടി കയറാം. അത്രയ്ക്ക് വലിപ്പം. പിന്നീടാണ് കഥ മനസിലായത്. വേറേ ഏതോ നടനാണ് ആദ്യം പരിപാടിയിൽ പങ്കെടുക്കാമെന്നു സമ്മതിച്ചത്. അതിഥി മാറിയെങ്കിലും വാങ്ങിവച്ച സമ്മാനം മാറിയില്ല.’’

അനിലയുടെ ഓണത്തമാശകളിൽ ഒരു വലിയ ‘വീഴ്ച’ യുണ്ട്. ഊഞ്ഞാലിൽ നിന്ന് നല്ല സ്റ്റെലായി ലാൻഡ് ചെയ്ത ആ കഥ ഇങ്ങനെ. ‘‘ക്വാർട്ടേഴ്സ് വളപ്പിൽ നിറയെ മരങ്ങളുണ്ട്. എല്ലാവർക്കും ഊഞ്ഞാലിടാം. സാധാരണ ഓലമടലാണ് സീറ്റാക്കി കെട്ടുന്നത്. പപ്പ അൽപം കലാപരമായി പലക ചീകിയെടുത്ത് സീറ്റാക്കി ഉറപ്പിച്ചു. ഞാനിരുന്ന് ആടുമ്പോൾ അനിയനൊന്ന് ആയത്തിൽ തള്ളിവിട്ടതാണ്. തെന്നിയിറങ്ങി പറക്കും തളിക പോലെ ലാൻഡ് ചെയ്തു. അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സംഭവം. വീണ എന്നെക്കാൾ അന്നു കരഞ്ഞത് അനിയനാണ്. അവന് അമ്മയുടെ ചീത്തയും അടിയും വേണ്ടുവോളം കിട്ടി. ’’

സൗപർണികയുടെ ഓണപ്പേടി ഹിന്ദിയെ കുറിച്ചാണെന്നു പറഞ്ഞ് സാജൻ കളിയാക്കാൻ തുടങ്ങി. ചമ്മൽ ഒട്ടും മറച്ചുവയ്ക്കാതെ തന്നെ സൗപർണിക ആ കഥ പറഞ്ഞു.

‘‘മൂന്നാലു വർഷം മുമ്പാണ്. ഡൽഹിയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോയി.  ഉച്ചയ്ക്ക് അവിടെ എത്തിയേ കഴിക്കൂ എന്നു കൂട്ടുകാരിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. കൃത്യസമയത്ത് ആണെങ്കിൽ 12നു മുമ്പ് വണ്ടി എത്തും. പക്ഷേ, ട്രെയിൻ ആറുമണിക്കൂർ ലേറ്റ്. അവസാനം വിശന്നുവലഞ്ഞ് വൈകിട്ട് അഞ്ചുമണിക്ക് അവിടെയെത്തി തണുത്തുറഞ്ഞ സദ്യയും പായസവും കഴിച്ചു.

 അതൊന്നുമല്ല ശരിക്കുമുള്ള ഓണപ്പേടി. പരിപാടിക്ക് ചെന്നപ്പോഴല്ലേ രസം. മലയാളി അസോസിയേഷനാണെങ്കിലും പരിപാടിയിൽ കൂടുതലും ഹിന്ദിക്കാരാണ്. അവർക്ക് ഞാൻ ഹിന്ദിയിൽ ഓണത്തെകുറിച്ച് രണ്ടുവാക്ക് സംസാരിക്കണമെന്നു മോഹമുള്ള പോലെ. അഞ്ചാം ക്ലാസിൽ ഹിന്ദി പഠിപ്പിച്ച ശ്രീകുമാരി ടീച്ചറെ മനസിൽ ധ്യാനിച്ച് ഞാനൊരു കാച്ച് കാച്ചി, ഓണം കേരൾ കാ ദേശീയ ത്യോഹാർ ഹേ... ഹൈ... ഹോ...’’

