അതുൽകുമാറിന് ചുട്ടമറുപടിയുമായി സണ്ണി ലിയോൺ

തന്നെ വിമർശിച്ചവര്‍ക്കു ചുട്ടമറുപടിയുമായി ബോളിവുഡ് താരവും മുൻനീലചിത്ര നായികയുമായ സണ്ണി ലിയോണ്‍ രംഗത്ത്. സണ്ണി ലിയോണ്‍ അഭിനയിക്കുന്ന പരസ്യങ്ങളാണ് രാജ്യത്ത് മാനഭംഗങ്ങൾ വർധിപ്പിക്കുന്നതെന്ന രാഷ്ട്രീയക്കാരുടെ വിമർശനങ്ങൾക്കാണ് സണ്ണി കുറിക്കുകൊള്ളുന്ന മറുപടി നൽകിയത്. അധികാരത്തിലിരിക്കുന്നവർ ആവശ്യമുള്ളവർക്ക് സഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ സമയവും ഉൗർജവും എനിക്കുമേൽ പാഴാക്കുന്നതിൽ വിഷമം തോന്നുന്നുവെന്നാണ് സണ്ണി പ്രതികരിച്ചത്. ഷെയിം, എപിക്ഫെയ്ൽ എന്ന ഹാഷ്ടാഗുകളോടെ ട്വിറ്ററിൽ കുറിച്ച സണ്ണിയുടെ പ്രതികരണം വൈറലായിട്ടുണ്ട്.

സണ്ണി ലിയോൺ അഭിനയിക്കുന്ന അത്യധികം സദാചാരവിരുദ്ധമായ ഗർഭനിരോധന ഉറയുടെ പരസ്യം പിൻവലിക്കണമെന്നാണ് ഡൽഹി വുമൺ കമ്മീഷൻ മുൻ ചെയർപേഴ്സൺ ബർഖാ സിംഗ് പറഞ്ഞത്. അതേസമയം ലിയോൺ അഭിനയിച്ച ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ രാജ്യത്ത് പീഡനങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് സിപിഐ നേതാവ് അതുൽ കുമാർ അൻജാനും പറഞ്ഞു.

ഇവിടെ സണ്ണി ലിയോൺ എന്നു പേരുള്ള ഒരു സ്ത്രീയുണ്ട്. അവർ ഒരുപാട് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവർ അഭിനയിച്ച ഒരു പരസ്യമുണ്ട്. അതൊരു ഗർഭനിരോധന ഉറയുടെ പരസ്യമാണ്. ഇതു ടെലിവിഷനിലും പത്രങ്ങളിലും പരസ്യം ചെയ്യുന്നുമുണ്ട്. ഇതു മാനഭംഗക്കേസുകൾ വർധിപ്പിക്കും - ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ പൊതുജന റാലിയിൽ സംസാരിക്കവെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ബോളിവുഡിലേക്കു ചുവടുവച്ച മുപ്പത്തിനാലുകാരിയായ സണ്ണി ലിയോൺ മുൻനീലചിത്ര നായികയായിരുന്നു. 2012ൽ ജിസം2വിലൂടെയായിരുന്നു സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. 2014 ഡിസംബറിലാണ് സണ്ണി അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം പുറത്തിറങ്ങുന്നത്. ഏക് പഹേലി ലീലാ, കുച്ച് കുച്ച് ലോച്ചാ ഹേ എന്നിവയാണ് സണ്ണി ഇൗ വര്‍ഷം അഭിനയിച്ച ചിത്രങ്ങൾ.