മെലാനിയ ട്രംപിനായി വസ്ത്രമൊരുക്കാൻ വിസമ്മതിച്ച് മിഷേൽ ഒബാമയുടെ ഡിസൈനർ

സോഫി തിയലെറ്റ് ഡിസൈൻ ചെയ്ത പല വസ്ത്രങ്ങളും മിഷേൽ ഒബാമയെ ലോകപര്യടനത്തിനിടെ താരമാക്കിയിരുന്നു.

യുഎസിലെ പുതിയ പ്രഥമ വനിത മെലാനിയ ട്രംപിനു വേണ്ടി വസ്ത്രം ഒരുക്കാൻ പറഞ്ഞപ്പോൾ ഫ്രഞ്ച് ഫാഷൻ ഡിസൈനറുടെ മറുപടി ഇങ്ങനെ– പോയി പണി നോക്ക്. ചുമ്മാ പറഞ്ഞതു കൂടാതെ ഇൻസ്റ്റഗ്രാമിൽ തുറന്ന കത്തെഴുതിയിരിക്കുകയാണ് ഈ 52 വയസുകാരി ഡിസൈനർ. നിലവിലുള്ള പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭാര്യ മിഷേലിനു വേണ്ടി പലവട്ടം വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ള സോഫി തിയലെറ്റ് ആണ് മെലാനിയ ട്രംപിനു വേണ്ടി വസ്ത്രം ഒരുക്കാൻ പറ്റില്ലെന്ന് അറിയിച്ചത്. കാരണം മറ്റൊന്നുമല്ല. ഡോണൾഡ് ട്രംപിന്റെ വംശീയവാദം സ്ത്രീവിരുദ്ധ നിലപാടുകൾ ഉൾപ്പെടെയുള്ള  കാര്യങ്ങളുമായി യോജിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ട്രംപിന്റെ ഭാര്യയ്ക്കു വേണ്ടി ഡ്രസ് ഡിസൈൻ ചെയ്യുന്ന പ്രശ്നമില്ല. 

സോഫി തിയലെറ്റ് ഡിസൈൻ ചെയ്ത പല വസ്ത്രങ്ങളും മിഷേൽ ഒബാമയെ ലോകപര്യടനത്തിനിടെ താരമാക്കിയിരുന്നു. ന്യുയോർക്ക് ഫാഷൻ വീക്കിലും തിയലെറ്റ് സ്ഥിരം താരമാണ്. ഞാൻ ചെയ്യുന്നത് അബദ്ധമാണെന്നറിയാം. ഈ തീരുമാനം എന്റെ കരിയറിനെ ബാധിക്കുമെന്നും അറിയാം. പക്ഷേ സ്ത്രീവിരുദ്ധത മാത്രം കൈമുതലായുള്ള ഒരാളുടെ ഭാര്യയ്ക്കു വേണ്ടി വസ്ത്രം ഡിസൈൻ ചെയ്യാൻ എന്നെ കിട്ടില്ല. പണം മാത്രമല്ല ജീവിതം. സ്വന്തമായി ഷോപ് നടത്തിയാണ് ഞാൻ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളുമുണ്ട്. മറ്റുള്ളവരുടെ താൽപര്യത്തിന് വഴങ്ങിക്കൊടുക്കേണ്ട ആവശ്യമില്ല.... ഇങ്ങനെ പോകുന്നു തിയലെറ്റിന്റെ വാദങ്ങൾ. ഡ്രംപിന്റെ ഭാര്യയ്ക്ക് ആരും വസ്ത്രം ഒരുക്കരുതെന്ന് മറ്റു ഡിസൈനർമാരോടും  ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്. 

തിയലെറ്റിന്റെ തീരുമാനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്കു വഴിയൊരുക്കി. പറഞ്ഞതു തോന്ന്യാസം എന്നാണു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്തൊക്കെ പറഞ്ഞാലും ട്രംപും മെലാനിയും അല്ലേ ഇനി ലോകം ഭരിക്കാൻ പോകുന്നത്. ഇനി മിഷേൽ ഒബാമയെ വാഴ്ത്തിയിട്ട് എന്തു ഗുണം എന്നൊക്കെയാണു കമന്റുകൾ. പക്ഷേ തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നു തിയലെറ്റും...