ലയയ്ക്കുമുണ്ട് സങ്കടപ്പെടുത്തുന്ന ഒരു ഓണം ഓർമ. ‘‘ഏഴാം ക്ലാസിലാണ് അന്ന് പഠിക്കുന്നത്. അമ്മയും അച്ഛനും എന്നും തിരക്കാണ്. ശ്രുതി ബാലതാരമായി അഭിനയിച്ചു തുടങ്ങിയതോടെ അവളെയും വീട്ടിൽ കിട്ടാതായി. ആ വർഷം ഓണത്തിനും ഞാനും അന്നമ്മ അമ്മച്ചിയും (അമ്മയുടെ അമ്മ) മാത്രമേ വീട്ടിലുള്ളൂ. ഇപ്പോഴും ഓർക്കുമ്പോൾ ഏറ്റവും വിഷമത്തോടെ ആഘോഷിച്ച ഓണമാണത്.’’

എപ്പിസോഡ് 3– പിള്ളേരോണം

serial onam ഓണമൊക്കെ ഇൻസ്റ്റന്റായപ്പോൾ ഇപ്പോൾ ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലുമല്ലേ ആശംസ അയക്കുന്നതെന്നു ചോദിച്ച് അനില ഗൃഹാതുരതയുടെ കെട്ടഴിച്ചു.

കുഞ്ഞുപിള്ളേരുടെ ഓണപ്പേടി കേട്ടിട്ടാകും പിള്ളേരോണത്തിന്റെ കഥ പറഞ്ഞ് അവരെ സമാധാനിപ്പിക്കുകയാണ് സ ന്തോഷ് കുറുപ്പ്. 

‘‘പണ്ടൊക്കെ കർക്കിടകമാകുമ്പോഴേ ഓണമുണ്ട്. പിള്ളേരോണം എന്നാണ് കർക്കിടകത്തിലെ തിരുവോണത്തെ വിളിക്കുക. അന്നും സദ്യയൊക്കെ ഉണ്ടാകും. അത്തം മുതൽ ഓണത്തിന്റെ മൂഡിലാകുമെങ്കിലും പൂരാടമായാൽ പിന്നെ അടുക്കളയിൽ വറുക്കലും പലഹാരമുണ്ടാക്കലുമായി. ഉപ്പേരി, കായ വറുത്തത്, കളിയടയ്ക്ക... കപ്പയും ചേമ്പും വരെ വറുക്കും. അന്നൊക്കെ പരീക്ഷ, ഓണത്തിനു മുമ്പേ കഴിയില്ലേ. അപ്പോ കുട്ടികളൊക്കെ പുലികളിയും കരടികളിയുമായി ഇറങ്ങും. വാഴയുടെ ഉണങ്ങിയ ഇല ദേഹത്ത് വച്ചുകെട്ടിയാണ് കരിയിലമാടൻ വരുന്നത്. ഒപ്പം പാട്ടുപാടി കുട്ടിക്കൂട്ടവും.

‘‘തന്നന്ന താനന്ന തന്നാനെ താനെ

താനിന്ന താനിന്ന തന്നാനെ

പട്ടി കടിക്കല്ലെ വീട്ടുകാരെ ഞങ്ങൾ

ഓണം കളിക്കാൻ വന്നതാണേ...

കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ

കൂട്ടിലാക്കി ഞങ്ങൾ കൊണ്ടുവന്നേ..’’ സന്തോഷിന്റെ പാട്ടിനൊത്ത് നികിതയും ലയയും സൗപർണികയും സാജനും അനിലയും താളംപിടിച്ചു.

എപ്പിസോഡ് 4– ചിക്കൻ സദ്യ

serial onam

കുട്ടിക്കാലം അച്ഛന്റെ നാടായ കൊല്ലം രാമൻകുളങ്ങരയിൽ ആഘോഷിച്ച കഥകൾ പറഞ്ഞ് സൗപർണിക വീണ്ടും ലൈവായി. ‘‘അന്നൊക്കെ പുലികളി കണ്ടിട്ടുണ്ട്. പക്ഷേ, ഇന്നത്തെ ഓണം ജോലിയൊക്കെ ഒതുക്കി ടിവിക്ക് മുന്നിലിരിക്കുന്നതാണ്. പിന്നെ ഇക്കഴിഞ്ഞ വർഷങ്ങളിലെ ഓണത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ ഞാൻ വിവാഹം കഴിച്ചു പോയത് കോഴിക്കോടേക്കാണ്. അവിടെ നോൺ വെജിറ്റേറിയൻ ഓണമാണ്. തൂശനിലയിൽ തുമ്പപ്പൂ ചോറു വിളമ്പുമ്പോൾ അരികിലായി നല്ല വറുത്തരച്ച ചിക്കൻ കറിയും ഉണ്ടാകും. ആദ്യത്തെ വർഷം ഇതുകണ്ട് എനിക്ക് തലകറങ്ങി.’’ 

