കാളിദേവിക്ക് അൽപവസ്ത്രമാകാം; രാധേ മായ്ക്ക് പാടില്ലേ: സോനു നിഗം

വിവാദ സ്വയംപ്രഖ്യാപിത ആൾദൈവം രാധേ മായെ പിന്തുണച്ച പ്രമുഖരുടെ പട്ടികയിലേക്ക് പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ സോനു നിഗവും. രാധേ മായ്ക്കെതിരെയുള്ള കേസ് വെളിവാക്കുന്നത് രാജ്യത്തു നിലനിൽക്കുന്ന ലിംഗ വിവേചനത്തെയാണെന്നാണ് സോനു നിഗം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. രാധേ മായെക്കാൾ അൽപവസ്ത്രം ധരിച്ച് കാളി ദേവിയെ ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീകൾ അൽപവസ്ത്രം ധരിക്കുമ്പോഴാണ് പ്രശ്നം. പുരുഷ സന്യാസിമാർക്ക് നഗ്നരായി നടക്കുകയും നൃത്തം ചെയ്യുകയും ചെയ്യാം. ലിംഗ അസമത്വത്തിന്റെ തെളിവാണിത്. കേസെടുക്കുകയാണെങ്കിൽ അത് ഇത്തരത്തിൽ ആൾദൈവങ്ങളെ സൃഷ്ടിക്കുന്ന അനുയായികൾക്കെതിരെയോ സ്വന്തം പേരിലോ എടുക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിയമങ്ങൾ എന്ന അവസ്ഥ ഉചിതമല്ല എന്നിങ്ങനെ പോകുന്നു സോനുവിന്റെ ട്വീറ്റുകൾ.

ആത്മീയ ചുറ്റുപാടിൽ അൽപവസ്ത്രധാരിയായതിനും വൾഗർ നൃത്തം ചെയ്തതിനുമാണ് രാധേ മായ്ക്കെതിരെ മുംബൈ പോലീസ് കേസ് ചുമത്തിയിരിക്കുന്നത്. നൃത്തരംഗത്തില്‍ ഭക്തരെന്നു പറയുന്നവരെ രാധേ മാ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നുവെന്നു കാണിച്ച് നിയമജ്ഞയായ ഫാൽഗുനി ബ്രാഹ്മഭട്ട് ആണ് രാധേ മായ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. എന്നാൽ തന്റെ ഭക്തരുടെ ആവശ്യപ്രകാരമാണ് മിനി സ്കർട്ട് ധരിച്ചത്, ഭക്തരുടെ സന്തോഷമാണ് തന്റെയും സന്തോഷം എന്നായിരുന്നു രാധേ മായുടെ പ്രതികരണം