തിരുവനന്തപുരത്തുകാർ ഇതൊന്നും കേൾക്കേണ്ട എന്നുപറഞ്ഞ് സാജനും സന്തോഷും അദ്ഭുതപ്പെടുന്നു. ‘‘ഇവിടെ അവസാനത്തെ നാലുദിവസം എന്തായാലും വെജിറ്റേറിയനേ കയറ്റൂ. ചിലപ്പോ വല്ല വീടുകളിലും ഗസ്റ്റായി പോകുമ്പോ ചിക്കൻ ഉണ്ടെങ്കിലായി.’’ 

സാജന്റെ ആത്‌മഗതം അൽപം ഉറക്കെയായി. ഇതുകേട്ട് കൂട്ടത്തിൽ പൊട്ടിച്ചിരി. പക്ഷേ, സൗപർണികയെ അനുകൂലിക്കുന്നു അനില. 

‘‘കോഴിക്കോട്ടെ കുട്ടിക്കാല ഓണസദ്യയ്ക്ക് നാലുകൂട്ടം പായസവും പതിനാറുകൂട്ടം കറിയും വലിയ തുണ്ടം മീൻ വറുത്തതും ഉൾപ്പെടെ തന്നെയാണ് കഴിച്ചിട്ടുള്ളത്. പിന്നെ അവിടെയുള്ള വീട് വിട്ട് അങ്കമാലിയിലേക്ക് വന്ന ശേഷമാണ് വെജിറ്റേറിയൻ സദ്യ ശീലമായത്. വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് വന്നപ്പോ അതിലും മാറ്റം വന്നു, പക്ഷേ, അന്നും ഇന്നും എന്റെ ഫേവറിറ്റ് ഓലനാണ്. അതിനു കോഴിക്കോടെന്നോ തിരുവനന്തപുരമെന്നോ വ്യത്യാസമില്ല...’’

എപ്പിസോഡ് 5– വാട്ട്സ്ആപ് ഓണം 

serial onam സൗപർണിക, നികിത, അനില ശ്രീകുമാർ, ശ്രീലയ, ...

ഓണമൊക്കെ ഇൻസ്റ്റന്റായപ്പോൾ ഇപ്പോൾ ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലുമല്ലേ ആശംസ അയക്കുന്നതെന്നു ചോദിച്ച് അനില ഗൃഹാതുരതയുടെ കെട്ടഴിച്ചു. ‘‘പണ്ടൊക്കെ ചിങ്ങം തുടങ്ങുമ്പോ തന്നെ പലഹാരമൊക്കെ ഉണ്ടാക്കി ബന്ധുവീടുകളിലേക്ക് കൊടുത്തയയ്ക്കും. ഓണം വന്നാ പിന്നെ വീട്ടിൽ അതിഥികളുടെ തിരക്കാണ്. ഇപ്പോഴും ഉത്രാടം വീട്ടിൽ ആ ഘോഷിച്ച് തിരുവോണമുണ്ണാൻ ശ്രീകുമാറേട്ടനും കുട്ടികളുമായി അങ്കമാലിയിലേക്ക് പോകും ഞങ്ങൾ. അമ്മയുടെ കൂടെയിരുന്ന് സദ്യ കഴിച്ചില്ലെങ്കിൽ ഒരു തൃപ്തി വരില്ല.’’

പുതിയ തലമുറയുടെ ഓണത്തെ പറ്റി സൗപർണികയ്ക്കും പറയാനുണ്ട്. ‘‘ഈയിടെ ലൊക്കേഷനിൽ ഇരിക്കുമ്പോൾ ഒരു തമാശ നടന്നു. സീരിയലിൽ കൂടെ അഭിനയിക്കുന്ന ഒരു നടി ചെറിയ മകന്റെ കൂടെയാണ് വന്നത്. അമ്മയ്ക്ക് ഷൂട്ടുള്ള സമയത്ത് ഫോണിൽ കളിച്ചിരുന്ന അവൻ ബ്രേക്ക് സമയത്ത് സംശയവുമായി വന്നു. ഒരു കാരിക്കേച്ചർ കണ്ടിട്ട് ‘മമ്മീ, ഹു ഈസ് ദിസ് ഫണ്ണി കിങ്’ എന്നാണ് ചോദ്യം. ‘അയ്യോ, മോനേ ഇതാണ് മാവേലി’ എന്ന് അവർ പറഞ്ഞത് അൽപം ഉറക്കെയായി. ഇതാണ് ഇന്നത്തെ അവസ്ഥ. കുട്ടികൾക്ക് മാവേലി പോലും ഫണ്ണി കിങ് ആണ്.’’

‘‘ഓണം ആഘോഷിക്കുമ്പോൾ ഏറ്റവും തടിയും കുടവയറുമുള്ള ആൾക്കാണ് മാവേലിയാകാൻ നറുക്ക് വീഴുന്നത്. പക്ഷേ, ശരിക്കും നല്ല ആരോഗ്യദൃഢഗാത്രനായ സുന്ദരനായിരുന്നു മാവേലി. പാരമ്പര്യവും സംസ്കാരവുമൊന്നും പുതിയ തലമുറയ്ക്ക് അറിയില്ല. മിക്കവരും ഓണപരിപാടിക്ക് പോകേ ണ്ടിവരുമ്പോഴാണ് ഗൂഗിളിൽ നോക്കി ഓണത്തെ പറ്റി രണ്ട് ഡയലോഗ് കാണാതെ പഠിക്കുന്നത്,’’ സന്തോഷ് പറയുന്നു.

ഇപ്പോഴും മാവേലി എന്നുപറയുമ്പോ ഓർമ വരുന്നത് ഇന്നസെന്റ് ചേട്ടനെയാ എന്നുപറഞ്ഞ് സാജൻ കളം കീഴടക്കുന്നു. ലയയും നികിതയും മാവേലിയെ അനുകരിച്ച് മുറ്റത്തുകൂടി നടന്നുതുടങ്ങി. ദേ മാവേലി കൊമ്പത്ത്... അല്ല മുറ്റത്ത്...

എപ്പിസോഡ് 6– ഇൻസ്റ്റന്റ് ഓണം

serial-onam3 സീരിയൽ ലൊക്കേഷനിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയിട്ട് സന്തോഷിന് ഇത് സിൽവർ ജൂബിലി വർഷമാണ്. പക്ഷേ, തിരുവോണ ദിവസം ലോകത്ത് എവിടെയാണെങ്കിലും അമ്മയുടെ അടുത്തെത്തുമെന്ന് സന്തോഷ് പറയുന്നു.

റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷത്തിൽ പ ങ്കെടുക്കുന്നതാണ് ഓണക്കാലത്തെ പ്രധാന പരിപാടിയെന്നു നികിത പറയുന്നു. ‘‘കനകക്കുന്നിൽ പോകുന്നതും രാത്രി ലൈറ്റ് കാണാനിറങ്ങുന്നതുമാണ് സന്തോഷമുള്ള കാര്യങ്ങൾ. ഭയങ്കര തിരക്കല്ലേ. പക്ഷേ, എത്ര രാത്രിയായാലും പോകാമെന്നുള്ളോണ്ട് ലൈറ്റ് കാണാന്‍ എല്ലാ വർഷവും പോകും. ’’

തന്റെയും സന്തോഷേട്ടന്റെയും അനില ചേച്ചിയുടെയും മക്കൾക്കൊക്കെ ഓർമയിലുള്ള ഓണം നികിത പറഞ്ഞതു ത ന്നെയാണെന്ന് സാജൻ പറയുന്നു. ‘‘പൂക്കളമിടലിന്റെ സന്തോഷമൊന്നും ഇന്നത്തെ കുട്ടികൾക്ക് അറിയില്ല. വീട്ടിൽ പൂക്കളമിടുന്നത് എങ്ങനെയാണെന്ന് അറിയാത്തതിനാൽ മക്കൾക്ക് കാണാനായി കഴിഞ്ഞ ഓണത്തിന് അമ്മ പൂക്കളമിട്ടു.  ഇ പ്പോൾ ശാന്തി നഗറിലാണ് ഞാൻ താമസം. അവിടെ മണ്ണു കാണുന്ന ഭാഗങ്ങൾ തന്നെ കുറവാണ്. എവിടെനിന്നോ കുറച്ചു മണ്ണ് എടുത്തുകൊണ്ടു വന്ന് തിട്ട കെട്ടി ചാണകം മെഴുകി അവസാനത്തെ രണ്ടുമൂന്ന് ദിവസം പൂക്കളമിട്ടു. ഈ വർഷം പത്തുദിവസവും പൂക്കളമിടുമെന്ന സന്തോഷത്തിലാണ് മക്കൾ’’

പറമ്പിൽ നിന്നും തൊടിയിൽ നിന്നും പറിക്കുന്ന പൂവ് കിട്ടാതായതോടെ പുളിയില മുതൽ ഉപ്പും കളർപൊടിയും വരെ പൂക്കളത്തിൽ വന്നെന്നാണ് അനിലയുടെ പരാതി. ഞാൻ കോളജിൽ പഠിക്കുന്ന കാലത്താണ് കളർപൊടി ട്രെൻഡായത് എന്ന സാജന്റെ ഡയലോഗിന് സൗപർണികയുടെ കൗണ്ടർ വന്നത് ഇങ്ങനെ, ‘‘കോളജിൽ പഠിച്ചിട്ടുണ്ട് എന്നറിയിക്കാനാണ് ഈ ഡയലോഗ്... വേല കയ്യിലിരിക്കട്ടെ.’’ 

എം.ജി കോളജിൽ പോയി ആരോടു ചോദിച്ചാലും സാജൻ സൂര്യയെ അറിയും എന്നുപറഞ്ഞ് ആ ആരോപണത്തിന്റെ മുനയൊടിച്ചു സാജൻ.

എപ്പിസോഡ് 7– സീരിയൽ ഓണം

serial onam

സീരിയൽ ലൊക്കേഷനിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയിട്ട് സന്തോഷിന് ഇത് സിൽവർ ജൂബിലി വർഷമാണ്. പക്ഷേ, തിരുവോണ ദിവസം ലോകത്ത് എവിടെയാണെങ്കിലും അമ്മയുടെ അടുത്തെത്തുമെന്ന് സന്തോഷ് പറയുന്നു.

 ‘‘അമ്മയോടൊപ്പം നിലത്തിരുന്ന് ഇലയിൽ ഓണമുണ്ടിട്ടുണ്ട് ഇതുവരെ. അതിന്റെ സുഖമൊന്നു വേറെയാ. തിരുവോണം കരുനാഗപ്പള്ളിയിലെ തറവാട്ടിലാകും. അവിട്ടം ദിവസം കൊട്ടാരക്കരയിലെ ഭാര്യയുടെ വീട്ടിലും. ആ ദിവസങ്ങളിൽ ഇതിനടുത്ത് വല്ല പരിപാടിയും ഉണ്ടെങ്കിലേ പോകൂ. അത് കല്യാണം കഴിഞ്ഞ കാലം മുതലേ ഉള്ള ഞങ്ങളുടെ കരാറാ...’’ സന്തോഷ് ചിരിക്കുന്നു.

അനില സീരിയലിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയിട്ട് 21വർഷമായി. ഒരിക്കൽ തിരുവോണത്തിന് ഷൂട്ടിങ്ങുണ്ടായിരുന്ന കഥയും അനില പറയും. ‘‘പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഓണക്കാലത്തായിരുന്നു. തിരുവോണത്തിന് ബ്രേക്കില്ല. അന്ന് നീളത്തിൽ മേശയും കസേരയമിട്ട് ലൊക്കേഷനിലുള്ള എല്ലാവരും കൂടി സദ്യയുണ്ടു. വീട്ടിൽ പോകാൻ പറ്റാത്തതിന്റെ വിഷമം കുറച്ചുണ്ടായിരുന്നെങ്കിലും അതൊരു വലിയ അനുഭവമായിരുന്നു. 

വിവാഹം കഴിഞ്ഞുള്ള ആദ്യത്ത ഓണത്തിന് ഞാൻ തന്നെ സദ്യയുണ്ടാക്കി. ന്യൂഡിൽസും ചിക്കൻകറിയും മാത്രമേ അതിനുമുമ്പ് ഉണ്ടാക്കിയിട്ടുള്ളൂ. പക്ഷേ, സദ്യയുടെ എല്ലാ കറികളും വയ്ക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. കഴിച്ചുകഴിഞ്ഞ് എല്ലാവരും നന്നായി പ്രശംസിച്ചപ്പോൾ ഞാനും ഹാപ്പി.  ഞങ്ങൾ കോഴിക്കോടുകാർ പാൽപായസത്തിന്റെ ആൾക്കാരാ. ഇവിടെ വന്നശേഷം പരിപ്പുപായസം എന്റെ ഹൃദയം കീഴടക്കി. ചേട്ടന്റെ അമ്മയാണ് അതിന്റെ മാസ്റ്റർ. വേവിച്ച് നന്നായി അരച്ചെടുത്തേ പായസം വയ്ക്കൂ. ഒരു തരിപോലും ഉണ്ടാകില്ല. ആകെ കടിക്കാനുള്ളത് നെയ്യിൽ വറുത്തിട്ട അണ്ടിപ്പരിപ്പും മുന്തിരിയുമാകും.

 ഇപ്പോൾ വീട്ടിൽ കടലപ്പായസം വയ്ക്കുന്നത് ശ്രീകുമാറേട്ടനാ. എനിക്കുവേണ്ടി കൂടുതൽ മധുരം ഏട്ടൻ ചേർക്കും.’’ അനില നാണത്തിൽ പൊതിഞ്ഞ് ചിരിച്ചപ്പോൾ ലയയും സൗപർണികയും അനിലയെ കളിയാക്കാൻ തുടങ്ങി.

പാചകപരീക്ഷണം നടത്തിയ കഥ ലയയ്ക്കും പറയാനുണ്ട്. ‘‘ ഓണത്തിന് അമ്മച്ചിയുണ്ടാക്കുന്ന ഉള്ളിത്തീയലും പാലടയും കഴിക്കാമെന്നതാണ് ഏറ്റവും വലിയ സന്തോഷം. പൈനാപ്പിൾ മധുരക്കറി എനിക്ക് വലിയ ഇഷ്ടമാണ്. കൂട്ടുകാരിയുടെ അമ്മയോട് ചോദിച്ച് റെസിപ്പി വാങ്ങി കഴിഞ്ഞ വർഷം അതുണ്ടാക്കി. അമ്മച്ചിക്കാണ് അത് കൂടുതൽ ഇഷ്ടപ്പെട്ടത്. പിന്നെയല്ലേ ഗുട്ടൻസ് മനസിലായത്. കറിയിൽ നന്നായി പഞ്ചസാര ചേർത്തിട്ടുണ്ടായിരുന്നു. ഷുഗറും പ്രഷറുമുള്ള അമ്മച്ചി ആ മധുരത്തിലാണ് വീണുപോയത്. 

തിരുവോണത്തിന്റെയന്ന് അമ്മച്ചിയേം കൊണ്ട് ആശുപത്രിയിൽ പോകേണ്ടി വന്നാലോ എന്നുപേടിച്ച് വൈകിട്ട് ടെൻഷനായിരുന്നു. ഈ വർഷവും നിന്റെ കറി വയ്ക്കുന്നുണ്ടോ മോളേ എന്ന് അമ്മച്ചി ചോദിച്ചു തുടങ്ങിയിട്ടുണ്ട്...’’

തിരുവോണത്തിന് എന്തായാലും സീരിയലിന്റെ ഷൂട്ട് കാണില്ല. പക്ഷേ, അതിനു മുമ്പോ പിമ്പോ ലൊക്കേഷനിൽ ഒരു ദിവസം സദ്യ ഉണ്ടാകും. അന്ന് പതിവായി കിട്ടുന്ന മീൻ വറുത്തത് കിട്ടാറില്ല എന്നുപറഞ്ഞ് സൗപർണികയെ നികിത കളിയാക്കുന്നു. 

ഓണക്കഥകൾ ചിരിയിൽ മുങ്ങിയപ്പോൾ എപ്പിസോഡിന്റെ എൻഡ് പഞ്ച് മുഴങ്ങി. 

‘‘ഈ വർഷവും ലയ മധുരക്കറി വയ്ക്കുമോ...

 വച്ചാൽ അമ്മച്ചി കഴിക്കുമോ... 

അമ്മച്ചിയുടെ ഷുഗർ കൂടുമോ...’’

ഫോട്ടോ: ശ്യാം ബാബു

കൂടുതൽ ഓണവിശേഷങ്ങൾ വായിക്കാം 

Your Rating: